‘ദുഷ്ടാ എന്നെ െവടി വച്ചു കൊന്നിട്ടു നിന്നു ചിരിക്കുന്നോ?’; ബൈജുവിനോട് ഷാജോൺ
Mail This Article
എമ്പുരാൻ സിനിമയുടെ ലൊക്കേഷനിൽ നിന്നും നടൻ ബൈജു പങ്കുവച്ച ചിത്രവും അതിന് കലാഭവൻ ഷാജോൺ നൽകിയ കമന്റുമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജിനും മുരളി ഗോപിക്കും ഇന്ദ്രജിത്തിനുമൊപ്പം നിൽക്കുന്നൊരു ചിത്രമാണ് ബൈജു പങ്കുവച്ചത്.
ലൂസിഫറില്‍ മുരുകൻ എന്ന രാഷ്ട്രീയക്കാരനായാണ് ബൈജു എത്തിയത്. മുരുകന്റെ ലുക്കിലാണ് ബൈജുവിനെ ചിത്രത്തിലും കാണാനാകുക. ‘‘ദുഷ്ടാ എന്നെ െവടിവച്ചു കൊന്നിട്ടു നിന്നു ചിരിക്കുന്നോ?’’ എന്നായിരുന്നു കലാഭവൻ ഷാജോൺ ചിത്രത്തിനു നൽകിയ കമന്റ്.
അലോഷി എന്ന കഥാപാത്രമായാണ് ഷാജോൺ ലൂസിഫറിലെത്തിയത്. സിനിമയുടെ അവസാനം ബൈജുവിന്റെ കഥാപാത്രം അലോഷിയെ വെടിവച്ചുകൊല്ലുകയാണ്. ആ രംഗത്തിലെ ബൈജുവിന്റെ ഡയലോഗ് ആയ ‘ഒരു മര്യാദയൊക്കെ വേണ്ടടേ’ പിന്നീട് തരംഗമായി മാറിയിരുന്നു.
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന ഖ്യാതിയുള്ള ‘എമ്പുരാന്റെ’ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. 150 കോടി രൂപയാണ് സിനിമയുടെ ആദ്യം പ്രഖ്യാപിച്ച് ബജറ്റെങ്കിലും അതും കടന്നുപോകുമെന്നാണ് റിപ്പോർട്ടുകൾ. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേർന്നാണ് സിനിമയ്ക്കായി പണം മുടക്കുന്നത്.
മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പുതിയ കഥാപാത്രങ്ങൾ.