ഞാനൊരു അന്തർമുഖൻ: എനിക്ക് പട്ടിയെ ഭയങ്കര പേടി: അൽത്താഫും ജിയോ ബേബിയും പറയുന്നു
Mail This Article
സംവിധായകർ അഭിനേതാക്കളാകുമ്പോൾ എന്തെങ്കിലും പ്രത്യേക ഗുണമുണ്ടോ? സാഹചര്യം മനസിലാക്കി നിൽക്കാനാകും, അങ്ങനെ സിനിമയുടെ ചിത്രീകരണത്തിന് എളുപ്പമുണ്ടാകും എന്ന് കരുതുന്നവരുണ്ട്. പുതിയ ചിത്രമായ ‘മന്ദാകിനി’യിൽ നായകനായി എത്തുന്നത് സംവിധായകനും നടനുമായ അൽത്താഫ് സലീം ആണ്. അൽത്താഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സുഹൃത്തായി എത്തുന്നത് മറ്റൊരു സംവിധായകനായ ജിയോ ബേബിയും. പുതിയ സിനിമയുടെ വിശേഷങ്ങളുമായി ജിയോ ബേബിയും അൽത്താഫ് സലീമും...
അഭിനയിക്കാൻ ‘ഒന്നും നോക്കാറില്ല’
ജിയോ ബേബി: അഭിനയിക്കാൻ വിളിക്കുമ്പോൾ ‘വരാം’ എന്നു പറയും. മറ്റൊന്നും നോക്കാറില്ല. ആ സിനിമയുടെ സംവിധായകന് നമ്മൾ ചെയ്ത ജോലിയിൽ തൃപ്തിയുണ്ടാകണം. നമ്മളെക്കൊണ്ട് വലിയ ശല്യം ഉണ്ടാകരുത് എന്നാണ് ചിന്തിക്കുന്നത്. അല്ലാതെ ആ കഥാപാത്രം എങ്ങനെയാണെന്ന് നോക്കേണ്ട കാര്യം എനിക്കില്ല. അങ്ങനെ ശ്രദ്ധിച്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാവുന്ന തരം നടനായി ഞാൻ മാറിയിട്ടുമില്ല. വരുന്നതെല്ലാം ചെയ്യുന്നുണ്ട്.
സിനിമയിലെ തിരക്ക്
ജിയോ ബേബി: സിനിമ ഷൂട്ട് ചെയ്യുമ്പോഴോ, മുൻപോ ശേഷമോയുള്ള പ്രൊഡക്‌ഷൻ സമയത്തോ മാത്രമേ തിരക്കുള്ളു. ഇപ്പോൾ 'കാതൽ' സിനിമ കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞല്ലോ. ‘കാതൽ’ ചെയ്യാൻ ഞാൻ മുഴുവനായി എടുത്ത സമയം 60 ദിവസമൊക്കെ ആയിരിക്കും. ബാക്കി മുഴുവൻ സമയവും ഉണ്ട്. പക്ഷേ എനിക്ക് വീടുണ്ട് പിള്ളേരുണ്ട്. ആ ഒരു തിരക്കുണ്ട്. വീട്ടിൽ കുറച്ച് ലോക്ഡാണ്. ഞാൻ അഭിനയിക്കാൻ പോകുമ്പോൾ വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനൊക്കെയുള്ള പ്രശ്നങ്ങളെ ഉള്ളൂ. ഇപ്പോൾ അഭിനയിച്ച 'മന്ദാകിനി'യുടെ ഷൂട്ട് എറണാകുളത്ത് തന്നെയായിരുന്നു. രാവിലെ പോകും. വൈകുന്നേരം തിരിച്ചു വരും. അത് എഴുത്തിനെയൊന്നും ബാധിക്കില്ല. അഭിനയിക്കുക മാത്രം ചെയ്യുന്ന ലൊക്കേഷനിൽ അടുത്തതായി ഞാൻ എഴുതാൻ പോകുന്ന സിനിമയുടെ കാര്യങ്ങൾ ആലോചിക്കുകയും അത് ചർച്ച ചെയ്യാൻ എന്റെ കൂട്ടുകാരെ വിളിക്കുകയും ചെയ്യും. ഷൂട്ട് എന്നു പറഞ്ഞാൽ ഒരു ദിവസം കുറച്ചല്ലേ ഉണ്ടാകൂ. ബാക്കി ഒരുപാട് ഫ്രീടൈം കിട്ടും. വേണമെങ്കിൽ എഴുതാൻ വരെ പറ്റും.
സ്വസ്ഥതത, സന്തോഷം, സമാധാനം
ജിയോ ബേബി: കൊച്ചിനെ ഞാൻ നോക്കണം അല്ലെങ്കിൽ പാർട്ണർ നോക്കണം. നമ്മൾ രണ്ടുപേരും അല്ലെ ഉള്ളൂ. ഒരാൾ പുറത്തു പോകുമ്പോൾ മറ്റേയാൾ കുട്ടിയെ നോക്കണം എന്നത് സ്വാഭാവികമാണ്. പേരന്റിങ്ങ് എന്നു പറയുന്നത് വലിയ ഉത്തരവാദിത്തമാണ്. അതിൽ സമത്വം വേണം. കുട്ടികളെ ദൂരെ തറവാട്ടിൽ നിർത്തുമ്പോൾ നമുക്ക് വല്ലാത്തൊരു ആശ്വാസം തോന്നും. മക്കളെ മാറ്റി നിർത്തുമ്പോൾ സമാധാനമോ എന്ന് അമ്പരപ്പെടുന്നവരുണ്ട്. എനിക്ക് അത് സ്വസ്ഥതത, സന്തോഷം, സമാധാനം എന്നിവയാണ്. കുറച്ചു ദിവസം കഴിയുമ്പോൾ അത് മാറും. അവരെ കാണാൻ തോന്നും. നമ്മൾ തന്നെ കെട്ടിക്കേറി അങ്ങോട്ടു ചെല്ലും. ഇതിനകത്ത് രസങ്ങളുണ്ട്. അതേപോലെ നല്ല കഷ്ടപ്പാടുമാണ്.
മന്ദാകിനി എന്ന പുതിയ സിനിമ
അൽത്താഫ് സലിം: ഒരു വിവാഹം നടക്കുന്നു. വിവാഹരാത്രിയിൽ നടക്കുന്ന ഒരു കുഞ്ഞു സംഭവത്തെത്തുടർന്ന് അന്തരീക്ഷം കുളമാകും. പിന്നെയുണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരങ്ങളുമാണ് സിനിമ. ചിരിച്ചാസ്വദിച്ചു കാണാൻ പറ്റുന്ന നല്ല ഒരു സിനിമയാണ്.
തമാശയുണ്ടാകുന്ന വിധം
അൽത്താഫ് സലിം: ഓക്സിജൻ, ഭക്ഷണം, ഹ്യൂമർ ഇത് മൂന്നും വേണം എനിക്കു ജീവിക്കാൻ. ഇഷ്ടമുള്ള തമാശ സിനിമകളൊക്കെ കണ്ടിട്ടാണു ഞാൻ ഉറങ്ങാൻ കിടക്കുന്നത്. എനിക്ക് ഇഷ്ടമുള്ള ഏരിയ ഹ്യൂമറാണ്. അതുകൊണ്ട് തമാശയുടെ സ്വാധീനം ഞാൻ ചെയ്യുന്ന സിനിമകളിൽ ഉണ്ടാകും.
ജിയോ ബേബി: നമ്മൾ തമാശ എഴുതുമ്പോൾ നമുക്ക് ആദ്യം ചിരി വരണം. അങ്ങനെ അല്ലെങ്കിൽ, പ്രേക്ഷരോട് ചിരിക്കൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ‘‘ദേ കാണുന്നവർ ഇതിനു ചിരിക്കും’’ എന്നു പറഞ്ഞിട്ട് തമാശ എഴുതാൻ പറ്റില്ല. സാഹചര്യങ്ങളോട് ചേർന്നു വരുന്ന തമാശക്കൾ മാത്രമേ വിജയിക്കൂ.
കരച്ചിൽ; സിനിമ, ജീവിതം
ജിയോ ബേബി: ജീവിതത്തിൽ നടക്കുന്ന ഒരുപാട് കാര്യങ്ങൾ സിനിമയിലേക്ക് വരാറുണ്ട്. എങ്കിലും എല്ലാം സിനിമയാക്കാൻ ആകില്ലല്ലോ. നമ്മൾ വിഷമിച്ച് കരഞ്ഞുകൊണ്ടിരിക്കുമ്പോൾ നാളെയിത് സിനിമയാക്കാം എന്ന് ഒരിക്കലും ചിന്തിക്കില്ലല്ലോ. അപ്പോൾ തോന്നുമ്പോൾ കരയുക അല്ലെങ്കിൽ ചിരിക്കുക. പക്ഷേ പിന്നീടെപ്പോഴെങ്കിലും അത്തരം കഥാപാത്രങ്ങളൊക്കെ നമ്മുടെ കഴിഞ്ഞുപോയ സാഹര്യത്തിലൂടെ കടന്നുപോകുന്നു എന്ന് തോന്നുമ്പോൾ ജീവിതത്തിലെ നിമിഷങ്ങൾ ഉറപ്പായിട്ടും എടുത്ത് ഉപയോഗിക്കും.
ആൾക്കൂട്ടത്തിലെ ഒരാൾ പ്രത്യേകരീതിയിലാണ് നടക്കുന്നതെങ്കിൽ ഞാൻ അങ്ങനെ നടന്നൊക്കെ നോക്കാറുണ്ട്. നമ്മളെ പരിചയമില്ലാത്ത സ്ഥലത്താണ് പോകുന്നതെങ്കിൽ ഞാൻ വേറൊരു മനുഷ്യനായി നടക്കും. നമുക്കത് രസമാണ്. പാർട്ണറും മക്കളുമൊക്കെ നിർത്താൻ പറയുമ്പോളാണ് ഞാൻ കുറേനേരമായല്ലോ വേറെ ഒരാളായി നടക്കുന്നു എന്നൊക്കെ ചിന്തിക്കുന്നത്.
സിനിമയിൽ നിൽക്കുമ്പോൾ പ്രശ്നമില്ല
അൽത്താഫ് സലിം: ഞാനൊരു അന്തർമുഖനാണ്. പക്ഷേ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്കത് പ്രശ്നമല്ല. അല്ലാത്ത സമയത്ത് ഒട്ടും കംഫർട്ടല്ല. ഫാമിലിയുടെ കൂടെ വീട്ടിൽ തന്നെ ഇരിക്കും. പേരന്റ്സിന്റെ അടുത്ത് പോകും. അല്ലെങ്കിൽ എന്റെ ഫ്രണ്ട്സിന്റെ കൂടെ ഇരിക്കും. ഷൂട്ട് ചെയ്യുമ്പോൾ ജോലിയുടെ ഭാഗമായതു കൊണ്ട് തിരക്കും ആൾക്കൂട്ടവും ഞാനറിയാറില്ല.
പ്രകടനപരത
ജിയോ ബേബി: ഇപ്പോൾ കാഴ്ച്ചയിൽ എങ്ങനെയിരിക്കുന്നു എന്നെല്ലാം ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ഞാനിട്ടിരിക്കുന്ന ഷർട് പാർട്ണർ വാങ്ങിച്ചതാണ്. ഞാനിതിൽ അത്ര കോൺഷ്യസ് അല്ല. പക്ഷേ ഞാൻ ഭാരം കുറച്ചു. XXL ൽ നിന്ന് Large ലേക്ക് മാറി സൈസ്. സിനിമയുമായി ബന്ധപ്പെട്ട കാരണത്തിൽ മെലിഞ്ഞതല്ല.
കാറും വലിയ വീടുമൊക്കെ ഈ കച്ചവടത്തിന്റെ ഭാഗമായിരിക്കും. പക്ഷേ കാറിലൊന്നും എനിക്ക് ക്രെയ്സ് ഇല്ല. ചെറുപ്പകാലത്ത് സ്വപ്നമായിരുന്ന കാറാണ് ഞാനിപ്പോൾ ഓടിക്കുന്നത്. അഞ്ചുവർഷമായി ആ കാറ് എന്റെകൂടെയുണ്ട്. അതാണ് എനിക്ക് കംഫർട്ട്.
പേടിയും ഓസിഡിയും
ജിയോ ബേബി: പട്ടി കടിച്ചതുകൊണ്ട് എനിക്ക് പട്ടിയെ ഭയങ്കര പേടിയാണ്. ഓസിഡി എന്ന പ്രശ്നമുണ്ട്. അത് വലിയൊരു പ്രശ്നമാണ്. നമ്മൾ വേറൊരാുടെ കൂടെ ജീവിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം, റഫ്രിജറേറ്റർ, മാലിന്യസംസകരണം എന്നിങ്ങനെ ചില കാര്യങ്ങളിൽ ചില നിഷ്‌ഠകളുണ്ട്. എനിക്ക് അസഹനീയമായ ചിലതു കാണുമ്പോൾ പ്രശനം വരും. വീട്ടിലുള്ള വേറെ ആർക്കും പ്രശ്നം ഉണ്ടാകാത്ത സ്ഥിതിക്ക് നമ്മുടെ പ്രശ്നം നമ്മൾ തന്നെ മാനേജ് ചെയ്യണം. ഇങ്ങനെയുള്ള സംഘർഷങ്ങൾ വീട്ടിൽ ഉണ്ടാകാറുണ്ട്. ചിലപ്പോൾ പഴക്കമുള്ള ഒരു സാധനം റഫ്രിജറേറ്ററിൽ ഉണ്ടെങ്കിൽ ആ റഫ്രിജറേറ്റർ ഇരിക്കുന്ന വീട്ടിൽ എനിക്ക് താമസിക്കാൻ പറ്റില്ല എന്നൊക്കെ തോന്നിപ്പോകും. ഇപ്പോൾ കുറെയൊക്കെ മാറി.