ഇതെന്റെ സുരേശന്റെ ദിവസം: രാജേഷ് മാധവനു ആശംസകളുമായി പ്രതിശ്രുതവധു
Mail This Article
നായകനായെത്തുന്ന ആദ്യ സിനിമ തിയറ്ററുകളിലെത്തുമ്പോൾ നടൻ രാജേഷ് മാധവന് ആശംസകൾ നേർന്ന് പ്രതിശ്രുത വധു ദീപ്തി കാരാട്ട്. നിങ്ങൾ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ ദിവസമെന്നും വിജയമല്ലാതെ മറ്റൊന്നും നേരാനാകില്ലെന്നും ദീപ്തി പറയുന്നു.
‘‘ഇന്ന് ശരിക്കും ഒരു വലിയ ദിവസം ആണ്. ഉയർച്ച താഴ്ചകളിലൂടെയുള്ള, സന്തോഷത്തിൽ നിന്ന് നിരാശയിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. സുരേശനാകാൻ നിങ്ങൾ കാണിച്ച അർപ്പണബോധവും കഠിനാധ്വാനവും ഞാൻ കണ്ടു. ഒരു അസോഷ്യേറ്റ് ഡയറക്ടർ എന്ന നിലയിലും നിങ്ങളുടെ പങ്കാളി എന്ന നിലയിലും അതിന് സാക്ഷിയായി സെറ്റിൽ ഞാനുണ്ടായിരുന്നു. എനിക്ക് നിന്നെയോർത്ത് അഭിമാനിക്കാതിരിക്കാൻ വയ്യ. എന്റെ ഹൃദയം അഭിമാനത്താൽ വീർപ്പുമുട്ടുന്നു. നിങ്ങൾ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ ദിവസം. നിങ്ങൾക്ക് വിജയമല്ലാതെ മറ്റൊന്നും നേരാനാവില്ല! എന്റെ സുരേഷിനും അവന്റെ ഹൃദ്യമായ പ്രണയകഥയ്ക്കും ആശംസകൾ.’’–ദീപ്തി കുറിച്ചു.
രാജേഷ് മാധവനെയും ചിത്ര. എസ്. നായരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. രതീഷ് തന്നെ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ചിത്രമാണിത്.
ന്നാ താൻ കേസ് കൊട്, സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളുടെ അസോഷ്യേറ്റ് ഡയറക്ടർമാരിൽ ഒരാൾ കൂടിയാണ് ദീപ്തി.
കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ടെലിവിഷൻ രംഗത്തു ജോലി ആരംഭിച്ച രാജേഷ് അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്. സനൽ അമന്റെ അസ്തമയം വരെ എന്ന ചിത്രത്തിൽ പ്രൊഡക്‌ഷൻ കൺട്രോളറായിട്ടാണ് രാജേഷിന്റെ തുടക്കം. തിരക്കഥയെഴുത്തിൽ താൽപ്പര്യമുള്ള രാജേഷും സുഹൃത്ത് രവി ശങ്കറും ദിലീഷ് പോത്തനരികിൽ കഥ പറയാൻ ചെന്നതാണ് വഴിത്തിരിവായത്. ദിലീഷ് മഹേഷിന്റെ പ്രതികാരത്തിൽ ഒരു ചെറിയ വേഷം നൽകിയതോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ദിലീഷിന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു.