നിങ്ങൾ പറഞ്ഞത് ശരി: രശ്മികയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി
Mail This Article
നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി. ‘‘തീർച്ചയായും നിങ്ങൾ പറഞ്ഞത് ശരിയാണ്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല’’.–രശ്മികയുടെ എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് നിരന്തരം യാത്ര ചെയ്യാറുണ്ടെന്നും, അടൽ സേതു പാലം വന്നതോടെ യാത്രയിലുണ്ടായ മാറ്റത്തെ ചൂണ്ടിക്കാട്ടിയുമായിരുന്നു രശ്മിക മന്ദാനയുടെ എക്സ് പോസ്റ്റ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ ബിഹാരി വാജ്പേയി സെവ്രി - നാവ ഷെവ അടൽ സേതുവിനേക്കുറിച്ച് എഎൻഐയോട് സംസാരിക്കുകയായിരുന്നു അവർ. പ്രധാനമന്ത്രിയെ അഭിനന്ദിച്ച താരം, മുംബൈയിലെ ഗതാഗത ശൃംഖലയെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണിതെന്നും അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്ര ഇനി 20 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാം. അത് നമുക്ക് വിശ്വസിക്കാൻ പോലുമാകില്ല. ഇത് നടക്കുമെന്ന് ആരും കരുതിയിരുന്നില്ല. നവി മുംബൈയിൽ നിന്ന് മുംബൈയിലേക്കും ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും മുംബൈയിലേക്ക് പോകാമെന്നും രശ്മിക കൂട്ടിച്ചേർത്തു.
‘‘എവിടെ പോകണമെങ്കിലും വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. ഞാനിതിൽ അഭിമാനിക്കുന്നു. എനിക്ക് തോന്നുന്നു ഇന്ത്യ എവിടെയും നിൽക്കുന്നില്ല, നമ്മുടെ രാജ്യത്തിന്റെ വളർച്ച തന്നെ നോക്കൂ. കഴിഞ്ഞ 10 വർഷമായി രാജ്യം എങ്ങനെ വളർന്നുവെന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. അടിസ്ഥാന സൗകര്യങ്ങൾ, നമ്മുടെ രാജ്യത്തെ വിവിധ പദ്ധതികൾ, റോഡ് ആസൂത്രണം അങ്ങനെ എല്ലാം വളരെ മികച്ചതാണ്. ഇതിപ്പോൾ നമ്മുടെ സമയമാണെന്ന് ഞാൻ കരുതുന്നു. അത് വളരെ അതിശയകരമായ കാര്യമാണ്.
സത്യസന്ധമായി പറയുകയാണെങ്കിൽ എനിക്ക് പറയാൻ വാക്കുകളില്ല. ഏറ്റവും സ്മാർട്ടായ രാജ്യമാണ് ഇന്ത്യയെന്ന് ഞാൻ പറയാനാഗ്രഹിക്കുന്നു. യങ് ഇന്ത്യ വളരെ വേഗത്തിൽ വളരുകയാണ്. യുവതലമുറ വളരെ ഉത്തരവാദിത്തമുള്ളവരാണ്. അതുകൊണ്ട് തന്നെ നിങ്ങൾ എന്ത് പറഞ്ഞാലും അവരെ സ്വാധീനിക്കാനാകില്ല. എന്താണ് സംഭവിക്കുന്നതെന്ന് അവർ കാണുന്നുണ്ട് മാത്രമല്ല വളരെ ഉത്തരവാദിത്തോടെയാണ് ആളുകൾ പെരുമാറുന്നതും. രാജ്യം ശരിയായ വഴിയിലൂടെയാണ് പോകുന്നത്.’’–രശ്മികയുടെ വാക്കുകൾ.