ADVERTISEMENT

തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. 20 വർഷങ്ങൾക്കു ശേഷം ഇരുവരും നായികാനായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 2004ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലത്തി’ലാണ് ഇതിനു മുമ്പ് ഇരുവരും ജോഡികളായി പ്രത്യക്ഷപ്പെട്ടത്.

പുതിയ സിനിമയ്ക്കായി സൂപ്പർ എക്സൈറ്റഡ് ആണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന പറയുന്നു. താനും മോഹൻലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും നടി വ്യക്തമാക്കി. 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

ഏറെ പ്രേക്ഷകശ്രദ്ധനേടിയ സൗദി വെള്ളക്ക എന്ന സിനിമയ്ക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എൽ360’ (താൽക്കാലിക പേര്). പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്ന സിനിമയാകുമിത്. ഒരു ഇടവേളയ്ക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. താര നിർണയം പൂർത്തിയാകുന്നു. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും പ്രോജക്ടിനു പ്രതീക്ഷകളേറെയാണ്.

കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹനാകുകയും കെ.ആർ.സുനിൽ മികച്ച ഫൊട്ടോഗ്രഫർ കൂടിയാണ്. ഛായാഗ്രഹണം ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുൽദാസ്. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്. നിർമാണ നിർവഹണം ഡിക്സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. 

ഏപ്രിൽ മൂന്നാം വാരത്തിൽ ചിത്രീകരണമാരംഭിക്കും. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷൻ. പിആർഒ വാഴൂർ ജോസ്.

English Summary:

Mohanlal and Shobana to reunite for Tharun Moorthy directorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com