ADVERTISEMENT

ഒരു ട്രെയിൻ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് എന്ന ചിത്രം പറയുന്നത്. വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയായ ഫൂൽ കുമാരിയെ (നിതാൻഷി ഗോയൽ) ദീപക്ക് (സ്പർഷ് ശ്രീവാസ്തവ്) എന്ന യുവാവിന് നഷ്ടമാകുന്നു. നഷ്ടപ്പെടുന്നതല്ല വധുവിനെ മാറിപ്പോകുന്നതാണ്. ഫൂലിനു പകരം പുഷ്പ (പ്രതിഭ രന്ത) എന്ന യുവതിയെയാണ് വധുവാണെന്നു കരുതി ദീപക്ക് വീട്ടിലേക്കുകൊണ്ടുവരുന്നത്.

ഫൂലിനെ തേടിയുള്ള ദീപക്കിന്റെ ശ്രമങ്ങളാണ് സിനിമ പറയുന്നത്. വിവാഹമെന്ന സിസ്റ്റത്തിന്റെ പാട്രിയാർക്കൽ സ്വഭാവത്തെയും സ്ത്രീകൾ വെറും ശരീരങ്ങൾ ആണെന്ന പൊതുബോധത്തെയും സിനിമ ചോദ്യം ചെയ്യുന്നുണ്ട്. മുഖം മറച്ച നവവധുക്കൾ തമ്മിലാണ് സിനിമയിൽ മാറിപ്പോകുന്നതും. ബിപ്ലബ് ഗോസാമിയുടെ നോവലിനെ അടിസ്ഥാനമാക്കി സ്നേഹ ദേശായി ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. കിരൺ രാവോ ആണ് സംവിധാനം.

nitanshi-goel3
നിതാൻഷി ഗോയൽ

രണ്ട് ധ്രുവങ്ങളിലുള്ള സ്ത്രീകളാണ് ഫൂലും, പുഷ്പ എന്നു പേരു മാറ്റി പറയുന്ന ജയയും. കൃഷിയെക്കുറിച്ച് അറിവുള്ള എല്ലാത്തിലും അഭിപ്രായമുള്ള ആ പ്രദേശത്ത് ഏറ്റവും മോശം കാര്യമായി കണക്കാക്കുന്ന “ഭർത്താവിന്റെ പേര് പറയുന്ന” സ്ത്രീയായ ജയയും ഭർത്താവിൽ നിന്നും കൈവിട്ടു പോയ നിമിഷം പോലും പൊലീസ് ഉദ്യോഗസ്ഥരോട് ഭർത്താവിന്റെ പേര് പറയാൻ മടിക്കുന്ന അയാളുടെ ഗ്രാമത്തിന്റെ പേരറിയാത്ത ഫൂലും തമ്മിൽ വലിയ അന്തരമുണ്ട്. 

പതിനാറുകാരിയായ നിതാൻഷി

വളരെ നിഷ്കളങ്കമായ ഫൂലിന്റെ പല പ്രവർത്തികളും പ്രേക്ഷകനിൽ ചിരി ഉണ്ടാക്കുന്നവയാണ്. ആ നിഷ്കളങ്കത തന്നെ ആണ് അവളുടെ പ്രത്യേകതയും. നിതാൻഷി ഗോയൽ അത് മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ നിതാന്‍ഷിയുടെ പ്രായവും അതിനെ സഹായിക്കുന്നുണ്ട്.  നിഷ്കളങ്കതയിൽ നിന്നും തന്റെ ജീവിതം എന്താണെന്നും അതെങ്ങനെ ജീവിക്കണമെന്നും അവൾ പഠിക്കുന്നത് റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടുമുട്ടുന്ന മഞ്ജു മായിയിൽ (ഛായാ കഥം) നിന്നാണ്. ചിത്രത്തിലെ കാസ്റ്റിങ് എടുത്ത് പറയേണ്ടതാണ്. പതിനാറുകാരിയായ നിതാൻഷി മൈദാൻ എന്ന അജയ് ദേവ്ഗൺ ചിത്രത്തിലും അഭിനയിച്ചിരുന്നു.

nitanshi-goel
നിതാൻഷി ഗോയൽ

23കാരിയായ പ്രതിഭ രന്ത

ജയ ആകട്ടെ പുതിയ അവസ്ഥയോട് പൊരുത്തപ്പെട്ടു കൊണ്ട് നിൽക്കുമ്പോഴും തന്റെ ചുറ്റിലും ഉള്ളവർക്ക് അവരുടെ മനസ്സിനുള്ളിലെ പെണ്ണെന്ന സങ്കൽപ്പത്തെ തന്നെ തിരുത്തി എഴുതി കൊടുക്കുന്നുമുണ്ട്. പെൺകുട്ടികൾക്ക് വിവാഹം കഴിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് ഉള്ളത് എന്നാണ് ഇന്ത്യയിലെ ഏതൊരു നാട്ടിലെയും പോലെ ആ ഗ്രാമത്തിലെ ആളുകളുടെയും ചിന്താഗതി. എന്നാൽ തന്റെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ജയ അവളുടെ ജീവിതം കൊണ്ട് അവരുടെ ചിന്താഗതികളെ മാറ്റിമറിക്കുന്നു. പ്രതിഭാ രന്തയുടെ ശക്തമായ അഭിനയം ജയയ്ക്ക് പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം നൽകാൻ കാരണമാകുന്നുണ്ട്. 23 വയസ്സ് മാത്രം ഉള്ള പ്രതിഭ അടുത്തിടെ ഇറങ്ങിയ “ഹീരാമന്ദി” എന്ന വെബ് സീരീസിലും മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു.

prathiba-ranta3
പ്രതിഭ രന്ത

25കാരനായ സ്പർഷ് ശ്രീവാസ്തവ

‘ബാലികാ വധു’ എന്ന ടിവി സീരിയലിലൂടെ സിനിമയിലെത്തിയ സ്പർഷ് ശ്രീവാസ്തവ സിനിമയുടെ നെടുംതൂണിൽ ഒന്നാണ്. ഫൂലിനോടുള്ള അയാളുടെ പ്രണയം കൊണ്ടും, വളരെ മൃദുലമായ പെരുമാറ്റം കൊണ്ടും അയാൾ പ്രേക്ഷകരുടെ മനസ്സിൽ കയറി കൊള്ളുന്നു. സ്ത്രീകൾ എഴുതുന്ന പുരുഷ കഥാപാത്രങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാണെന്ന് പറയാറുള്ളത് ഇവിടെയും കാണാം. പൊതുവിൽ അത്തരം ആവിഷ്കാരങ്ങളിൽ ഒട്ടും സാമ്യമല്ലാത്ത പുരുഷന്മാരെ കാണാൻ കഴിയും. അവർ കുറച്ചു കൂടി തങ്ങളുടെ വികാരങ്ങളെ പുറത്തു കാണിക്കുന്നവർ ആയിരിക്കും. 

prathiba-ranta
പ്രതിഭ രന്ത

ചിത്രത്തിലെ സ്ത്രീകൾക്കിടയിൽ എല്ലാം ഒരു സിസ്റ്റർ ഹുഡ് രൂപപ്പെട്ടു വരുന്നത് കാണാം. ജയ എത്തുന്ന വീട്ടിൽ ദീപക്കിന്റെ സഹോദരന്റെ ഭാര്യയും അയാളുടെ അമ്മയും മുത്തശ്ശിയും ഉണ്ട്. തുടക്കത്തിലെ അവർക്കിടയിലെ പരിഭവങ്ങൾ ഒക്കെയും ജയകാരണം മാറിമറിയുന്നു. സ്ത്രീകൾ സ്ത്രീകൾക്ക് തന്നെ താങ്ങായി മാറുന്നതിലെ സൗന്ദര്യം സിനിമയുടെ ഒടുവിലേക്ക് എത്തുമ്പോൾ കാണാം. ദീപക്കിന്റെ അമ്മയും മുത്തശ്ശിയും തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കാനും അവർക്കിടയിൽ സൗഹൃദം സൃഷ്ടിച്ചെടുക്കാനും ജയയ്ക്ക് കഴിയുന്നുണ്ട്. തിരികെയെത്തുന്ന ഫൂലിനും ജയയ്ക്കും ഇടയിൽ പോലും അല്പസമയമേ ഉള്ളൂ എങ്കിലും ആ സൗഹൃദം രൂപപ്പെടുന്നുണ്ട്. 

സ്ത്രീകൾക്കിടയിലെ സൗഹൃദത്തെയും സ്ത്രീകൾ സ്ത്രീകൾക്ക് തന്നെ താങ്ങും വിലങ്ങും ആയി മാറുന്നതിനെയും ചിത്രം പ്രേക്ഷകന് കാണിച്ചു കൊടുക്കുന്നു. ഫൂലിനെ ശക്തയായി മാറ്റിയ മഞ്ജുമായിയും വളരെ ഇടുങ്ങിയ ചിന്താഗതിയുള്ള ഒരു കുടുംബത്തിന് തന്നെ മാറ്റിയെടുത്ത ജയയും തന്റെ സ്നേഹത്തിൽ ഉറച്ചുനിന്ന ഫൂലും ചിത്രത്തിനെ സൗന്ദര്യമുള്ളതാക്കി മാറ്റുന്നുണ്ട്.

sparsht
സ്പർഷ് ശ്രീവാസ്തവ

പല ക്ലീഷേ സ്വഭാവമുള്ള രംഗങ്ങൾ ഉണ്ടായിട്ടു കൂടി പറയുന്ന രാഷ്ട്രീയം കൊണ്ടും ആവിഷ്കാരത്തിലെ സൗന്ദര്യാത്മകത കൊണ്ടും ലാപത്താ ലേഡീസ് മുന്നിട്ടുനിൽക്കുന്നു. ബോളിവുഡിലെ സ്ഥിരം ആൺ കാഴ്ചകളിൽ നിന്നുമൊരു മോചനം കൂടിയാണ് ഈ ചിത്രം.

English Summary:

This 'Laapataa Ladies' actor is a part of 'Heeramandi'. Did you notice?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com