ADVERTISEMENT

പ്രേമലു’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയും ട്രോളി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. കുടുംബത്തിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ഉണ്ണിമായ പ്രസാദ് തുടങ്ങി നിരവധി 'അഭിനയ കുലപതികൾ' ഉണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ നൂറുകോടി ക്ലബ്ബിൽ ആദ്യം കയറുന്നത് താൻ ആണെന്നും 'പയ്യൻ' ഫഹദ് ഫാസിൽ വലിയ താമസമില്ലാതെ നൂറുകോടി ക്ലബ്ബിൽ കയറാൻ സാധ്യതയുണ്ടെന്നും ശ്യാം പുഷ്കരൻ പറയുന്നു. ഓഡിഷനു പോലും നിർത്താൻ കൊള്ളില്ല എന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്ന തന്നെ കൊമേഡിയൻ ആയി അഭിനയിപ്പിച്ച് ആരു കണ്ടാലും ചിരിക്കുന്ന അവസ്ഥയിൽ ആക്കിയതിനു ഗിരീഷ് എ.ഡി.യോട് നന്ദിയുണ്ടെന്ന് ശ്യാം പുഷ്കരൻ പറഞ്ഞു. ‘പ്രേമലു’ സിനിമയുടെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശ്യാം. ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് ആണ് ‘പ്രേമലു’വിന്റെ നിർമാണം. 

‘‘നമ്മുടെ കുടുംബത്തിൽ ഒരുപാട് അഭിനയ കുലപതികൾ ഉണ്ട്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ഉണ്ണിമായ പ്രസാദ് അങ്ങനെ ഒരുപാടുപേരുണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ നൂറുകോടി ക്ലബ്ബിൽ ആദ്യം കേറുന്നത് ഞാനാണ്. നമ്മുടെ പയ്യൻ ഫഹദ് ഫാസിൽ വലിയ താമസമില്ലാതെ കയറും. ഇപ്പോൾ ഇതുവരെ മലയാള സിനിമയിൽ, നമ്മുടെ കൂട്ടത്തിൽ നിന്ന് ആരുമത് ചെയ്തിട്ടില്ല. ഞാൻ ചെയ്‌തു. സന്തോഷം, ആ രീതിയിൽ ഈ സിനിമ ഒരു പുണ്യം തന്നെയാണ്. 

ഭയങ്കര ശല്യം തന്നെയായിരുന്നു... ഇവർ അഭിനേതാക്കൾ ആയതിന്റെ ശല്യം എനിക്കു സഹിക്ക വയ്യാണ്ട് ആയിരുന്നു.  അതിനൊക്കെയുള്ള മറുപടി ഗിരീഷ് എ.ഡി. വഴി ഞാൻ കൊടുത്തിരിക്കുകയാണ്.  ഇനി എല്ലാവരും ഒന്നു അടങ്ങി ജീവിക്കുക. ആവേശം എല്ലാം കയ്യിൽ വയ്ക്കുക. എന്റെ സഹപ്രവർത്തകരോടുള്ള പ്രതികാരം തന്നെ ഗിരീഷ് എ.ഡി. നടത്തി തന്നു. എന്നെ ഒരു ഓഡിഷന് പോലും നിർത്താൻ കൊള്ളില്ല എന്നാണ് മലയാള സിനിമയിൽ ഏറ്റവും നന്നായി അഭിനയിക്കുന്ന അല്ലെങ്കിൽ മോശം താരങ്ങളിൽ നിന്നു പോലും കല്ലിൽ നിന്നു കവിത വിരിയിക്കുന്ന ദിലീഷ് പോത്തൻ പറയുന്നത്.ദിലീഷ് പോലും എന്നെ വിശ്വസിച്ചിരുന്നില്ല.  

ഗിരീഷ് എ.ഡി. എന്നെപ്പോലെ തന്നെ ഒരു ഭ്രാന്തനായതുകൊണ്ട് (weirdo) ആയതുകൊണ്ട് എന്നെ നന്നായി മനസ്സിലാക്കുകയും ഇങ്ങനെ ഒരു സംഭവം തരികയും ചെയ്തു.  എനിക്കാണെങ്കിൽ മുന്നും പിന്നും നോക്കാൻ ഇല്ലായിരുന്നു. എനിക്കറിയാം, ഒരു സിനിമയിൽ നടൻ അഭിനയിക്കാൻ വരുമ്പോൾ അത് നന്നാക്കുക എന്നുള്ളത് നടന്റെ ബാധ്യതയല്ല. ഞാൻ ഇങ്ങനെ നിന്നുകൊടുത്തു. അതു നന്നാക്കുക എന്നുള്ളത് ഗിരീഷിന്റെ ബാധ്യതയാണ്. ഗിരീഷ് അതു നന്നാക്കി എടുത്തു. എന്നെ വച്ച് കോമഡിയൊന്നും ചെയ്യുന്നില്ലേ എന്ന് ഞാൻ ചോദിച്ചിരുന്നു. പുള്ളിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ആൾക്കാർ ഇപ്പോൾ പഴയതു പോലെ അല്ല, എന്നെ കണ്ടാൽ തന്നെ ചിരിക്കുന്ന ഒരവസ്ഥ ആയിട്ടുണ്ട്. ആ ഒരു സാധാരണത്വം മടക്കിത്തന്നതിനു ഗിരീഷ് എ.ഡി.യോട് നന്ദി പറയുന്നു. ബാക്കി വരുമ്പോലെ കാണാം.’’– ശ്യാം പുഷ്കരൻ പറയുന്നു.

ഗിരീഷ് എ.ഡി. യുടെ സംവിധാനത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് പ്രേമലു. പ്രേമലുവിന്റെ ക്ളൈമാക്സ് സീനിൽ ഒരു കോമഡി കഥാപാത്രമായി ശ്യാം പുഷ്കരൻ എത്തിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗവും വിജയാഘോഷ വേളയിൽ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Syam Pushkaran about Premalu movie acting experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com