ADVERTISEMENT

തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ആവേശത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രംഗണ്ണന്റെ യഥാർഥ പേര് വെളിപ്പെടുത്തി സംവിധായകൻ ജിത്തു മാധവൻ. രംഗണ്ണന്റെ ഡ്രൈവിങ് ലൈസൻസിന്റെ ചിത്രം പങ്കുവച്ചാണ് അക്കാര്യം സംവിധായകൻ പരസ്യമാക്കിയത്. ഒപ്പം സിനിമയിലെ രസകരമായ ഡയലോഗും ചേർത്തു, "എട മോനേ ലൈസന്‍സൊണ്ടോ? ഇല്ലെങ്കി എന്‍റെ ലൈസന്‍സ് അമ്പാന്‍റടുത്തുണ്ട്, അത് വാങ്ങിച്ചോ!"

ഡ്രൈവിങ് ലൈസൻസിലെ വിവരം അനുസരിച്ച് രംഗണ്ണന്റെ യഥാർഥ പേര് രഞ്ജിത് ഗംഗാധരൻ എന്നാണ്. സ്വന്തം പേരിന്റെയും അച്ഛന്റെ പേരിന്റെയും ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് 'രംഗ' എന്ന പേരുണ്ടായതെന്നു വ്യക്തം. ലൈസൻസിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വച്ച് രംഗണ്ണന്റെ പ്രായം വരെ ആരാധകർ കണക്കുക്കൂട്ടി. ഇക്കഴിഞ്ഞ ഏപ്രിൽ 15ന് രംഗണ്ണനു 46 വയസ്സു തികഞ്ഞെന്ന് ഒരു ആരാധകൻ ചൂണ്ടിക്കാട്ടി. ഇതു സത്യമാണോയെന്ന് നസ്രിയയെ ടാഗ് ചെയ്തു ചോദിക്കാനും ആരാധകർ മറന്നില്ല.   

സിനിമ ഇറങ്ങിയ സമയം മുതൽ രംഗണ്ണന്റെ യഥാർഥ പേര് രഞ്ജിത് ഗംഗാധരൻ ആണെന്ന തരത്തിൽ ഡികോഡിങ് വിഡിയോകൾ ഇറങ്ങിയിരുന്നു. അതു ശരിവയ്ക്കുന്നതാണ് സംവിധായകന്റെ പോസ്റ്റ്. ഫഹദ് ഫാസിലിനെ പുനരവതരിപ്പിക്കുന്നുവെന്ന വിശേഷണവുമായി എത്തിയ ചിത്രത്തില്‍ അതിനെ അന്വര്‍ഥമാക്കുന്ന വേറിട്ട കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ആക്‌ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രംഗ എന്ന ഗ്യാങ്സ്റ്ററാണ് ഫഹദിന്‍റെ കഥാപാത്രം. ഒറ്റബുദ്ധിയും തമാശക്കാരനുമായ രംഗയായി ഫഹദിന്റെ ഒറ്റയാൾ പ്രകടനമാണ് സിനിമയുടെ കരുത്ത്. 

വിഷു റിലീസായെത്തിയ ചിത്രം ഫഹദിന്റെ ആദ്യ 100 കോടി ചിത്രമാകുമെന്നാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍‌മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിർമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com