എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു: പ്രഭാസ്
Mail This Article
സൂപ്പർതാരം പ്രഭാസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ഇടയില്‍ വൈറൽ. ‘‘പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നു. കാത്തിരിക്കൂ.”–ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രഭാസ് കുറിച്ചു. സ്റ്റോറി വൈറലായതോടെ പ്രഭാസിന്റെ വിവാഹകാര്യമാണ് ചര്‍ച്ചകളില്‍ നിറയുന്നത്.
താരം വിവാഹിതനാകാന്‍ പോകുന്നുവെന്നും ഉടന്‍ തന്നെ അക്കാര്യം വെളിപ്പെടുത്തും എന്നൊക്കെയാണ് വാർത്തകൾ വരുന്നത്. നടന്റെ ഫാന്‍ പേജുകളിലും ഇത് വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ഇതൊരു ‘പ്രാങ്ക്’ ആയിരിക്കാമെന്നും പുതിയ സിനിമയുടെ പ്രമോഷനാണെന്നും അഭിപ്രായമുയരുന്നുണ്ട്. എന്തായാലും അടുത്ത അപ്ഡേറ്റിനുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്റെ ആരാധകര്‍.
44കാരനായ പ്രഭാസിന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. ബാഹുബലി റിലീസ് ചെയ്തതിനു പിന്നാലെ നടന്റെ വിവാഹവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ആരാധകരുടെ ഇടയിൽ ഉയർന്നിരുന്നു. പ്രഭാസും സഹതാരം അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന പ്രചാരണവും ചൂടുപിടിച്ചു. പിന്നീട് പ്രണയം നിഷേധിച്ച് ഇരുവരും രംഗത്തെത്തിയതോടെ ആ ഗോസിപ്പിന് അവസാനമായി. ഈ വർഷമെങ്കിലും താരം വിവാഹിതനാകും എന്ന പ്രതീക്ഷയിലാണ് പ്രഭാസ് ആരാധകർ.
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കല്‍ക്കി 2898 എഡി’ ആണ് പ്രഭാസിന്റെ പുതിയ ചിത്രം. ജൂണ്‍ 27-നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, രാജേന്ദ്ര പ്രസാദ്, പശുപതി, അന്ന ബെന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.