‘അത് ഗുരുവായൂർ നടയല്ല, സിനിമാ സെറ്റ്’; കൗതുക കാഴ്ച പങ്കുവച്ച് സംവിധായകൻ
Mail This Article
'ഗുരുവായൂരമ്പലനടയിൽ' സിനിമയുടെ സെറ്റിലെ രസകരമായ വിഡിയോ പുറത്തുവിട്ട് സംവിധായകൻ വിപിൻ ദാസ്. സിനിമാ ചിത്രീകരണത്തിനായി ഗുരുവായൂർ അമ്പലത്തിന്റെ സെറ്റ് ഒരുക്കിയിരുന്നു. ഇതു യഥാർഥ ക്ഷേത്രമാണെന്നു ധരിച്ച്, തൊഴുതു പ്രാർഥിക്കുന്ന സ്ത്രീയുടെ വിഡിയോയാണ് സംവിധായകൻ പങ്കുവച്ചത്.
'ഗുരുവായൂരമ്പലടനടയിൽ സ്ഥിരമുള്ള കാഴ്ചകളിൽ ഒന്ന്!! എല്ലാ ക്രെഡിറ്റും ആർട് ഡയറക്ടർ സുനിലേട്ടന്' എന്ന അടിക്കുറിപ്പോടെയായിരുന്നു സംവിധായകന്റെ പോസ്റ്റ്. വിപിൻ ദാസ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കായ്പ്പോള, ഫാലിമി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലാസംവിധായകൻ സുനിൽ കുമാരൻ ആണ് ചിത്രത്തിനായി ഗംഭീര സെറ്റ് ഒരുക്കിയത്. മഞ്ഞുമ്മൽ ബോയ്സിനു ശേഷം ഒറിജിനലിനെ വെല്ലുന്ന കിടിലൻ സെറ്റ് ഒരുക്കി പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രവും. മൂന്നരക്കോടി മുടക്കിയാണ് സെറ്റ് ഒരുക്കിയതെന്നാണ് റിപ്പോർട്ട്.
ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പലനടയില്‍’ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. സിനിമയ്ക്കായി ഗുരുവായൂരമ്പലം സെറ്റിടുകയായിരുന്നുവെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോർത്തിണക്കിയ കോമഡി എന്റർടെയ്നറാണ് ചിത്രം.