തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാലും അണിയറ പ്രവർത്തകരും
![mohanlal-at-l360-location എൽ360 സെറ്റിൽ തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ ആഘോഷങ്ങളിൽ മോഹൻലാൽ (Photo: Special Arrangement)](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/5/19/mohanlal-at-l360-location.jpg?w=1120&h=583)
Mail This Article
സംവിധായകൻ തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ എൽ 360 യുടെ സെറ്റിൽ ആഘോഷിച്ച് മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ മോഹൻലാൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ്ങിനിടെ തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. തരുൺ മൂർത്തിയുടെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും സിനിമയുടെ അണിയറപ്രവർത്തകരും മകന്റെ പിറന്നാൾ ആഘോഷമാക്കാൻ എത്തിയിരുന്നു.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ 360–ാമത്തെ ചിത്രമാണ്. വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻലാലും ശോഭനയും ഒരുമിച്ച് വീണ്ടും ഒരു സെറ്റിൽ എത്തിയത് വലിയ വാർത്തയായിരുന്നു. ഇഷ്ടജോഡികൾ ഒന്നിക്കുന്നത് സൂപ്പർതാരം മോഹൻലാലിന്റേയും ശോഭനയുടെയും ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്.
![shobana-mohanlal shobana-mohanlal](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’ ആയിരുന്നു മോഹൻലാൽ ശോഭന എന്നിവർ ഒരുമിച്ചെത്തിയ അവസാന ചിത്രം. പുതിയ ചിത്രത്തിൽ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണ് എൽ 360.