കയ്യേറ്റശ്രമം, അസഭ്യപ്രയോഗങ്ങൾ: ലണ്ടനിലെ ദുരനുഭവം വെളിപ്പെടുത്തി നീരജ് മാധവ്
Mail This Article
സ്റ്റേജ് ഷോയ്ക്കു വേണ്ടി പോയപ്പോൾ ലണ്ടനിൽ വച്ചുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടനും ഗായകനുമായ നീരജ് മാധവ്. ഷോയുടെ സംഘാടകർ അസഭ്യ വാക്കുകൾ പ്രയോഗിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന് നീരജ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. തനിക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരിടേണ്ടി വന്ന വെല്ലിവിളികളെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത് ഇപ്രകാരമാണ്.
കുറിപ്പിന്റെ പൂർണരൂപം
‘ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലാക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നു നടത്താനിരുന്ന ഒരു പരിപാടിക്കു വേണ്ടി പോയപ്പോൾ ഹൃദയഭേദകമായ ചില അനുഭവങ്ങളുണ്ടായി. സംഘാടകരുമായുള്ള ആശയവിനിമയത്തിലുടനീളം ഞങ്ങൾ നിരവധി വെല്ലുവിളികളും നിരാശയുമാണ് നേരിട്ടത്. ഇവന്റ് മാനേജ്മെന്റുമായി സഹകരിക്കാനും തടസ്സങ്ങൾ തരണം ചെയ്യാനും ഞങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി.
ഡബ്ലിനിൽ നടന്ന ഇവന്റിനു ശേഷമുള്ള രാത്രി വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. ഈ സമയത്ത് ഞാനും മാനേജരും ഉൾപ്പെടെയുള്ള ഞങ്ങളുടെ സംഘത്തിനു നേരെ അപകീർത്തികരമായ ഭാഷാപ്രയോഗമാണ് അവർ നടത്തിയത്. കൂടാതെ, കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ചുറ്റുമുണ്ടായിരുന്ന ആളുകൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്കു പരുക്ക് പറ്റിയേനെ. സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദിത്തപരമായ ഈ പെരുമാറ്റത്തെത്തുടർന്ന് ലണ്ടനിലെ മറ്റു പരിപാടികളെല്ലാം ഞങ്ങൾ റദ്ദ് ചെയ്തു. ഇത്തരം ദുഷ്‌പെരുമാറ്റത്തിനും അനാദരവിനും സ്വയം വിധേയരായി തുടരാൻ ഞങ്ങൾക്കു താൽപര്യമില്ല. പ്രഫഷനൽ നിലവാരം ഉയർത്തിപ്പിടിക്കുന്നതിലും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നതിലും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു, നിർഭാഗ്യവശാൽ അത് പരിപാടിയുടെ സംഘാടകരിൽ നിന്നുമുണ്ടായില്ല.
പക്വതയോടെയും പ്രഫഷനലിസത്തോടെയും സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനുപകരം പ്രശ്നം കൂടുതൽ വഷളാക്കാൻ സംഘാടകർ തിരഞ്ഞെടുത്ത വഴി അങ്ങേയറ്റം നിരാശാജനകമാണ്. ഞങ്ങളുടെ സമ്മതമില്ലാതെ ഈ പര്യടനത്തിൽ നിന്നു ഞങ്ങളെ പിരിച്ചുവിടുന്നുവെന്നു പരസ്യമായി പ്രഖ്യാപിക്കാനുള്ള അവരുടെ തീരുമാനം അനാദരവ് മാത്രമല്ല, വലിയ തെറ്റു കൂടിയാണ്. ആ സാഹചര്യം രഹസ്യമായി കൈകാര്യം ചെയ്യാനുള്ള അവസരം ഞങ്ങൾക്കു ലഭിച്ചില്ല. മാത്രവുമല്ല, ഞങ്ങളുടെയൊരു സഹപ്രവർത്തകൻ ലണ്ടനിൽ കുടുങ്ങിയതിനാൽ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുതരാനും സംഘാടകർ തയാറായില്ല. ഇതൊക്കെ ഞങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കി. നടന്ന കാര്യങ്ങൾ അംഗീകരിക്കാനാകുന്നില്ല. അവരുടെ പെരുമാറ്റത്തിനും മോശം പ്രവണതയ്ക്കുമെതിരെ ശബ്ദമുയർത്തുകയാണു ഞങ്ങൾ.
സംഘാടകര്‍ അവരുടെ പ്രവർത്തനങ്ങളിൽ ബഹുമാനം പുലർത്താനും പ്രഫഷനലിസം, ഉത്തരവാദിത്തം, സംസ്കാരം എന്നിവ വളർത്തിയെടുക്കാനും ശ്രമിക്കണമെന്നു ഞങ്ങൾ അഭ്യർഥിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതു തടയാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഈ അനുഭവം പങ്കുവയ്ക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങൾക്കൊപ്പം നിന്ന പ്രിയപ്പെട്ട ആരാധകർക്കും സഹപ്രവർത്തകർക്കും ആത്മാർഥമായ നന്ദി. ഞങ്ങളുടെ പ്രേക്ഷകർക്കു സാധ്യമായ ഏറ്റവും മികച്ച അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.’