ADVERTISEMENT

‘‘പട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയിൽ ചന്ദനക്കുറിയുമായി അവള്‍ മിന്ന. മുമ്പിൽ നിൽക്കുന്ന ഗുളികൻ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്‍. ആ കരങ്ങളിലാണ് അവള്‍ക്ക് എന്നും സുരക്ഷിതത്വം.’’ കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ 'ഗു' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. മണിയൻ പിള്ള രാജു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രമായ ‘ഗു’ മെയ് 17നാണ് ലോകമെമ്പാടുമുള്ള തിയറ്റുകളിലെത്തുന്നത്. സിനിമയുടേതായിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും ഏറെ ചർച്ചയായിരുന്നതാണ്. അതിന് പിന്നാലെ റിലീസ് അനൗൺസ്മെന്റ് പോസ്റ്ററും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം 'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

ചിത്രത്തിൽ മിന്നയായി ദേവനന്ദ എത്തുമ്പോള്‍ സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'ഗു'. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ., കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്‌ഷൻ കൺട്രോളർ‍: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ‍, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, ഡിസൈൻസ്: റോക്കറ്റ് സയൻസ്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്‍റ്.

English Summary:

Gu Release Poster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com