ബസ് ഓടിച്ചത് യദു തന്നെയെന്ന് റിപ്പോർട്ട്; ഇപ്പോൾ ഓർമ തിരിച്ചു കിട്ടിയോയെന്ന് നടി റോഷ്ന
Mail This Article
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന റോയ് ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. റോഷ്ന പറയുന്ന തീയതിയിൽ, പരാതിക്കു കാരണമായ ബസ് ഓടിച്ചത് യദുവാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. ജൂൺ 18ന് തിരുവനന്തപുരം ഡിപ്പോയിൽനിന്നു ബസ് വഴിക്കടവിലേക്ക് യാത്ര തിരിച്ചു. 19 നാണ് മടങ്ങിയത്. അന്നേദിവസം അപമാനിക്കപ്പെട്ട സംഭവം റോഷ്‌ന സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി.
‘‘ദൈവത്തിന് നന്ദി. കൂടെ നിന്നവർക്കൊക്കെ ഒരുപാട് നന്ദി. ഈ ഒരു തെളിവു മാത്രം മതി. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ .... എനിക്കു ഉണ്ടായ ഒരു വിഷയം ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം തെളിഞ്ഞു ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും. ഇനിയും ന്യായീകരിക്കാൻ വരുന്നവരോട് എനിക്കൊന്നും പറയാനില്ല. രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡിൽ നടന്ന വിഷയമായി ആലോചിക്കു…. ഒരു ആളെ ഒരു കാര്യവുമില്ലാതെ അസഭ്യം പറഞ്ഞു വണ്ടിയിൽ കയറി പോകുന്നതിനോട് നിങ്ങൾക്ക് നല്ല അഭിപ്രായം ആണെങ്കിൽ, പിന്നെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല.’’–ഇങ്ങനെയായിരുന്നു ഈ വാർത്തയോട് റോഷ്നയുടെ പ്രതികരണം.
മലപ്പുറത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ കുന്നംകുളത്ത് വച്ച് യദു അശ്ലീല ഭാഷയില്‍ സംസാരിച്ചുവെന്നാണ് റോഷ്നയുടെ ആരോപണം. എന്നാൽ നടിയുടേത് ആരോപണം നുണയാണെന്നും മേയർ ആര്യ രാജേന്ദ്രനെ സഹായിക്കാനാണെന്നുമുള്ള വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു.
എന്നാല്‍, റോഷ്നയുമായി അങ്ങനൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും വഴിക്കടവ് സര്‍വീസ് നടത്തിയതായി ഓര്‍മയില്ലെന്നും ഡിപ്പോയില്‍ പരിശോധിച്ചാലേ ഇത് പറയാന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു യദു മാധ്യമങ്ങളോടു പറഞ്ഞത്.
കെഎസ്ആർടിസി ബസിനു മുന്നിൽ കാർ നിർത്തി ഡ്രൈവറോടു തർക്കിച്ച സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ ശക്തമായ സൈബറാക്രമണം നടക്കുന്നതിനിടയിലായിരുന്നു മലപ്പുറം – എറണാകുളം റൂട്ടിൽ ഡ്രൈവർ യദുവിൽ നിന്ന് ദുരനുഭവം ഉണ്ടായതായി റോഷ്നയുടെ വെളിപ്പെടുത്തൽ. അന്നത്തെ സംഭവം വിശദമായി രോഷ്ന സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 'നടുറോഡിൽ സ്ഥിരം റോക്കി ഭായ്' കളിക്കുന്ന വ്യക്തിയാണ് വിവാദത്തിലകപ്പെട്ട ഡ്രൈവറെന്ന് നടി പറയുന്നു.
യദുവിനെതിരെ സമാനമായ കേസുകളും ആരോപണങ്ങളും നേരത്തെയും ഉണ്ടായിട്ടുണ്ട്. റോഷ്നയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സംഭവത്തിന്റെ ഗൗരവം വർധിച്ചു.