അതിഥി തൊഴിലാളികൾ എങ്ങനെ കൊലപാതകികളായി മാറുന്നു: ബാബു ജനാർദനൻ തന്റെ പുതിയ സിനിമയിലൂടെ പറയുന്നത്
Mail This Article
പെരുമ്പാവൂരിൽ നിയമവിദ്യാർഥിയായ പെൺകുട്ടി കൊല്ലപ്പെട്ടത്തിന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെ ജീവിതം സിനിമയാക്കാനൊരുങ്ങി സംവിധായകനും തിരക്കഥാകൃത്തുമായ ബാബു ജനാർദനൻ. ആ പെൺകുട്ടിയുടെ മരണം അറിഞ്ഞതുമുതൽ എന്തുകൊണ്ട് അതിഥി തൊഴിലാളികൾ ഇത്തരത്തിൽ കുറ്റവാളികൾ ആകുന്നു എന്ന അന്വേഷണത്തിലായിരുന്നു താനെന്ന് ബാബു ജനാർദനൻ പറയുന്നു. മനസ്സ് മരവിപ്പിക്കുന്ന ക്രൂരതയാണ് ആ പെൺകുട്ടിയോട് അമീറുൽ ഇസ്‍ലാം എന്ന തൊഴിലാളി ചെയ്തത്. അമീറുൽ ഇസ്‌ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഇന്നലെ ഹൈക്കോടതി ശരിവച്ചിരുന്നു. താൻ സിനിമയാക്കാനൊരുങ്ങുന്നത് ഈ കേസ് അല്ലെന്നും ആ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾ എന്തുകൊണ്ട് ഇത്തരത്തിൽ കുറ്റവാളികൾ ആകുന്നു എന്ന അന്വേഷണവും ബീഹാറിലും കേരളത്തിലുമായി നടത്തുന്ന ഒരു ഫിക്‌ഷനുമാണ് സിനിമയെന്നും ബാബു ജനാർദനൻ പറയുന്നു. പ്രശസ്ത ഹിന്ദി താരമായ ആദർശ് ഗൗരവിനോപ്പം ഒരു മലയാളി താരവും പ്രധാനകഥാപാത്രമാകുന്ന സിനിമയുടെ തിരക്കഥാരചന പൂർത്തിയായിട്ടുണ്ട് എന്ന് ബാബു ജനാർദനൻ മനോരമ ഓൺലൈനിനോട് പറഞ്ഞു
‘‘പെരുമ്പാവൂരിൽ നിയമവിദ്യാർഥിയായ പെൺകുട്ടി കൊല്ലപ്പെട്ടത് മുതൽ എന്റെ മനസ്സിൽ കയറിക്കൂടിയ ആശയമാണ് എന്തുകൊണ്ട് അതിഥി തൊഴിലാളികൾ ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ നടത്തുന്നു എന്നത്. ആ കേസിന്റെ കൂടുതൽ വിവരങ്ങളിലേക്കു പോയപ്പോൾ അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് തുടങ്ങിയ എന്റെ സിനിമകൾ പോലെ ഇതിൽ നിന്ന് ഒരു ഫിക്‌ഷൻ എഴുതാമെന്ന് തോന്നി. ഈ കഥയുടെ തിരക്കഥ ഞാൻ തന്നെ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. യഥാർഥ സംഭവം അതുപോലെ സിനിമ ആക്കുകയല്ല മറിച്ച് ആ സംഭവം ഒരു ത്രെഡ് ആക്കി വച്ച് നമ്മൾ കൂടുതൽ പ്രാധാന്യം കൊടുത്ത് ബീഹാറിൽ നിന്നും അസാമിൽ നിന്നുമൊക്കെ വരുന്ന അതിഥി തൊഴിലാളികളുടെ ജീവിതവും മാനസികാവസ്ഥയും ചർച്ചാവിഷയം ആകുകയാണ്. ഇവർക്കൊക്കെ ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. എഴുപതുകളിൽ കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് വന്ന അഭയാർഥികൾ, അവരുടെ പിൻ തലമുറ അവർ അനുഭവിച്ച കഷ്ടപ്പാടുകൾ തുടങ്ങി അവരുടെ ജീനുകളിൽ പോലും ഭയങ്കരമായ തിക്ത ജീവിതാനുഭവങ്ങളിൽ നിന്ന് വന്നതിന്റെ പ്രശ്നമുണ്ട്. അത്കൊണ്ടാണ് അവർ ഇങ്ങനെ കുറ്റവാസന പ്രകടിപ്പിക്കുന്നത്. സിനിമയിൽ ഇതൊക്കെ പ്രതിപാദിക്കും.
അരവിന്ദ് അഡിഗയുടെ അവാർഡ് കിട്ടിയ ‘വൈറ്റ് ടൈഗർ’ എന്ന നോവലിൽ ഇതുപോലെ ഒരാൾ ഡൽഹിയിൽ പോയി ഒരു കൊല നടത്തുന്നതിനെപറ്റി പറയുന്നുണ്ട്. അതിൽ കൃത്യമായി ഇവരുടെ മനസികാവസ്ഥയെപ്പറ്റി പറയുന്നുണ്ട്. അതുപോലെ തന്നെ കേരളത്തിൽ വന്നു ജോലി ചെയ്തു ജീവിക്കുന്ന അതിഥി തൊഴിലാളി എന്തുകൊണ്ട് ഒരു പെൺകുട്ടിയെ കൊല ചെയ്യുന്ന വിധത്തിലേക്ക് പോകുന്നു, അയാളുടെ അറസ്റ്റ് പൊലീസ് അന്വേഷണം, അതിലുപരി ഇത്തരത്തിൽ ഇവർ എന്തുകൊണ്ട് ഇങ്ങനെ ആകുന്നു എന്നതൊക്കെ സിനിമയിൽ ചർച്ച ചെയ്യും. ബീഹാറിലും കേരളത്തിൽ പെരുമ്പാവൂരിലുമായിരിക്കും ഷൂട്ടിങ് ലൊക്കേഷൻ. ഒരു മാസത്തോളം ബീഹാറിൽ ഉണ്ടാകും. വൈകാതെ തന്നെ ചിത്രീകരണം തുടങ്ങും.
ബീഹാറിലൊക്കെ ആളുകൾ വണ്ടിക്കൂലി ഉണ്ടെങ്കിൽ കൽക്കട്ടയിലും ഡൽഹിയിലും പോയി ഡ്രൈവർ ആകും. അതിനു വഴി ഇല്ലാത്തവർ കേരളത്തിൽ വന്ന് കൂലിപ്പണി ചെയ്യും. അതിനും പറ്റാത്തവർ കന്നിനെ മെയ്‌ച്ചു നടക്കുന്നവർ ഉണ്ട്, കൽക്കരി പൊട്ടിക്കുക, മീൻ പിടിത്തം ഒക്കെയാണ് പിന്നെയുള്ള ജോലികൾ. കേരളത്തിൽ വരുക എന്നതാണ് അവരിൽ പലരുടെയും സ്വപ്നം. നമ്മുടെ സുഖലോലുപമായ ജീവിതമൊന്നും അവർ അനുഭവിച്ചിട്ടില്ല. അവരുടെ ജീവിതമൊക്കെ ഭയങ്കര കഷ്ടപ്പാട് നിറഞ്ഞതാണ്. അവിടെനിന്ന് എന്തുകൊണ്ട് ഇവർ പുറപ്പെടുന്നു, കേരളത്തിൽ നിന്ന് തിരിച്ചുപോകുന്ന അവർ എങ്ങനെയായിരിക്കും പെരുമാറുക അവരുടെ കുടുംബ പശ്ചാത്തലം എന്നതൊക്കെയായിരിക്കും അവിടെ ചിത്രീകരിക്കുക. ഇവരൊക്കെ ഭയങ്കര വയലന്റ് ആണ്. നിസാര കാര്യത്തിന് തലയടിച്ചു പൊട്ടിക്കുകയും ലോക്കപ്പിലാവുകയും പിറ്റേന്ന് അതെല്ലാം മറക്കുകയും ചെയ്യും.
ഞാൻ ഇതുവരെ എഴുതിയ സിനിമകളിൽ അധികവും യഥാർഥ സംഭവങ്ങളോ, ജീവചരിത്രങ്ങളോ ഒക്കെയാണ്. അച്ഛനുറങ്ങാത്ത വീട് സൂര്യനെല്ലി കേസ്, തലപ്പാവ് നക്സൽ വർഗീസിന്റെ കൊലപാതകം, ഞാൻ സംവിധാനം ചെയ്ത ബോംബെ മാർച്ച് 12, ബോംബെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു. ഇത്തരത്തിൽ യഥാർഥ സംഭവങ്ങളൊക്കെയാണ് എനിക്ക് തിരക്കഥയാക്കാൻ താൽപര്യം. പ്രധാനമായും രണ്ടു കഥാപാത്രങ്ങളയിരിക്കും ചിത്രത്തിൽ ഉണ്ടായിരിക്കുക. ഹിന്ദി വെബ് സീരീസിലും വൈറ്റ് ടൈഗറിലുമൊക്കെ അഭിനയിച്ച് പ്രശസ്തനായ ആദർശ് ഗൗരവ്, പിന്നെ മറ്റൊരു കൽക്കട്ട നടൻ. ഇവരെയൊക്കെ ബന്ധപ്പെട്ടുണ്ട് പക്ഷേ ഉറപ്പായിട്ടില്ല. മലയാളിയായ ഒരാളെ ബീഹാറി ആയി അഭിനയിച്ചാൽ എങ്ങനെയിരിക്കും എന്നും നോക്കുന്നുണ്ട്. സപ്പോർട്ടിങ് താരങ്ങൾ കുറേപ്പേർ ഉണ്ടാകും. സിനിമ ചെയ്യാം എന്ന് തീരുമാനിച്ചിട്ടുണ്ട് എന്നാൽ അണിയറപ്രവർത്തകർ ആരെന്ന് ഒന്നും തീരുമാനം ആയിട്ടില്ല.’’–ബാബു ജനാർദനൻ പറയുന്നു.