മക്കള്‍ വാഴുന്ന മലയാള സിനിമ; വാണവരും വീണവരും
Mail This Article
എത്ര കാലമായി മലയാളി കാത്തിരിക്കുന്നു ദാസനെയും വിജയനെയും ഒന്നിച്ചു സ്‌ക്രീനില്‍ കാണാന്‍. ശ്രീനിവാസനും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഒരു സിനിമ ഉടന്‍ സംഭവിക്കുമെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. എന്നാല്‍ പല കാരണങ്ങളാല്‍ ഒന്നും യാഥാർഥ്യമായില്ല. ഇടയ്ക്ക് ആലോചനകള്‍ മുറുകി വന്ന ഘട്ടത്തില്‍ ശ്രീനിവാസന്‍ ആരോഗ്യപ്രശ്‌നങ്ങളില്‍ പെട്ട് വിശ്രമത്തിലുമായി. ഇതിനിടയില്‍ നവതരംഗം സിനിമയെ മൊത്തത്തില്‍ പിടിച്ചു കുലുക്കുമ്പോഴും രോമാഞ്ചവും മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും അടക്കം തകര്‍ത്താടുമ്പോഴും പല തലമുറകള്‍ ഒന്നിച്ച് മോഹിച്ച കോംബോയായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍.
ശ്രീനിവാസന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’’ എന്ന തലത്തിലേക്ക് ആ പദ്ധതി വഴുതിമാറിയപ്പോള്‍ നിരാശരായവര്‍ ഇപ്പോള്‍ ആഹ്ലാദത്തിലാണ്. നമ്മള്‍ ഏറെ ഇഷ്ടപ്പെട്ട ആ പഴയ മോഹന്‍ലാലും ശ്രീനിവാസനും പ്രണവിന്റെയും ധ്യാനിന്റെയും വീനിതിന്റെയും രൂപത്തില്‍ സ്‌ക്രീനില്‍ നിറഞ്ഞാടുന്നു. കൂട്ടിന് കല്യാണിയും നിവിന്‍പോളിയും. പോരേ പൂരം? വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഗൃഹാതുരത്വത്തിന്റെ സ്‌നിഗ്ധതയ്‌ക്കൊപ്പം പുതിയകാല വര്‍ണങ്ങളും സമർഥമായി ബ്ലെന്‍ഡ് ചെയ്ത സിനിമയാണ്.
മലയാള സിനിമയിലെ ഇതിഹാസങ്ങളുടെ മക്കള്‍ തകര്‍ത്താടുന്ന സിനിമയില്‍ പക്ഷേ ആരും പ്രതീക്ഷിക്കാത്ത ഒരാളും കൂടി മിന്നി. പല കാരണങ്ങളാല്‍ ഇടയ്ക്ക് താരത്തിളക്കം തെല്ലൊന്ന് കുറഞ്ഞു പോയ നിവിൻ പോളിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ. കരിയറില്‍ പ്രണവ് മോഹന്‍ലാലിന്റെ തുടക്കം തന്നെ ഉഷാറായിരുന്നു. ജീത്തു ജോസഫ് ഒരുക്കിയ ആദി കമേഴ്‌സ്യല്‍ ഹിറ്റായെങ്കിലും തൊട്ടുപിന്നാലെ വന്ന ഇരുപത്തൊന്നാം നൂറ്റാണ്ട് കാര്യമായ ചലനം സൃഷ്ടിച്ചില്ല. എന്നാല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് അഭിനയിച്ച ‘ഹൃദയം’ മെഗാഹിറ്റായി.
പ്രണവിന്റെ ആദ്യകാല സിനിമകളിലൊന്നും കാണാത്ത സവിശേഷതകളാല്‍ സമ്പന്നമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. തന്റെ അഭിനയശൈലിക്ക് കോട്ടം തട്ടാതെ തന്നെ പ്രണവിന്റെ രൂപഭാവങ്ങളും നോട്ടവും നടത്തവും ചലനങ്ങളും സംഭാഷണരീതിയുമെല്ലാം ആ പഴയ മോഹന്‍ലാലിനെ ഓർമിപ്പിക്കുന്നു. ഈ സിനിമയുടെ പല ആകര്‍ഷണഘടകങ്ങളില്‍ ഏറ്റവും സവിശേഷമായി തോന്നിയത് ഈ ലാല്‍ ടച്ചാണ്.
പ്രണവും ധ്യാനും ഒരുമിച്ചുളള രംഗങ്ങളില്‍ നാം അറിഞ്ഞോ അറിയാതെയോ മോഹന്‍ലാലിനെയും ശ്രീനിവാസനെയും കണ്ടു പോകുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് വിനീത് ശ്രീനിവാസന് പറയാനുളളത്. ഗായകന്‍, നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്.. ഈ നിലകളിലെല്ലാം വിനീത് വിജയത്തിളക്കം സൃഷ്ടിച്ചു. ആദ്യചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ തുടങ്ങിയ വിജയയാത്ര ഈ സിനിമയിലും ആവര്‍ത്തിക്കുന്നു. വിനീതുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും നായകനടന്‍ എന്ന നിലയില്‍ ധ്യാന്‍ ശ്രീനിവാസനു മലയാള സിനിമയില്‍ തന്റേതായ ഒരു സ്‌പേസുണ്ട്. വിജയപരാജയങ്ങള്‍ ഇടകലര്‍ന്ന കരിയറില്‍ ‘ഉടല്‍’ പോലെ ചില ഹിറ്റുകള്‍ സമ്മാനിക്കാനും ധ്യാനിന് കഴിഞ്ഞു. നടന്‍ എന്നതിനപ്പുറം ഇന്നു സൈബര്‍ ഇടങ്ങളിലെ ഏറ്റവും വലിയ സാന്നിധ്യം കൂടിയാണ് ധ്യാന്‍. അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ യൂട്യൂബിലും മറ്റും ലക്ഷക്കണക്കിന് ആളുകളാണ് മണിക്കൂറുകള്‍ക്കുളളില്‍ കാണുന്നത്.
താരപുത്രന്‍മാര്‍ മാത്രം വിജയക്കൊടി പാറിച്ച ഒരിടത്ത് വേറിട്ട കയ്യൊപ്പ് പതിച്ചിരിക്കുന്നു സ്റ്റാര്‍ ഡയറക്ടറായ പ്രിയദര്‍ശന്റെയും പഴയകാല നായിക ലിസിയുടെയും പുത്രി കല്യാണി. ‘വരനെ ആവശ്യമുണ്ട്’ പോലുളള സിനിമകളില്‍ ലൈറ്റ് വെയ്റ്റ് ക്യാരക്‌ടേഴ്‌സിനെ അവതരിപ്പിച്ച കല്യാണി ജോഷിയുടെ ‘ആന്റണി’യില്‍ എത്തിയപ്പോള്‍ വളരെ ഹെവിയായ ബോള്‍ഡ് ക്യാരക്‌ടേഴ്‌സിലേക്ക് കൂടുമാറി. ഇന്നു മലയാളത്തിലെ അതിശക്തമായ നായിക സാന്നിധ്യമാണ് കല്യാണി. ‘ശേഷം മൈക്കിൽ ഫാത്തിമ’ പോലുളള ഫീമെയ്ല്‍ സെന്‍ട്രിക് സിനിമകളില്‍ കരുത്തുറ്റ അഭിനയമികവ് കാഴ്ച വച്ചെങ്കിലും സിനിമ ബോക്‌സ് ഓഫിസില്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ പോയി. നായകന്‍മാര്‍ തിമിര്‍ത്താടുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ കല്യാണിയുടെ കൂടി ചിത്രമാണ്.
റെക്കോര്‍ഡ് ഹിറ്റുമായി സൗബിന്‍
സമീപകാല സിനിമാ ചരിത്രം പരിശോധിച്ചാല്‍ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു വസ്തുതയുണ്ട്. സിനിമ ഇന്ന് അക്ഷരാർഥത്തില്‍ ഭരിക്കുന്നത് താരപുത്രന്‍മാരാണ്. താരങ്ങള്‍ എന്ന് പറയുമ്പോള്‍ അഭിനേതാക്കള്‍ മാത്രമല്ല, സംവിധായകരുടെയും നിര്‍മാതാക്കളുടെയും മക്കള്‍ പോലും ഈ വിജയപഥത്തില്‍ ഒപ്പമുണ്ട്. ഫാസില്‍ സിനിമകളുടെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളറായിരുന്ന ബാബു ഷാഹിര്‍ പിന്നീട് നിര്‍മാതാവ് എന്ന നിലയിലും പ്രശസ്തനായി. അദ്ദേഹത്തിന്റെ മകന്‍ സൗബിന്‍ ഷാഹിര്‍ അക്ഷരാർഥത്തില്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹം നിർമിച്ച് അഭിനയിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായി. തമിഴ്‌നാട്ടില്‍ തമിഴ് സിനിമകളെ മറികടക്കുന്ന കലക്‌ഷന്‍ റിപ്പോര്‍ട്ടുമായാണ് മഞ്ഞുമ്മലിന്റെ ജൈത്രയാത്ര.
സലിം കുമാറിന്റെ മകന്‍ ചന്തുവിന്റെയും സാന്നിധ്യമുണ്ട് മഞ്ഞുമ്മലില്‍. അവിടം കൊണ്ടും അവസാനിക്കുന്നില്ല മക്കള്‍ മാഹാത്മ്യം. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ലാല്‍ ജൂനിയറിന്റെ വ്യത്യസ്തമായ അഭിനയ പ്രകടനം കാണിച്ചു തന്ന ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തൊട്ടുമുന്‍പ് സൗബിന്‍ നിർമിച്ച അഭിനയിച്ച രോമാഞ്ചവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച ചിത്രമാണ്. രോമാഞ്ചത്തില്‍ സൗബിന് പുറമെ മറ്റൊരു താരപുത്രനായ അര്‍ജുന്‍ അശോകനും ഉണ്ടായിരുന്നു.
അര്‍ജുന്‍ അശോകന്‍ തീപ്പൊരി ബെന്നി, പ്രണയവിലാസം അടക്കം നിരവധി മികച്ച സിനിമകളിലൂടെ നായകനിരയില്‍ ശ്രദ്ധേയനായിക്കഴിഞ്ഞു. ഹരിശ്രീ അശോകന്റെ മകന്‍ എന്നതിനപ്പുറം തനതായ ഒരു അഭിനയശൈലിക്ക് ഉടമയാണ് അര്‍ജുന്‍. അച്ഛന്‍ ഹാസ്യവേഷങ്ങളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ മകന്‍ കരിയറിന്റെ തുടക്കത്തില്‍ത്തന്നെ നായകനിരയില്‍ ശ്രദ്ധേയനായി. മമ്മൂട്ടി നായകവേഷത്തിലെത്തിയ ഭ്രമയുഗത്തില്‍ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തെ വാഴ്ത്തുമ്പോഴും സമാനമായ തലത്തില്‍ കസറിയ രണ്ട് താരപുത്രന്‍മാര്‍ കൂടിയുണ്ടായിരുന്നു. കെപിഎസി ലളിതയുടെ മകന്‍ സിദ്ധാർഥും അര്‍ജുന്‍ അശോകനും. ആ സിനിമയും പ്രേക്ഷകര്‍ ഏറ്റെടുത്തു.
ആടുജീവിതത്തില്‍ ആറാടിയ പൃഥ്വി
ഇതെല്ലാം സംഭവിക്കുന്നതിനിടയില്‍ ഇതാ വരുന്നു പൃഥ്വിരാജിന്റെ ‘ആടുജീവിതം’. സുകുമാരന്റെ മകന്‍ എന്നത് മാത്രമായിരുന്നു സിനിമയില്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ മേല്‍വിലാസം. ആ ഏക പരിഗണനയിലാണ് രഞ്ജിത്ത് നന്ദനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാല്‍ കുറഞ്ഞ കാലം കൊണ്ടു തന്നെ അച്ഛനെ വെല്ലുന്ന മകനായി പൃഥ്വിരാജ്. നടന്‍ എന്ന നിലയില്‍ വന്‍വിപണിമൂല്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ നിർമാണത്തിലും വിതരണത്തിലുമെല്ലാം വെന്നിക്കൊടി പാറിച്ച പൃഥ്വി സംവിധായകന്‍ എന്ന നിലയില്‍ ആദ്യചിത്രം കൊണ്ട് തന്നെ മുന്‍നിര ഫിലിം മേക്കേഴ്‌സിന്റെ പട്ടികയില്‍ ഇടം നേടി. ഇപ്പോള്‍ മൂന്നാമത് സംവിധാന സംരംഭത്തിന്റെ തിരക്കില്‍ നില്‍ക്കുന്ന പൃഥ്വി മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് സിനിമയായ എമ്പുരാന്റെ സ്രഷ്ടാവ് എന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടം നേടും.
എമ്പുരാനില്‍ പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത് സുകുമാരനും ശ്രദ്ധേയ വേഷത്തിലെത്തുന്നു. ഇതിനിടയിലാണ് പൃഥ്വിയുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനഫലമായ ആടുജീവിതം ബോക്‌സ് ഓഫിസ് വിജയത്തിന് പുറമെ രാജ്യാന്തര നിലവാരമുളള ചിത്രം എന്ന ഖ്യാതിയും നേടുന്നത്. നടന്‍ എന്ന നിലയില്‍ പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റാണ് ആടുജീവിതമെന്നും വിലയിരുത്തപ്പെടുന്നു.
ഡിക്യു, ഫഹദ് ഇംപാക്ട്
താരപുത്രന്‍മാരുടെ തേരോട്ടത്തില്‍ മുന്‍പേ നടക്കുന്ന രണ്ട് പേര്‍ കൂടിയുണ്ട്. മലയാളത്തിന്റെ അതിരുകള്‍ വിട്ട് പാന്‍ ഇന്ത്യന്‍ താരങ്ങളായി വാഴുന്ന ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും. മമ്മൂട്ടി-മോഹന്‍ലാല്‍ ദ്വയം കഴിഞ്ഞാല്‍ ഏറ്റവും വലിയ ക്രൗഡ്പുളളറും ഇനിഷ്യന്‍ കലക്‌ഷന്‍ ലഭിക്കുന്ന താരവുമായിരുന്നു ഡിക്യു.
കുറുപ്പ് പോലെ ഒരു പാന്‍ ഇന്ത്യന്‍ ഹിറ്റ് ഡിക്യുവിന്റെ താരമൂല്യം കുത്തനെ വര്‍ധിപ്പിച്ചു. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തു വന്ന കിങ് ഓഫ് കൊത്ത ഇനിഷ്യൽ േനടിയെങ്കിലും വലിയ ചലനം സൃഷ്ടിച്ചില്ല. ഇതരഭാഷകളില്‍ മുന്നേറുന്ന നടൻ മലയാളത്തില്‍ വമ്പന്‍ തിരിച്ചു വരവിനുളള ഒരുക്കങ്ങളിലാണ്.
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ത്തന്നെ ദുല്‍ഖറും പ്രണവും താരപ്രഭാവം നിലനിര്‍ത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഫഹദിനെ സംബന്ധിച്ച് ഹിറ്റുകള്‍ മാത്രമല്ല മാനദണ്ഡം. മഹേഷിന്റെ പ്രതികാരം, ദൃക്‌സാക്ഷിയും തൊണ്ടിമുതലും, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകള്‍ ബോക്‌സ് ഓഫിസ് വിജയങ്ങളായി എന്നതിനപ്പുറം ഫഹദിലെ വലിയ നടനെ കാണിച്ചു തന്ന സിനിമകള്‍ കൂടിയായിരുന്നു. ആദ്യചിത്രമായ കയ്യെത്തും ദൂരത്തില്‍ അഭിനയം അറിയാത്ത നടന്‍ എന്ന് നിരൂപകര്‍ വിധിയെഴുതിയ ഫഹദിനെ കമല്‍ഹാസനും മോഹന്‍ലാലും അടക്കമുളളവര്‍ വിലയിരുത്തുന്നത് പുതുതലമുറയിലെ മാത്രമല്ല എല്ലാക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാള്‍ എന്ന നിലയിലാണ്. ഫഹദിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആവേശം’ തിയറ്ററുകളില്‍ ആവേശത്തിരയിളക്കി മുന്നേറുകയാണ്.
വലിയ താരസാന്നിധ്യങ്ങള്‍ക്കിടയിലും തന്റേതായ ഇടം ഉറപ്പിച്ച താരപുത്രനാണ് ഷെയ്ന്‍ നിഗം. പിതാവായ അബിക്ക് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അര്‍ഹിക്കുന്ന ഉയരങ്ങളിലെത്താന്‍ കഴിഞ്ഞില്ല. ഒപ്പം വന്നവരും പിന്നാലെ വന്നവരും വലിയ സ്റ്റാര്‍ഡം നേടിയെടുത്തപ്പോള്‍ നിസ്സഹായനായി നിന്ന അബിക്ക് കാലത്തിന്റെ കാവ്യനീതിയാണ് മകന്‍ ഷെയ്ന്‍ നിഗം. മികച്ച അഭിനേതാവ് എന്നതിനൊപ്പം തുടര്‍ച്ചയായി ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ നല്‍കി ഷെയ്ന്‍ താരപദവി ഉറപ്പിച്ചു.
കിസ്മത്തില്‍ തുടങ്ങി ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ്, ആര്‍ഡിഎക്‌സ് എന്നിങ്ങനെ നിരവധി പണംവാരിപ്പടങ്ങള്‍ ഷെയ്‌ന്റെ ക്രെഡിറ്റിലുണ്ട്. ഇപ്പോള്‍ പ്രശാന്ത് വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ഹാല്‍ എന്ന മ്യൂസിക്കല്‍ ലവ് സ്‌റ്റോറിയിലുടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം എത്തുകയാണ് ഷെയ്ന്‍.
മുന്‍പറഞ്ഞ താരപുത്രന്‍മാരെ അപേക്ഷിച്ച് വിപണനമൂല്യമുളള നായകന്‍ എന്ന തലത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും അഭിനയശേഷിയുളള മികച്ച നടന്‍ തന്നെയാണ് സുരേഷ്‌ഗോപിയുടെ മകനായ ഗോകുല്‍ സുരേഷ്. മുദ്ദുഗൗ, ഇരുപതാം നൂറ്റാണ്ട് എന്നീ സിനിമകളില്‍ അദ്ദേഹം പക്വതയാര്‍ന്ന അഭിനയപാടവം കാഴ്ചവച്ചിരുന്നു. എന്നാല്‍ താരപദവി അരക്കിട്ടുറപ്പിക്കാന്‍ പര്യാപ്തമായ കഥയും കഥാപാത്രവും മികച്ച മേക്കിങ് ഉള്‍ക്കൊളളുന്ന സിനിമകളും ലഭിക്കുന്നില്ല എന്നതാണ് അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.
ദശകങ്ങളായി സേഫ് സോണില്‍ നിന്ന് കളിക്കുന്ന മറ്റൊരു താരപുത്രന്‍ കൂടിയുണ്ട്– കുഞ്ചാക്കോ ബോബന്‍. താരപുത്രന്‍ എന്ന വാക്കു കേട്ട് നെറ്റി ചുളിക്കേണ്ട. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ സ്റ്റാര്‍ പ്രൊഡ്യൂസറായിരുന്നു ഉദയാ സ്റ്റുഡിയോ ഉടമയായിരുന്ന സാക്ഷാല്‍ കുഞ്ചാക്കോ. മകന്‍ ബോബന്‍ കുഞ്ചാക്കോ നിർമാതാവ്, സംവിധായകന്‍ എന്നതിന് പുറമെ ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഉദയ എന്ന ബാനറിന് ഇവരേക്കാളൊക്കെ മുകളിലായിരുന്നു സ്ഥാനം. ഉദയയുടെ പിന്‍തുടര്‍ച്ചക്കാരനായ കുഞ്ചാക്കോ ബോബന്‍ ഇന്നും മലയാളത്തിലെ ഏറ്റവും വിപണിമൂല്യമുളള താരങ്ങളില്‍ ഒരാളാണ്. നടന്‍ എന്ന നിലയില്‍ കാര്യമായ പരിഗണന കിട്ടാതെ പോയ ചാക്കോച്ചന്റെ കരിയറില്‍ സമീപകാലത്ത് ലഭിച്ച മികച്ച വേഷങ്ങളായിരുന്നു നായാട്ട്, ന്നാ താന്‍ പോയി കേസ് കൊട് എന്നീ സിനിമകളിലേത്. ഇനിയും വേണ്ട വിധത്തില്‍ ഉപയോഗിക്കപ്പെടാത്ത നടനാണ് ചാക്കോച്ചന്‍.
മക്കള്‍ താരങ്ങള്‍: അന്നും ഇന്നും...
മുന്‍കാലങ്ങളില്‍ പ്രേംനസിറിന്റെ മകന്‍ ഷാനവാസ് (അദ്ദേഹത്തിന്റെ ആദ്യചിത്രമായ പ്രേമഗീതങ്ങള്‍ വന്‍ഹിറ്റായിരുന്നു) കെ.പി. ഉമ്മറിന്റെ മകന്‍ റഷീദ്, എം.ജി. സോമന്റെ മകന്‍ സജി, ബാലന്‍ കെ. നായരുടെ മകന്‍ മേഘനാദന്‍, ഐ.വി.ശശിയുടെ മകന്‍ അനു ശശി (കുഞ്ഞാലിമരക്കാരുടെ തിരക്കഥാകൃത്ത്) എന്നിവരൊക്കെ പല കാലങ്ങളില്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും പിതാക്കന്‍മാരുടെ യശസ്സിനൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു, ടി.ജി. രവിയുടെ മകന്‍ ശ്രീജിത്ത് രവി, സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ എന്നിവരും നല്ല നടന്‍മാരാണെന്ന് തെളിയിച്ചു. യുവത്വവും രൂപഭംഗിയും അഭിനയമികവും ഒത്തിണങ്ങിയ ഷഹീനും നായക നിരയില്‍ തിളങ്ങിയേക്കാം. രതീഷിന്റെ മക്കളായ പാര്‍വതിക്കും പത്മരാജിനും ഇനിയും അദ്ഭുതം സൃഷ്ടിക്കാം.
നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാനയും ചില സിനിമകളില്‍ നായികയായി. കല്യാണി പ്രിയദര്‍ശനാവട്ടെ അച്ഛന്റെയും അമ്മയുടെയും മേല്‍വിലാസത്തിനപ്പുറം തനത് അസ്തിത്വമുളള നടിയും താരവുമായി വളര്‍ന്നു കഴിഞ്ഞു. മലയാളത്തിന് പുറമെ വിവിധ ഭാഷകളില്‍ തിളങ്ങുകയാണ് കല്യാണി. നടന്‍ രാമുവിന്റെ മകന്‍ അതിശയന്‍ എന്ന വിനയന്‍ ചിത്രത്തിലുടെ ഒരു കൈ പയറ്റി നോക്കിയെങ്കിലും തുടര്‍പ്രഭാവം നിലനിര്‍ത്താനായില്ല. ബാലതാരം എന്ന നിലയില്‍ ദേശീയ പുരസ്‌കാരം ലഭിച്ച കാളിദാസ് ജയറാം നായകനായി വന്നപ്പോഴും മികച്ച അഭിനയശേഷി പ്രകടിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് കാളിദാസ്.
ശ്രീനിവാസന്റെ രണ്ട് മക്കളും കരിയറില്‍ തുടര്‍ വിജയങ്ങള്‍ നിലനിര്‍ത്തുന്നു. മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നതിനൊപ്പം മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.
മണിയന്‍ പിളള രാജുവിന്റെ മകന്‍ നിരഞ്ജന്‍, രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി, മുകേഷിന്റെ മകന്‍ ശ്രാവണ്‍, വിജയരാഘവന്റെ മകന്‍ ദേവദേവന്‍ എന്നിവരും സിനിമയ്ക്കൊപ്പമുണ്ട്. ഷീലയുടെ മകന്‍ വിഷ്ണു ചില സിനിമകളില്‍ നായകനായി. സിദ്ധാർഥ് ഭരതന് സംവിധായകന്‍ എന്ന നിലയിലാണ് രാശി തെളിഞ്ഞത്. ഭ്രമയുഗത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച സിദ്ധാർഥിന് നടന്‍ എന്ന നിലയില്‍ കൂടുതല്‍ അവസരങ്ങള്‍ തേടി വന്നേക്കാം.
രാഘവന്റെ മകന്‍ ജിഷ്ണു അകാലത്തില്‍ അന്തരിച്ചു. ആലുമ്മുടന്റെ മകന്‍ ബോബന് നിറം എന്ന സിനിമ നല്‍കിയ മികച്ച തുടക്കം നിലനിര്‍ത്താനായില്ല. തിലകന്റെ മകന്‍ ഷമ്മി തിലകന്‍ പിതാവിനോളം വളര്‍ന്നില്ലെങ്കിലും തനത് ശൈലിയിലുടെ ശ്രദ്ധേയനായി. മഹാനടന്‍ ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി നടന്‍ എന്നതിനൊപ്പം തിരക്കഥാകൃത്ത് എന്ന നിലയിലും ചര്‍ച്ച ചെയ്യപ്പെട്ടു.
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ സായികുമാര്‍ പിതാവിനോട് കിടപിടിക്കുന്ന അഭിനയപാടവം കൈമുതലായ നടനാണെങ്കിലും നായകവേഷങ്ങളില്‍ നിന്ന് വില്ലന്‍ വേഷങ്ങളിലേക്ക് പടിയിറങ്ങാനായിരുന്നു നിയോഗം. സത്താര്‍-ജയഭാരതി പുതനായ ക്രിഷ് ജെ സത്താറും പേരിന് മാത്രം വന്നു പോയി. സിനിമയില്‍ പ്രതിഭയ്ക്കപ്പുറം ഭാഗ്യത്തിന്റെ അംശം കൂടി ചേര്‍ന്നാണ് വിജയം നിര്‍ണയിക്കുന്നത് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.