ADVERTISEMENT

രണ്ടുദിവസത്തിനു മുൻപ് റിലീസ് ആയ ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി പരാതി. സിനിമയുടെ മുഴുവൻ പതിപ്പ്  ട്രെയിനിൽ ഇരുന്നു കാണുന്ന ഒരു യുവാവിന്റെ വിഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. തിരുവനന്തപുരത്തുനിന്ന്  എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനിൽ ഇരുന്നാണ് ഒരാൾ സിനിമ കാണുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് മഞ്ജിത്‌ പറയുന്നു. ഒരുപാടുപേരുടെ കഷ്ടപ്പാടിന്റെ ഫലമായ സിനിമ ഇത്തരത്തിൽ വ്യാജപതിപ്പിറക്കി പ്രചരിപ്പിക്കുകയും ആസ്വദിക്കുകയും  ചെയ്ത വ്യക്തിയെ കണ്ടെത്താൻ പൊതുജനങ്ങളും പൊലീസും സഹായിക്കണം എന്നുപറഞ്ഞാണ് മഞ്ജിത് സമൂഹ മാധ്യമങ്ങളിൽ വിഡിയോയും കുറിപ്പും പങ്കുവച്ചത്. 

‘‘ഇന്നലെ ലോകമെമ്പാടും റിലീസ് ആയ  ഗുരുവായൂരമ്പലനടയിൽ ചിത്രത്തിന്റെ വിഡിയോ ആണ്  തിരുവനന്തപുരത്തുനിന്ന്  എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനിൽ ഒരു മഹാൻ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത്  ഈ വിഡിയോ എന്റെ കയ്യിൽ കിട്ടുമ്പോൾ അവൻ നമ്മുടെ കയ്യിൽ നിന്നും മിസ്സായി. ഇപ്പോൾ ഏകദേശം ആ ട്രെയിൻ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററിൽ എത്തിയിട്ട് മണിക്കൂറുകൾ മാത്രം. പണം മുടക്കുന്ന നിർമാതാവിന് അതിനേക്കാൾ വേദനയും.ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ്.’’–മഞ്ജിത് ദിവാകർ കുറിച്ചു.

തിയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമയാണ് വിപിൻ ദാസ് സംവിധാനം ചെയ്തു പൃഥ്വിരാജ് ബേസിൽ ജോസഫ് എന്നിവർ പ്രധാനകഥാപാത്രങ്ങളെത്തിയ ഗുരുവായൂരമ്പലനടയിൽ. ആദ്യ ദിനം തന്നെ ചിത്രം തിയറ്ററിൽ നിന്ന് വാരിയത് 3.75 കോടിയാണ്. മലൈക്കോട്ടൈ വാലിബൻ, ആടുജീവിതം എന്നീ ചിത്രങ്ങൾക്കുശേഷം ഈ വർഷം ഏറ്റവും കൂടുതൽ ആദ്യദിന കലക്‌ഷൻ ലഭിക്കുന്ന ചിത്രമാണിത്.  

ഒരിടവേളയ്ക്കു ശേഷം മുഴുനീള കോമഡി വേഷത്തിൽ ആനന്ദൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ വിനുവായി ബേസിലും പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാനെത്തുന്നു.  നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.  പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

English Summary:

Director Manjit Diwakar Exposes Illegal Streaming of 'Guruvayoorambalanadayil'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com