ADVERTISEMENT

സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വടക്കൻ’ ബ്രസ്സൽസ് രാജ്യാന്തര ഫന്റാസ്റ്റിക് ചലച്ചിത്രമേളയുടെ (BIFFF) ഫിലിം മാർക്കറ്റ് 2024ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നിവർ അണിയറയിൽ ഒരുക്കുന്ന ‘വടക്കൻ’ രാജ്യാന്തര പ്രൊജക്‌ട്‌സ് ഷോക്കേസ് വിഭാഗത്തിൽ ഇടംനേടുന്ന ആദ്യ മലയാളചിത്രമാണ്.

ചലച്ചിത്ര നിർമാതാക്കളുടെ രാജ്യാന്തര സംഘടനയായ ഫിയാഫ് അംഗീകാരമുള്ള BIFFF കാൻ, ലൊകാർണോ ചലച്ചിത്രമേളകൾ ഉൾപ്പെടുന്ന കോംപെറ്റീഷൻ സ്പെഷലൈസ്ഡ് എ ഗ്രേഡ് ചലച്ചിത്രമേളയാണ്. പീറ്റർ ജാക്‌സൺ, ടെറി ഗില്ല്യം, വില്യം ഫ്രീഡ്‌കിൻ, പാർക് ചാൻ-വൂക്ക്, ഗില്ലെർമോ ഡെൽ ടോറോ തുടങ്ങി ഒട്ടനവധി പ്രമുഖരുടെ ചിത്രങ്ങൾ BIFFFൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിരവധി രാജ്യാന്തര ചിത്രങ്ങളിൽ ഒന്നായി BIFFF വിപണിയിൽ നേടിയത് ചിത്രത്തിന്റെ നിർമാതാക്കൾക്ക് സുപ്രധാന നേട്ടമാണ്.

ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിന്റെ സഹസ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ബാനറിലാണ് 'വടക്കൻ' നിർമിച്ചിരിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ് 'വടക്കൻ'. 

ഭ്രമയുഗം, ഭൂതകാലം എന്നിവയുടെ സംവിധായകൻ രാഹുൽ സദാശിവൻ ഈ സിനിമയുടെ നേട്ടത്തിൽ തന്റെ ആഹ്ലാദം പങ്കുവച്ചു. ‘‘വടക്കൻ നേടിയ ഈ രാജ്യാന്തര അംഗീകാരം ഏറെ സന്തോഷകരമാണ്. സൂപ്പർനാച്ചുറൽ - പാരാനോർമൽ ജോണറിൽ ഒരുങ്ങുന്ന ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഈ അംഗീകാരം ആഗോളതലത്തിൽ മലയാള സിനിമയുടെ വൈവിധ്യവും സർഗാത്മകതയും വീണ്ടും ഉറപ്പിക്കുന്നു.’’

ലോകോത്തര അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ഒന്നിപ്പിച്ച് രാജ്യാന്തര, ഹൈപ്പർലോക്കൽ ആഖ്യാനങ്ങളെ ഒന്നാക്കി ഇന്ത്യൻ സിനിമയെ പുനർനിർവചിക്കുക എന്നതാണ് 'വടക്കനി'ലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്, ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പ് സ്ഥാപകനും ചിത്രത്തിന്റെ നിർമാതാവുമായ ജയ്ദീപ് സിങ് പറഞ്ഞു. സൂപ്പർനാച്ചുറൽ ത്രില്ലറായ 'വടക്കൻ' ഒരു അഭിമാന പ്രൊജക്ടാണ്; ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധനേടാൻ ഏറെ സാധ്യതയുള്ള കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം മുന്നോട്ടുവയ്ക്കുന്ന ചിത്രം.", അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളപ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കുന്നതിന് ഈ മേയിൽ കാൻ ചലച്ചിത്രമേളയുടെ ഫിലിം മാർക്കറ്റായ മാർഷെ ദു ഫിലിമിൽ വടക്കനെ അവതരിപ്പിക്കും. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റി ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതികൾ നിലവിലുണ്ട്.

English Summary:

Vadakkan selected for BIFFF festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com