അവരെ മലയാളികൾ തള്ളും, തള്ളണം: ‘ഉണ്ണി മുകുന്ദൻ’ വിവാദത്തിൽ പ്രതികരിച്ച് ഷെയ്ൻ നിഗം
Mail This Article
ലിറ്റിൽ ഹാർട്സ് എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടത്തിയ ചില പരാമർശങ്ങളിൽ വ്യക്തത വരുത്തി നടൻ ഷെയ്ൻ നിഗം. വിഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും മതവിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ തന്റെ വാക്കുകൾ കാരണമായെന്നതു കൊണ്ടാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതെന്നും നടൻ പറഞ്ഞു.
ഷെയ്ൻ നിഗത്തിന്റെ വാക്കുകൾ ഇങ്ങനെ ‘കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വിഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു. പിന്നെ അവസരം മുതലെടുത്തു മതവിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം...
ഇത് ഷെയിൻ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയും, സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...'
ഉണ്ണി മുകുന്ദൻ ആരാധകരുടെ കൂട്ടായ്മയെക്കുറിച്ചു ഷെയ്ൻ നടത്തിയ ചില പരാമർശങ്ങളാണ് വൈറലാകുകയും പിന്നീട് വിവാദമാകുകയും ചെയ്തത്. അടുത്തിടെയായി പല സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപെടുന്ന ഷെയ്നെ ഇൗ വിഷയത്തിൽ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകളാണ് എത്തുന്നത്.