കല്യാണം വേണ്ടെന്ന് ‘ബേസിൽ’, എതിർപക്ഷത്ത് ‘പൃഥ്വി’; ‘കലക്കൻ’ ട്രെയിലർ
Mail This Article
ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോർത്തിണക്കിയ കോമഡി എന്റർടെയ്നറാകും ചിത്രം.
ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്നു. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. തമിഴ് നടൻ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു.
നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. മുഴുനീള കോമഡി എന്റർടെയ്നറായാണ് സിനിമ ഒരുങ്ങുന്നത്.
ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ റിനി ദിവാകർ, ആർട് ഡയറക്ടർ സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ അശ്വതി ജയകുമാർ.