ഒരുപാട് നാളുകൾക്ക് ശേഷം സന്തോഷം നിറഞ്ഞ വിഷു: മകള്‍ക്ക് കൈനീട്ടം നൽകി ഭാമ
Mail This Article
മകൾ ഗൗരിക്കൊപ്പം വിഷു ആഘോഷമാക്കി നടി ഭാമ. വീട്ടിലെ പൂജാമുറിയിൽ ഒരുക്കിയ വിഷുക്കണിക്ക് മുന്നിൽ നിൽക്കുന്ന തന്റെയും മകളുടെയും ചിത്രങ്ങളാണ് ഭാമ പങ്കുവച്ചത്. മകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ അത്രകണ്ട് പങ്കിടാത്ത ഭാമ, കുഞ്ഞിന്റെ മുഖം ഒരു സ്മൈലി കൊണ്ട് മറച്ചിട്ടുണ്ട്.
‘‘എല്ലാവർക്കും എന്റെയും മകളുടെയും വിഷു ആശംസകൾ. ഒരുപാട് നാളുകൾക്കു ശേഷം ഞാനും മകളും സന്തോഷം നിറഞ്ഞ വിഷു ആഘോഷിച്ചു.’’ചിത്രങ്ങൾ പങ്കുവച്ച് ഭാമ കുറിച്ചു. മകളുടെ കയ്യിൽ കൈനീട്ടം വച്ചുകൊടുക്കുന്ന ചിത്രവും ഭാമ പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്.
2007 ൽ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമാരംഗത്ത് എത്തിയത്. തുടർന്ന് സൈക്കിള്‍, കളേഴ്‌സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ തുടങ്ങി നിരവധി സിനിമകളിലൂടെ ജനപ്രിയതാരമായ ഭാമ 2020 ൽ വിവാഹിതയായതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഒരു മകളാണ് താരത്തിനുള്ളത്. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമാണ് ഭാമ. ഇതിനിടെ ബിസിനസിലേക്കും ഭാമ ചുവടുവച്ചിരുന്നു. വാസുകി എന്ന പേരിൽ ബൊട്ടീക്കാണ് ഭാമ തുടങ്ങിയത്.