ADVERTISEMENT

സംവിധായകൻ ബ്ലെസിയുടെ ഇരുപതാം വിവാഹ വാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന മമ്മൂട്ടിയുടെ പഴയ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ബ്ലെസിക്കും ഭാര്യയ്ക്കും ആശംസകൾ നേർന്നുകൊണ്ട് സരസമായി മമ്മൂട്ടി സംസാരിക്കുന്നത് അവിടെ ഉണ്ടായിരുന്നവരിൽ ചിരി പടർത്തുന്നുണ്ട്. മറ്റൊരു വഴിയുമില്ലാതെ നമ്മൾ ബ്ലെസിയെ സഹിക്കുന്നത് സിനിമ വേണമെന്നുള്ളതുകൊണ്ടാണെന്നും പക്ഷേ ബ്ലെസിയുടെ പിടിവാശിയും ശാഠ്യങ്ങളും സഹിക്കുന്ന ഭാര്യ മിനിയെ നേരിട്ട് കണ്ട് അഭിനന്ദിക്കാനാണ് താൻ ഇവിടെ എത്തിയതെന്നുമാണ് മമ്മൂട്ടി പറയുന്നത്. ‘ആടുജീവിതം’ സിനിമയും ബ്ലെസിയുടെ സംവിധാന മികവും വീണ്ടും ചർച്ചയാകുമ്പോഴാണ് പത്ത് വർഷം മുമ്പുള്ള വിഡിയോ ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ബ്ലെസിയുടെ സിനിമാ ജീവിതത്തിൽ നിർണായ പങ്കുവച്ചിട്ടുള്ള വ്യക്തി കൂടിയാണ് മമ്മൂട്ടി.

‘‘ബ്ലെസി ഇന്നലെ വൈകുന്നേരം ചിത്രീകരണ സ്ഥലത്ത് വന്നു. വിവാഹ വാർഷികമാണ്, രാത്രി എത്തണം എന്നു പറഞ്ഞു. അവിടെ പരിചയമുള്ള അത്യാവശ്യം ചില ആളുകളെയൊക്കെ വിളിച്ചു. ഞാൻ അവരോട് പറഞ്ഞു. ‘‘നമുക്ക് എന്തായാലും പോകണം. മിനിയെ നമ്മൾ നേരിട്ടു കണ്ട് അഭിനന്ദിക്കേണ്ടതുണ്ട്. സിനിമയിൽ നമ്മൾ ബ്ലെസിയെ സഹിച്ചുപോകുന്നുണ്ട്. ബ്ലെസിയുടെ പിടിവാശിയും ശാഠ്യങ്ങളും ഒക്കെ നമ്മളെപ്പോലെയുള്ള നടൻമാർ വേറൊരു വഴിയുമില്ലാത്തതുകൊണ്ട് അനുഭവിച്ചേ പറ്റൂ. മിനി ഇത് പത്തിരുപത് വർഷമായി സഹിക്കുകയാണ്. നമ്മളോടുള്ള ദേഷ്യവും കൂടി മിനിയുടെ നെഞ്ചത്തായിരിക്കും’’. അപ്പോൾ മിനിയെ ഒന്ന് അഭിനന്ദിക്കുകയാണ്. ആശംസകൾ മിനി. 

പക്ഷേ ഇതൊരു നല്ല ആശയമാണ്, ഇത്രയും കുടുംബാംഗങ്ങൾ വിവാഹ വാർഷികത്തിന് ഒരുമിച്ച് കൂടുക എന്നത്. അച്ചൻ പറഞ്ഞത് പോലെ ചില മാസം അഞ്ചും പത്തും ഒക്കെ കാണും. ചില മാസം ഒന്നും കാണില്ല. അങ്ങനെയല്ലാതെ അച്ചനൊക്കെ ഒന്ന് ഉത്സാഹിച്ചിട്ട് എല്ലാ മാസവും ഒന്ന് ഒത്തു ചേർന്നാൽ നല്ലതാണ്. പള്ളിയിൽ വരുന്നത് പ്രാർഥിക്കാൻ മാത്രമല്ല, നമ്മൾ എല്ലാവരും ഒത്തു ചേരാനും ഒരുമിച്ച് സമയം ചെലവഴിച്ച് സന്തോഷിക്കാനും ആണല്ലോ കൂട്ടപ്രാർഥനകൾ വയ്ക്കുന്നത്. വല്ലാതെ ആത്മീയമായാൽ ഒന്നും സംസാരിക്കാൻ പറ്റില്ല. സത്യം പറഞ്ഞാൽ പള്ളിയിൽ പ്രാർഥിക്കുമ്പോഴും നമ്മൾ വേറെ പല കാര്യങ്ങളുമാണ് ആലോചിക്കുന്നത് അത് എല്ലാവർക്കും അറിയാം. അത്രയും പ്രശ്നങ്ങൾക്ക് നടുവിൽ നിന്നാണ് നമ്മൾ ഇങ്ങോട്ട് വരുന്നത്. ഏകാഗ്രത കിട്ടില്ല. പിന്നെ ദൈവത്തിനു നമ്മളെ അറിയാവുന്നതുകൊണ്ട് പുള്ളി അതൊക്കെ ക്ഷമിക്കും. 

ഇതൊരു നല്ല ആശയമാണ്. ഇതിനോട് നമുക്ക് യോജിക്കാതിരിക്കാൻ പറ്റില്ല. ഇതൊക്കെ ബ്ലെസിയെപ്പോലെ സാമൂഹികമായി ഇടപെടുന്നവർക്കേ കഴിയൂ. പക്ഷേ സിനിമയിൽ അഭിനയിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടാണ്. ഞങ്ങൾ വർഷത്തിൽ ഒരിക്കൽ ‘അമ്മ’യുടെ മീറ്റിങ് കൂടുമ്പോൾ ഒരുമിച്ചു കൂടും എന്നല്ലാതെ ഇതുപോലെ എല്ലാവരെയും ഒന്നും കാണാൻ പറ്റില്ല.  ബ്ലെസിയും ഞാനും തമ്മിലുള്ള ഇരിപ്പുവശം വച്ചായിരിക്കും, ഇതുപോലെയുള്ള നല്ല സമയങ്ങളിൽ ഞാൻ എപ്പോഴും കൂടെ ഉണ്ടാകാറുണ്ട്. ബ്ലെസിക്ക് ബുദ്ധിമുട്ട് ഉള്ളപ്പോഴും എന്റെ അടുത്ത് വരാറുണ്ട്, കാശൊന്നും കടം വാങ്ങാനല്ല കേട്ടോ. ബ്ലെസി ഒരു പാവമായിട്ടാണ് നമുക്കൊക്കെ ആദ്യം തോന്നിയത്, ഇപ്പൊ ഏതായാലും അതങ്ങു മാറി. 

ബ്ലെസിയുടെ ശക്തിയാണ് മിനി, ബ്ലെസിക്ക് ബ്ലെസിയെക്കാളും വലിയ മക്കളുമായി, അത് എല്ലാവർക്കും അങ്ങനെയാണ്. മക്കൾ നമ്മുടെ മുന്നിൽ ഇങ്ങനെ വലുതാകുന്നത് നമ്മൾ അറിയില്ല ഞാനും അങ്ങനെ അദ്ഭുതപ്പെട്ടിട്ടുണ്ട്. എന്തായാലും ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.’’–മമ്മൂട്ടി പറഞ്ഞു.

രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’യുടെ സമയത്താണ് ഈ വിഡിയോ ചിത്രീകരിക്കുന്നത്. കടൽ കടന്ന് ഒരു മാത്തുക്കുട്ടിയുടെ ചിത്രീകരണം ബ്ലെസിയുടെ നാടായ പത്തനംതിട്ടയിൽ വച്ചായിരുന്നു. 

English Summary:

Blessy's Anniversary Speech by Mammootty: Video Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com