‘ആടുജീവിതം’ ഒരു ലോക ക്ലാസിക്
Mail This Article
‘നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’’ ഇതാണ് കഥാകൃത്ത് നോവലിന്റെ തുടക്കത്തിൽ തന്നെ പറയുന്നത്. ഇതൊരനുഭവമാണ്. വെറും കെട്ടുകഥയല്ലെന്ന് കഥ വായിച്ചവർക്കും സിനിമ കാണുന്നവർക്കും ഇപ്പോൾ മനസ്സിലായിത്തുടങ്ങി. അതു തന്നെയാണ് ആടുജീവിതം എന്ന സിനിമയുടെ വിജയവും. പണ്ട് വളരെ പണ്ട്, ഹോളിവുഡ് ചിത്രങ്ങളായ ലോറൻസ് ഓഫ് അറേബ്യയും, ഉമർ ഷരീഫ് അഭിനയിച്ച മക്കാന്നാസ് ഗോൾഡുമൊക്കെ വലിയ തിയറ്ററുകളിലിരുന്നു കാണുമ്പോൾ, ഞാനോർക്കാറുണ്ടായിരുന്നു. എന്നെങ്കിലും നമ്മുടെ മലയാളത്തിൽ ഇങ്ങനെയൊക്കെ ഒരു സിനിമയുണ്ടാകുമോ എന്ന്. അതന്നല്ലേ, പൈലോ കൊയ്‌ലോ പറഞ്ഞതു പോലെ– നിങ്ങൾ എന്തെങ്കിലും കഠിനമായി ആഗ്രഹിക്കുമ്പോൾ, അതു നേടാൻ നിങ്ങളെ സഹായിക്കുന്നതിൽ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തുന്നു – എന്നത് സത്യമാണെന്നുള്ളതിന്റെ തെളിവാണ് ‘ആടുജീവിതം’ എന്ന സിനിമ.
ബ്ലെസ്സിയും കൽക്കട്ടാ ന്യൂസും
രണ്ടായിരത്തിന്റെ പകുതികളിൽ ഞാൻ നിർമിച്ച മലയാളത്തിലെ തന്നെ ഏറ്റവും ചെലവു കൂടിയ ചിത്രമായ ‘കൽക്കട്ട ന്യൂസ്’ സംവിധാനം ചെയ്ത, സംവിധായകൻ, തിരക്കഥാകൃത്ത് എന്ന നിലയിൽ എനിക്ക് ബ്ലെസിയെ നല്ലതുപോലെ അറിയാം. കൽക്കട്ടായിൽ വച്ച്, വെള്ളപ്പൊക്കം, സമരം തുടങ്ങിയ ഒരുപാടു പ്രതികൂല സാഹചര്യങ്ങളിലൂടെ ഞങ്ങൾ കടന്നുപോയിട്ടുണ്ട്. അന്നൊന്നും തളരാത്ത ബ്ലെസ്സി ആടുജീവിതം പോലൊരു വലിയ ചിത്രം വിജയകരമായി പൂർത്തിയാക്കിയതിൽ ഒരത്ഭുതവുമില്ല. എനിക്ക് മമ്മൂട്ടിയുടെ കൂടെ പളുങ്ക് എന്ന സിനിമയിൽ ഒരു കവിയുടെ വേഷം തന്നത് ബ്ലെസി ആയിരുന്നു. രാജീവ് അഞ്ചൽ എന്നെ നായകനാക്കി ചെയ്ത ബിയോണ്ട് ദി സോൾ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സഹസംവിധായകനുമായിരുന്നു അദ്ദേഹം. അന്ന് സിങ്ക് സൗണ്ട് ഉപയോഗിച്ച ആ സിനിമയിലെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയായിരുന്നു എന്നതും ഒരു യാദൃച്ഛികതയാകാം. ഓരോ സിനിമയും അദ്ദേഹത്തിന് ഒരു വലിയ സ്വപ്നമാണ്. സ്വപ്നസാക്ഷാത്കാരമാണ്. അതിനുവേണ്ടി ഏതറ്റം വരെയും അദ്ദേഹം സഞ്ചരിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ എനിക്കറിയാം ആടുജീവിതം ഒരു ലോകക്ലാസ്സിക് ആയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
മലയാളത്തിൽ നിർമിച്ച രാമു കാര്യാട്ടിന്റെ ചെമ്മീൻ എന്ന കളർ ചിത്രത്തിനായിരുന്നു തെക്കേ ഇന്ത്യയിലെ ആദ്യത്തെ സ്വർണമെഡൽ. പിന്നങ്ങോട്ട് മലയാള സിനിമയുെട സുവർണ കാലഘട്ടമായിരുന്നു. പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ പ്രതിഭാശാലികളായ ഒരു പറ്റം ചെറുപ്പക്കാർ അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, കെ.ജി. ജോർജ്, ഷാജി. എൻ. കരുൺ, രാമചന്ദർ ബാബു എന്നിവരും, പ്രഗത്ഭരായ അരവിന്ദൻ, എം. ടി, ഭരതൻ, പത്മരാജൻ, ടി.വി. ചന്ദ്രൻ, രാജീവ് അഞ്ചൽ, ഡോക്ടർ ബിജു തുടങ്ങിയവരും തങ്ങളുടെ സൃഷ്ടികളിലൂടെ മലയാള സിനിമയെ ദേശീയ– രാജ്യാന്തര നിലവാരത്തിലെത്തിച്ചു. അടൂരിന്റെ എലിപ്പത്തായവും, ഷാജി എൻ. കരുണിന്റെ പിറവിയും, മുരളി നായരുടെ അരിമ്പാറയും ലോകപ്രശസ്തമായ കാൻ ഫെസ്റ്റിവലിൽ വരെ തിരഞ്ഞെടുക്കപ്പെട്ടു. അടൂരിന്റെ സ്വയംവരത്തിലൂടെ വയലാറിനും, ശാരദയ്ക്കും ഛായാഗ്രാഹകൻ മങ്കട രവിവർമയും ഒരേ വർഷം ദേശീയ അവാർഡുകൾ.
യേശുദാസിനും വയലാറിനും അതേ വർഷം തന്നെ ദേശീയ അവാർഡുകൾ കിട്ടിയിരുന്നു. എഴുപതുകളിൽ തന്നെ യേശുദാസ് ‘ചിത്ചോർ’ എന്ന ഹിന്ദി സിനിമയിലൂടെയും ദേശീയ അവാർഡും നേടിയിരുന്നു. ആ കാലങ്ങളിൽ പല പ്രമുഖ താരങ്ങളും, സലീൻ ചൗധരിയും മന്നാഡേയും ലതാമങ്കേഷ്കറുമൊക്കെ മലയാള സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ മലയാളത്തിന്റെ യശസ്സ് വാനോളം ഉയർന്നെങ്കിലും പിന്നീടങ്ങോട്ട് വഴിവിട്ടു സഞ്ചരിച്ച തമിഴ്, ഹിന്ദി ചിത്രങ്ങളുടെ സ്വാധീനത്തിൽപെട്ട് കച്ചവട സിനിമയുടെ എല്ലാ ചേരുവകളും ചേർത്ത് നിലവാരം കുറഞ്ഞു പോകുന്നതായിട്ടാണ് കാണപ്പെട്ടത്. തുടർന്ന് താരാരാധനയുടെ ചുവടുപിടിച്ചിറങ്ങിയ കുറെ കച്ചവട സിനിമകൾ പണം വാരിയെങ്കിലും, അപ്പോഴേക്കും മലയാള സിനിമ നിലവാരത്തകർച്ചയുടെ കൊടുമുടിയിലെത്തിയിരുന്നു.
വർഷങ്ങൾക്കു ശേഷം ഈ അടുത്ത കാലത്താണ് മലയാള സിനിമയ്ക്ക് വീണ്ടും ഒരുണർവുണ്ടായത്. ന്യൂ ജനറേഷൻ ചെറുപ്പക്കാർ ധൈര്യപൂർവം മുന്നോട്ടു വന്നു. പുതിയ പുതിയ പ്രമേയങ്ങളുടെ അകമ്പടിയോടെ നമ്മെ അമ്പരപ്പിക്കുന്നു. അടിയും ഇടിയും താരപ്പൊലിമയുമില്ലാതെ ചില ചിത്രങ്ങൾ ബോക്സ് ഓഫിസിൽ വൻ വിജയങ്ങളായി. മറ്റു സംസ്ഥാനങ്ങളിലെ ആളുകൾ പോലും മലയാളം സിനിമകൾ കാണാൻ തിയറ്ററുകളിലേക്ക് തിരക്കിട്ടോടുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ മലയാളത്തിന്റെ പ്രശസ്തി ഉയർത്തിയ പുതിയ ജനറേഷൻ ചിത്രങ്ങളാണ്, പ്രേമവും (2015), പ്രേമലുവും, മഞ്ഞുമ്മൽ ബോയ്സും, ആർഡി എക്സും, എഴുപതുകളിൽ ഐ.വി. ശശിയുടെ അവളുടെ രാവുകളും എല്ലാ ഭാഷയിലും വൻവിജയമായിരുന്നു എന്നതുകൂടി ഇപ്പോൾ ഓർക്കുന്നു.
അങ്ങനെ മലയാള ചിത്രങ്ങൾ ഇതരസംസ്ഥാനങ്ങളിൽ സൂപ്പർ ഹിറ്റുകളായി ഓടുന്ന സമയത്താണ് ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസിയുടെ ചിത്രം ഇന്ത്യയിലും വിദേശത്തും പ്രദർശനമാരംഭിക്കുന്നത്. അറബ് ലോകത്ത് വളരെ യാദൃച്ഛികമായി എത്തിപ്പെടുന്ന നജീബ് എന്ന ചെറുപ്പക്കാരന്റെ കഷ്ടപ്പാടുകളും ജീവിതവ്യഥകളെയും ആസ്പദമാക്കി ചിത്രീകരിച്ച ഈ സിനിമ ഇന്ന് ലോകനിലവാരത്തിലുള്ള ഏതു സിനിമയോടും കിടപിടിക്കുന്നതാണെന്നാണ് അമേരിക്കയിലെ ഒരു മൾട്ടിപ്ലക്സ് തിയറ്ററിൽ മറ്റു പ്രേക്ഷകരോടൊപ്പം കണ്ടപ്പോൾ എനിക്കു തോന്നിയത്. കേരളത്തിൽ വെച്ചു വെള്ളത്തിൽ നിന്നും കക്ക വാരുന്ന പണിയായിരുന്നു നജീബിന്. അങ്ങനെ കൂടുതൽ സമയവും വെള്ളത്തിൽ ജീവിച്ച നജീബിന് അത്യാവശ്യത്തിൽ കൂടുതൽ വെള്ളമുപയോഗിച്ചാൽ അർബാബിന്റെ കയ്യിൽ നിന്നും കിട്ടുന്ന ചാട്ടവാർ പ്രഹരങ്ങൾ, വെള്ളത്തിന്റെയും വെള്ളം ഇല്ലായ്മകളുടെയും വൈരുദ്ധ്യാത്മകത, മഴ പെയ്യുന്ന കേരളത്തിന്റെയും മഴയില്ലാത്ത മരുഭൂമിയുടെയും മാറിമാറി വരുന്ന ദൃശ്യങ്ങൾ ഇവയുടെ കുറ്റമറ്റ ചിത്രീകരണം സിനിമ കാണുന്ന നമ്മളെയും നജീബിനൊപ്പം ആടുജീവിതത്തിന്റെ വിഹ്വലതകളിലേക്കു കൊണ്ട് പോകുന്നു. ഭാര്യയോടും അമ്മയോടും യാത്രപറഞ്ഞു നാട്ടിൽ നിന്നും നജീബ് ട്രെയിനിൽ കയറുമ്പോഴും നല്ല മഴയായിരുന്നു എന്നതും നജീബ് മഴയില്ലാത്ത മരുഭൂമിയിൽ ഇരുന്നോർക്കുന്നുമുണ്ട്.
ഇനി അൽപം അസ്വാഭാവികത കൂടി പറയട്ടെ
മണൽവാരുന്ന അധ്വാനശീലനായിരുന്നു നജീബിന്റെ ശരീരം കുറച്ചു കൂടി ബലിഷ്ഠമായി കാണിച്ചിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി. അവസാനം ജയിലിൽവച്ചു കാണുന്ന രംഗത്തിലും അൽപം തടിച്ചിരുന്നു. അതൊക്കെ ഷൂട്ടിങിന്റെ കാലതാമസം കൊണ്ട് സംഭവിച്ചതാകാം. ആടുകളുമായി നജീബിനുണ്ടാകുന്ന ആത്മബന്ധം നോവലിൽ പറയുന്നതു പോലെ സിനിമയിൽ നമുക്കു കാണാൻ പറ്റില്ല. ആടുകൾക്ക് മനുഷ്യരുടെ പേരുകളിട്ടു അവരിൽ ഒരാളായി നജീബ് ജീവിക്കുന്ന ഭാഗം വായനക്കാരെ ഏറ്റവുമധികം സ്പർശിച്ച ഒരു ഘടകമായിരുന്നു. അതൊക്കെ ഷൂട്ട് ചെയ്തിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. സമയപരിധി അനുവദിക്കാതിരുന്നതു കൊണ്ട് അവയൊന്നും ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും സിനിമയുടെ ദൃശ്യാവിഷ്കരണത്തെ അതൊന്നും തെല്ലുപോലും ബാധിച്ചിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.
മണലാരണ്യത്തിൽ ക്ഷീണിച്ചു കിടന്നുറങ്ങുമ്പോൾ മാത്രമാണ് തന്റെ ഗർഭിണിയായ ഭാര്യ സൈനുവുമായിട്ടുള്ള (അമലാ പോൾ) പ്രണയ മുഹൂർത്തങ്ങൾ സ്വപ്നം കാണുന്നത്. നാട്ടിൽ നിന്നു പോരുമ്പോൾ ഗർഭിണിയായിരുന്ന തന്റെ ഭാര്യ പ്രസവിച്ചോ എന്നു പോലുമറിയാതെ മൂന്നു വർഷത്തോളം മരുഭൂമിയിൽ കഴിയേണ്ടി വന്ന നജീബ് എല്ലാവരുെടയും സഹതാപമർഹിക്കുന്നുണ്ട്. പല പ്രതികൂല സാഹചര്യങ്ങളുടെയും ഫലമായി പതിനാറുവർഷത്തോളം നീണ്ടു പോയ ബ്ലെസിയുടെ അധ്വാനമാണ് ‘‘ഗോട്ട് ലൈഫ്’’ എന്ന ഈ പാൻ ഇന്ത്യൻ സിനിമ. ഈ വർഷത്തെ 2024 ലെ ഒന്നിലധികം ഓസ്ക്കാറുകൾ മലയാളത്തെ തേടിയെത്തുമെന്നാണ് ഈ ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പ്രഖ്യാപിക്കുന്നത്. ഓസ്കർ കിട്ടിയാലും ഇല്ലെങ്കിലും ഇതൊരു ലോകനിലവാരത്തിലുള്ള സിനിമകളിലൊന്നായി തങ്കലിപികളിൽ രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
സിനിമ കണ്ടിട്ട് പലരും പറഞ്ഞു. ‘മലയാളികൾക്ക് അന്നം തന്ന കയ്യിൽ തന്നെ കടിക്കേണ്ടതില്ലായിരുന്നു’ എന്ന്. അറബികൾക്കു പറ്റിയ ഏറ്റവും വലിയ അബദ്ധം മലയാളികളെ അവർ മനസ്സിലാക്കാതെ പോയതാണ്. അവരുടെ അറിവിലേക്കായി കുറെ കാര്യങ്ങൾ കൂടി പറയാനാഗ്രഹിക്കുന്നു.
ലോകത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്യുണിസ്റ്റ് ഭരണം നടപ്പാക്കിയ ഏക സംസ്ഥാനം. ഇന്ത്യയിൽ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം കൊടുക്കുന്നവർ. ദീർഘായുസ്സുൾപ്പെടെ പല ജീവിതസൗകര്യങ്ങളിലും അമേരിക്കയ്ക്കൊപ്പമോ അൽപം മുകളിലോ നിൽക്കുന്നവർ. കുറഞ്ഞപക്ഷം ഇന്ത്യയിലെ ഇതര സംസ്ഥാനത്തൊഴിലാളികളെ പോലെയല്ല നമ്മൾ, എന്നതെങ്കിലും അവർ മനസ്സിലാക്കണമായിരുന്നു. ഇനിയുമുണ്ട് അവരറിയാത്ത കാര്യങ്ങൾ. ഒരുപാടു വായിക്കുന്നതും, എഴുതുകയും ലോകത്തിൽ നടക്കുന്ന എല്ലാ സംഭവവികാസങ്ങളും അപ്പപ്പോൾ അറിയുകയും, അതെപ്പറ്റിയൊക്കെ ചർച്ച െചയ്യുകയും ചെയ്യുന്നവർ, സാക്ഷരതയിൽ ലോകനിലവാരത്തിനപ്പുറം കടന്നിട്ടുള്ള ഒരു സമൂഹം, അങ്ങനെ പലതുമുണ്ട്. നമ്മൾ ഇപ്പോഴും അവിടെപ്പോയി അവരുെട അടിമയായി ജീവിക്കുന്നത് നിവൃത്തികേടുകൊണ്ടാണ് എന്നതു പോലും അവർക്കറിയാതെ പോയത്. ഒരു പക്ഷേ അവരുടെ പരിമിതമായ ലോകവിവരവും വിദ്യാഭ്യാസ നിലവാരവുമായിരിക്കണം. നമ്മൾ ലോകത്തെ അടുത്തറിയുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ആടുജീവിതം എന്ന ബെന്യാമിന്റെ പുസ്തകവും, അതിനെ ആസ്പദമാക്കി എടുത്ത സിനിമയും. ഇതാണ് ഞങ്ങൾ മലയാളികളിൽ ചിലർ ജീവിക്കാൻ വേണ്ടി അനുഭവിച്ച യാതനകൾ എന്ന്, ബെന്യാമിൻ എന്ന എഴുത്തുകാരൻ. ഒരു പുസ്തകത്തിലൂടെയും, ബ്ലെസി എന്ന സംവിധായകൻ സിനിമയിലൂടെയും, ലോകത്തോടു വിളിച്ചു പറയേണ്ടി വന്നതാണ് അല്ലെങ്കിൽ പറയിച്ചതാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ചുട്ടു പഴുത്ത മണലാരണ്യത്തിലൂടെ കൂട്ടുകാരനായ ഹക്കീമും സഹായിയായ ഇബ്രാഹിം കാദരി എന്ന (Actor Jimmy Jean Louis) കൂട്ടുകാരനുമൊത്തു ദീർഘദൂരം നടക്കുന്നുണ്ട്. ഹക്കീമിനെ (Actor K. R. Gokul) ഇടയ്ക്കുവെച്ചെവിടെയോ നഷ്ടമാകുന്നു. ആ മാനസികാഘാതത്തിൽ നജീബ് ക്ഷീണിതനായി വീണു പോകുന്നു. ഉണർന്നപ്പോൾ സഹായിയായി കൂെടയുണ്ടായിരുന്ന കൂട്ടുകാരനെയും കാണുന്നില്ല. അയാൾ നജീബിനായി ബോട്ടിലിൽ കരുതിയ ഇത്തിരി വെള്ളം ആർത്തിയോടെ കുടിച്ചിട്ട്, ആദ്യം കണ്ണിൽ പെട്ട റോഡിലേക്കു നടക്കുന്നു.
നല്ല സമറിയക്കാരൻമാരായ അറബിയും കുഞ്ഞു മുഹമ്മദിക്കയും
മൃതപ്രാണനായി മരുഭൂമിയിലെ റോഡരികിൽ നിന്നു രക്ഷയ്ക്കായി യാചിക്കുന്ന നജീബിനെ കണ്ടു നിർത്താതെ പോയ ഒന്നു രണ്ടു വണ്ടികൾ, മൂന്നാമത്തെ കാർ നിർത്താതെ പോയെങ്കിലും അറബിക്കൽപം ദയ തോന്നിയിട്ടായിരിക്കണം, മെല്ലെ പിറകോട്ടു വന്നു. നല്ലവനായി ആ മനുഷ്യന്റെ നിസ്സംഗഭാവം, ലോകത്തോടു വിളിച്ചു പറയുന്നത് ഇതൊക്കെ അവിടെ ഒരൊറ്റപ്പെട്ട സംഭവമൊന്നുമല്ല എന്നതു തന്നെയാണ്. ദാഹിച്ചു ചുണ്ടുകൾ വരണ്ട നജീബിന് കാറിൽ വെച്ചു തന്നെ അറബി, ചെറു പുഞ്ചിരിയോടെ ഒരു കുപ്പി വെള്ളം വെച്ചു നീട്ടുന്നുണ്ട്. ആ പാവം ദാഹപരവശനായി വെള്ളം വായിലേക്കൊഴിച്ചു കുടിക്കുന്നതു കാണുമ്പോളാണ് പ്രേക്ഷകരും ഒന്നു ശ്വാസം വിടുന്നത്. ഒടുക്കം പട്ടണത്തിലെത്തി മലബാർ ഹോട്ടലിന്റെ മുന്നിലിറക്കിവിട്ടിട്ട് ‘ആനയെത്ര ആറാട്ടു കണ്ടതാ’ എന്ന ഭാവത്തിൽ, അയാൾ തന്റെ റോള്‍സ് റോയിസ് കാറെടുത്തു മുന്നോട്ടു പോകുന്നു. അന്ന് ഒരു ദൈവദൂതനെപ്പോലെ നജീബിന്റെ ജീവിതത്തിലേക്കു വന്ന മലബാർ ഹോട്ടലിന്റെ ഉടമ കുഞ്ഞു മുഹമ്മദ് ഇപ്പോഴും ജീവിച്ചിരിക്കുന്നു. തുടർന്ന് നജീബിനു ഭക്ഷണം കൊടുത്തതും ജടപിടിച്ച മുടി വെട്ടിച്ചതും, താടി വച്ചതും, കുളിപ്പിച്ചതും നാട്ടിൽ വിവരമറിയിച്ചതും എംബസ്സിയിൽ വിളിച്ചു വേണ്ട നടപടികൾ സ്വീകരിച്ചതും കുഞ്ഞു മുഹമ്മദിക്കയാണ്. ആവശ്യനേരത്തു രക്ഷകനായെത്തുന്നവനാണ് യഥാർഥ ദൈവം എന്നല്ലേ പറയപ്പെടുന്നത്. ഇവിടെ രക്ഷകനായി എത്തിയ അറബിക്കും കുഞ്ഞുമുഹമ്മദിനും ഒരു ബിഗ് സല്യൂട്ട്. അല്ലെങ്കിലും നല്ലവരും മോശക്കാരുമൊക്കെ എല്ലാം സമൂഹത്തിലുമില്ലേ?
വളരെ പ്രസക്തമായ സന്ദേശം
മൂന്നു മണിക്കൂറോളം തിയറ്ററിൽ നമ്മെ പിടിച്ചിരുത്തുന്ന ഈ സിനിമ അതിശക്തമായ ഒരു സന്ദേശം ലോകത്തിലുള്ള എല്ലാ തൊഴിലുടമകൾക്കും നൽകുന്നു. ജോലിക്കാർക്ക് വേണ്ടവിധത്തിൽ വേതനം കൊടുക്കാതെ ജയിൽപ്പുള്ളികളെപ്പോലെ പണിയെടുപ്പിക്കുന്ന ചില തൊഴിലുടമകൾക്ക് (അതെല്ലാ രാജ്യങ്ങളിലുമുണ്ട്) കൊടുക്കാവുന്ന ഒരു മുന്നറിയിപ്പു കൂടിയാണ് ബ്ലെസി എന്ന സംവിധായകൻ ഈ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. അത് നൂറു ശതമാനം വിജയിച്ചു എന്നുതന്നെ പറയാം. മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന ചൂടിലും, മാറി വരുന്ന കൊടുംതണുപ്പിലും ആടുമേയ്ക്കാൻ വിധിക്കപ്പെട്ട നജീബിന്റെ അനുഭവം മനസ്സിൽ തട്ടുന്ന വിധം അഭിനയിച്ച പൃഥ്വിരാജ് എന്ന നടന്റെ അർപണ മനോഭാവം അനുമോദനാർഹമാണ്. ഇരിക്കട്ടെ ആ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. അമലാപോളും, മറ്റുള്ള അറബ് നടന്മാരും അവരവരുടെ വേഷങ്ങൾ വളരെ സ്വാഭാവികമായി ചെയ്തു. കൂടാതെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രശസ്തരായ എ.ആർ. റഹ്മാന്‍, റസൂൽ പൂക്കുട്ടി, ക്യാമറ കൈകാര്യം ചെയ്ത സുനിൽ കെ. എസ്, മറ്റുള്ള സാങ്കേതിക വിദഗ്ധർ എല്ലാവരും അവരുടെ ജോലി ഏറ്റവും മികവുറ്റ രീതിയിൽ ചെയ്തു. മലയാളികൾക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ബ്ലെസി, ബെന്യാമിൻ ടീമിന്റെ ഈ ആടുജീവിതം എന്ന് നിസ്സംശയം പറയാം.