ADVERTISEMENT

സിനിമയിൽ അഭിനയിക്കാൻ ചാൻസ് ചോദിച്ചു നടന്ന സമയത്ത് ഒരുപാട് സംവിധായകരിൽനിന്ന് മോശം പ്രതികരണമുണ്ടായിട്ടുണ്ടെന്ന് നടൻ സിജു വിൽസൺ. ഒരു സംവിധായകന്‍ ഫോണിലൂടെ ചീത്ത പറഞ്ഞിട്ടുണ്ടെന്നും സിജു പറഞ്ഞു. ഒരു സുഹൃത്ത് പറഞ്ഞിട്ട് ആ സംവിധായകനെ പോയി കണ്ട് ഫോട്ടോ കൊടുത്തിരുന്നു, വിളിക്കാം എന്നു പറഞ്ഞ് കുറെ നാൾ കഴിഞ്ഞും വിളിയൊന്നും കാണാതെ അദ്ദേഹത്തെ ഫോൺ ചെയ്തപ്പോൾ, കോടികൾ മുടക്കി നിർമിക്കുന്ന സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നതെന്നു പറഞ്ഞു ചീത്ത വിളിച്ചുവെന്ന് സിജു പറയുന്നു. സംവിധായകൻ ജോഷി, വിനയൻ തുടങ്ങി നിരവധി പേരോട് ചാൻസ് ചോദിച്ചിട്ടുണ്ടെന്നും അന്ന് കിട്ടിയ തിരസ്കരണമെല്ലാം കൂടുതൽ ആവേശത്തോടെ സിനിമയെ സമീപിക്കാനുള്ള ഊർജമായെന്നും സിജു തുറന്നു പറഞ്ഞു. ‘പഞ്ചവത്സര പദ്ധതി’ എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘‘സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഞാൻ ഒരുപാട് പേരുടെ അടുത്ത് അവസരം ചോദിച്ച് പോയിട്ടുണ്ട്. അറിയപ്പെടുന്ന ഒരു സംവിധായകൻ എന്നെ ചീത്ത വിളിച്ചിട്ടുമുണ്ട്. ആരാണെന്ന് ഞാന്‍ പറയുന്നില്ല. ഒരു സുഹൃത്തിന്റെ റഫറന്‍സിലാണ് അദ്ദേഹത്തെ പോയി കണ്ടത്. കുറെ നേരം കാത്തുനിന്നിട്ടാണ് കാണാൻ കഴിഞ്ഞത്. ഞാന്‍ ഫോട്ടോകൾ കൊടുത്തു. അദ്ദേഹം വിളിക്കാമെന്ന് പറഞ്ഞു. കുറെ നാൾ കഴിഞ്ഞിട്ടും വിളിയൊന്നുമില്ലാതിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. 

ഓഡിഷന്‍ നടക്കുന്നുണ്ടോ എന്നറിയാനാണ് വിളിച്ചത്. അദ്ദേഹം ‘താന്‍ ആരാണെന്നാണ് തന്റെ വിചാരം’ എന്ന രീതിയി ചീത്ത വിളി തുടങ്ങി. കോടികള്‍ മുടക്കി നിര്‍മിക്കുന്ന സിനിമയില്‍ നിന്റെ മുഖം കാണാനാണോ ആളുകള്‍ വരുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ എല്ലാം കേട്ടുനിന്നു. അന്ന് ചെറിയ സങ്കടമൊക്കെ തോന്നിയിരുന്നു. പിന്നെ ചിന്തിച്ചു, പുള്ളി ചിലപ്പോള്‍ വേറെന്തെങ്കിലും സിറ്റുവേഷനില്‍ ഇരിക്കുകയായിരിക്കും, ആ സമയത്തായിരിക്കും എന്റെ കോള്‍ വന്നിട്ടുണ്ടാകുകയെന്ന്.

സെവന്‍സിന്റെ സമയത്ത് ജോഷി സാറിന്റെ അടുത്ത് ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്. പക്ഷേ കിട്ടിയില്ല. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ലോഞ്ചിന് ജോഷി സാറിന്റെ അടുത്താണ് ഞാന്‍ ഇരുന്നത്. ഞാന്‍ ചാന്‍സ് ചോദിച്ചു വന്നിരുന്ന കാര്യം അന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. പക്ഷേ സാര്‍ അത് ഓര്‍ക്കുന്നുണ്ടായിരുന്നില്ല. പണ്ട് വിനയന്‍ സാറിന്റെ മുന്നിലൂടെയും അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയൊക്കെ ചെയ്തിരുന്നു. കണ്ടിട്ടെങ്കിലും എടുക്കട്ടെ എന്നു കരുതി. നമ്മള്‍ വിചാരിക്കുന്നത് നമുക്ക് ഒടുക്കത്തെ ലുക്ക് ആണന്നല്ലേ. ആരും ചാൻസ് തരാതാകുമ്പോൾ ചെറിയ വിഷമം തോന്നും പക്ഷേ, അതൊക്കെ സിനിമയുമായി മുന്നോട്ട് പോകാനുള്ള ഊർജം പകർന്നതേയുള്ളൂ’’.–സിജു വില്‍സണ്‍ പറയുന്നു.

ചുരുക്കം സിനിമകളിലൂടെത്തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സിജു വില്‍സണ്‍. പ്രേമം, നേരം അടക്കം ഒട്ടനവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളും ഹാപ്പി വെഡ്ഡിങ്സ് പോലുള്ള സിനിമകളിൽ നായകവേഷവും സിജു വില്‍സണ്‍ ചെയ്തിട്ടുണ്ട്. നായകനെന്ന നിലയിൽ ശോഭിക്കാൻ സിജുവിന് കഴിഞ്ഞത് വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ടി’ലൂടെയാണ്.ബി​ഗ് ബജറ്റിൽ വലിയ കാൻവാസിൽ ഒരുക്കിയ ചരിത്ര സിനിമ താരത്തിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മാറി

English Summary:

Unveiling the Challenges: Siju Wilson's Candid Tale of Facing Rejection in Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com