ഓണ്‍ലൈനായി വോട്ട് ചെയ്യാമെന്ന് ജ്യോതിക; പരാമർശത്തിന് ട്രോൾ
Mail This Article
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതിക നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എല്ലാ വര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്നു പറഞ്ഞാണ് ജ്യോതിക മറുപടി പറയാന്‍ ആരംഭിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ എല്ലാ വര്‍ഷവും എന്ന പരാമര്‍ശം ജ്യോതിക എല്ലാ അഞ്ചു വര്‍ഷവും എന്ന് തിരുത്തി. മുംബൈയില്‍ ‘ശ്രീകാന്ത്’ എന്ന ഹിന്ദി ചിത്രത്തിന്‍റെ പ്രമോഷനിടെയായിരുന്നു നടിയുടെ വിവാദപരാമർശം.
‘‘ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല. ചിലപ്പോള്‍ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കില്‍ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും. ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമില്ലേ. എല്ലാം പരസ്യമാക്കപ്പെടുന്നില്ല. ജീവിതത്തിന് ഒരു സ്വകാര്യ വശമുണ്ട്, അതിനെ മാനിക്കുകയും അതിനുള്ള ഇടം നൽകുകയും വേണം.” എന്നാണ് ജ്യോതിക തുടര്‍ന്ന് പറഞ്ഞത്
ഇതില്‍ ‘ഓൺലൈനിലൂടെ വോട്ട് ചെയ്യാം’ എന്ന നടിയുടെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോൾ ആയത്. നമ്മള്‍ അറിയാതെ ഇവര്‍ക്ക് പ്രത്യേക സംവിധാനം ഉണ്ടോയെന്നാണ് ചിലരുടെ ചോദ്യം. ജ്യോതികയെ പരിഹസിച്ചും നിരവധിപേർ എത്തി.
ചെന്നൈയിലാണ് ജ്യോതികയുടെ വോട്ട്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 19ന് തമിഴ്നാട്ടില്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വോട്ട് ചെയ്യാന്‍ ജ്യോതിക എത്തിയിരുന്നില്ല. സൂര്യയും മറ്റ് കുടുംബാംഗങ്ങളും വോട്ട് ചെയ്തിരുന്നു. ജ്യോതികയുടെ അസാന്നിധ്യം അന്നും തമിഴകത്ത് വാർത്തയായിരുന്നു.