സിനിമയെ വേറിട്ട രീതിയിൽ അവതരിപ്പിച്ച പ്രതിഭ: സംഗീത് ശിവനെ ഓർത്ത് മോഹൻലാൽ
Mail This Article
സംവിധായകൻ സംഗീത് ശിവന്റെ അപ്രതീക്ഷിത വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. സിനിമയിൽ ഒരു പ്രത്യേക ശൈലിയുടെ ഉടമയായിരുന്നു സംഗീത് ശിവൻ എന്ന് നടൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോഹൻലാൽ പ്രതികരിച്ചു.
‘സിനിമയിൽ ഒരു പ്രത്യേക ശൈലിയുടെ ഉടമസ്ഥനായിരുന്നു സംഗീത് ശിവൻ. സിനിമയെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ പ്രതിഭയുള്ള, മിടുക്കനായ ആൾ. അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഒപ്പം സംഗീത് ശിവന്റെ ആത്മാവിനു വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു’, മോഹൻലാൽ പറഞ്ഞു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു സംഗീത് ശിവന്റെ (65) വിയോഗം. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.