അതായിരുന്നു മണിയുടെ അസുഖം: എളുപ്പത്തിൽ മാറ്റാമായിരുന്നു, പക്ഷേ: സലിം കുമാർ പറയുന്നു
Mail This Article
അകാലത്തിൽ വിടവാങ്ങിയ സുഹൃത്തും സഹപ്രവർത്തകനുമായ കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച നടൻ സലിം കുമാർ. തനിക്ക് വന്ന അതേ അസുഖമാണ് മണിക്കും വന്നതെന്നാണ് സലിം കുമാർ പറയുന്നത്. ഡോക്ടർമാർ നിർബന്ധിച്ചിട്ടും മണി ചികിത്സ എടുക്കാൻ കൂട്ടാക്കിയില്ല. ഒരിക്കൽ മണിയെ നിർബന്ധിച്ച് ചികിത്സ്ക്കു കൊണ്ടുവരണമെന്ന് മണിയുടെ ഡോക്ടർ തന്നോട് പറഞ്ഞിരുന്നുവെന്ന് സലിം കുമാർ ഓർത്തെടുക്കുന്നു.
രോഗിയാണെന്നറിഞ്ഞാൽ ആളുകൾ എന്ത് കരുതുമെന്നും സിനിമയിൽ നിന്ന് പുറത്താക്കുമോ എന്ന ഭയമുണ്ടായിരുന്നെനും സലിം കുമാർ പറയുന്നു. തന്നെപ്പോലെ ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കിൽ ഇന്നും തങ്ങളോടൊപ്പം ഉണ്ടാകേണ്ട വ്യക്തിയായിരുന്നു കലാഭവൻ മണി എന്ന് ഏറെ വേദനയോടെയാണ് സലിം കുമാർ പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അപ്രതീക്ഷിതമായി വിടപറഞ്ഞ സുഹൃത്തിനെപ്പറ്റിയുള്ള ഓർമകൾ സലിം കുമാർ പങ്കുവച്ചത്.
‘‘മണിയുടെ മരണം അപ്രതീക്ഷിതം ആയിരുന്നു. അസുഖമുണ്ട് എന്നറിയാമെങ്കിൽ പോലും പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചൊക്കെ മണിയും സൂക്ഷിക്കേണ്ടതായിരുന്നു. ഡോക്ടറെ കണ്ടു ചികിത്സിച്ചിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചിട്ട് മണിയോടൊന്നു വന്ന് ചികിത്സ എടുക്കാൻ പറ എന്നു പറഞ്ഞു. എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്.
സിംപിൾ ആയി മാറ്റാൻ പറ്റുമായിരുന്നു. അവൻ പേടി കാരണം അതും കൊണ്ടുനടന്നു. അപ്പോഴും കസേരയിൽ ഇരുന്നു പോലും സ്റ്റേജ് ഷോകൾ ചെയ്തിരുന്നു. അസുഖമുണ്ടെന്ന കാര്യം മണി അംഗീകരിക്കാൻ തയാറായിരുന്നില്ല. ജനങ്ങൾ എന്തുവിചാരിക്കും, സിനിമാക്കാർ അറിഞ്ഞാൽ അവസരങ്ങൾ നഷ്‌ടമാകുമോ, എന്നെല്ലാമുള്ള ഭയമായിരുന്നിരിക്കാം. യാഥാർഥ്യത്തിന്റെ പാതയിൽ പോയിരുന്നെങ്കിൽ മണി ഇന്നും ജീവിച്ചിരുന്നേനെ.’’ സലിം കുമാർ പറയുന്നു.
മലയാള സിനിമയേയും പ്രേക്ഷകരേയും ഞെട്ടിച്ചുകൊണ്ടാണ് 2016 ൽ അപ്രതീക്ഷിതമായി കലാഭവൻ മണി വിടവാങ്ങിയത്. വിടപറയുമ്പോൾ മണിക്ക് പ്രായം നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു. നാടൻ പാട്ടുകൾ പാടിയും തമാശകൾ പറഞ്ഞു പൊട്ടിചിരിപ്പിച്ചും പ്രേക്ഷരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ മണിയുടെ മരണത്തിനു പിന്നിലെ ചുരുളഴിയാത്ത രഹസ്യത്തിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് സലിം കുമാറിന്റെ വാക്കുകൾ.