പേരു മാറ്റാൻ താൽപര്യമില്ല, മണ്ടിയാണെന്ന് പറയുന്നവർക്ക് മറുപടിയുണ്ട്: മഹിമ നമ്പ്യാർ
Mail This Article
പേരിലെ വാലുമായി ബന്ധപ്പെട്ട പരാമർശം വിവാദമാക്കിയത് ഞെട്ടിച്ചെന്ന് നടി മഹിമാ നമ്പ്യാർ. ജാതി നോക്കിയല്ല ന്യൂമറോളജി നോക്കിയാണ് പേര് മാറ്റിയതെന്നും ഇതുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിൽ വന്ന ചർച്ചകൾക്ക് അടിസ്ഥാനമില്ലെന്നും മഹിമ വ്യക്തമാക്കി. ലിറ്റിൽ ഹാർട്ട്സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൽ പങ്കുവയ്ക്കുകയായിരുന്നു മഹിമ. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഷെയിൻ നിഗവും മഹിമയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്.
‘‘പേരുമാറ്റാൻ എന്താണ് കാര്യമെന്നായിരുന്നു ചോദ്യം. അതുപക്ഷേ എഡിറ്റ് ചെയ്ത് തെറ്റായ രീതിയിലാണ് പുറത്തു പ്രചരിച്ചത്. പേരിനൊരു വാൽ എന്നത് ന്യൂമറോളജി നോക്കിയാണ് പറഞ്ഞത്, രണ്ടു പേരുണ്ടെങ്കിൽ ന്യൂമറോളജി പ്രകാരം നന്നാകും എന്നു കരുതി. എന്റെ ജാതിയെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ വാർത്തയാക്കിയപ്പോൾ ന്യൂമറോളജിയെക്കുറിച്ചോ, രണ്ടു പേരു വേണം എന്നു പറഞ്ഞതോ ആരും വാർത്തകളിൽ പരാമർശിച്ചില്ല.
പേരിനൊരു വാലുണ്ടെങ്കിൽ അവസരങ്ങൾ ലഭിക്കും അതിനായാണ് മഹിമ നമ്പ്യാർ എന്നു ചേർത്തത് എന്നായി ഒടുവിൽ വാർത്ത. എന്റെ മുത്തച്ഛന്റെ സർ നെയിമാണ് ഞാൻ ചേർത്തത്, അതിനുള്ള അവകാശം എനിക്കില്ലേ? ഗോപിക എന്നായിരുന്നു എന്റെ പേര്. ആ പേര് ഞാൻ ഇട്ടതല്ല, മഹിമ എന്നാക്കിയതും പിന്നീട് നമ്പ്യാർ എന്നു ചേർത്തതും ഞാനല്ല.
ന്യൂമറോളജി നോക്കി പേരിനൊപ്പം വാൽ ചേർത്തു എന്ന് പറഞ്ഞതാണ് ഇപ്പോൾ വലിയ വിവാദമാക്കിയിരിക്കുന്നത്. എന്നെ വ്യക്തിപരമായി അറിയുന്നവർക്ക് മനസ്സിലാകും, ജാതി, മതം എന്നിവ നോക്കി ആളുകളെ വിലയിരുത്തുന്ന ആളല്ല ഞാൻ. ന്യൂമറോളജി നോക്കി രണ്ട് പേര് വേണമെന്നു പറയുന്നത് മണ്ടത്തരമാണെന്നായിരിക്കും ഇനി പറയുക. ന്യൂമറോളജി നോക്കി രണ്ടു പേര് വേണം എന്നു പറയുന്നത് ഒരു പക്ഷേ ശുദ്ധ മണ്ടത്തരമായിരിക്കാം.
നമ്മൾ ഇന്നു ജീവിക്കുന്ന സമൂഹത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയാണോ എന്ന പല കമന്റ്സും കണ്ടു. ഒരു പക്ഷേ ഞാൻ മണ്ടിയായിരിക്കാം അല്ലെങ്കിൽ എനിക്കു പേരിട്ട എന്റെ പേരന്റ്സിന്റെ മണ്ടത്തരമായിരിക്കാം. എനിക്ക് ആ പേരിട്ട സംവിധായകൻ മണ്ടനായിരിക്കാം. എന്റെ പേര് അങ്ങനെയായിപ്പോയി. അതിനി മാറ്റാൻ താൽപര്യമില്ല.
ആർഡിഎക്സിനു മുമ്പ് വരെ നല്ല ഓഫറുകളൊന്നും വന്നിട്ടില്ല എന്നതാണ് സത്യം. മധുരരാജയും മാസ്റ്റർപീസും മാത്രമാണ് മലയാളത്തിൽ നിന്നും വന്നിട്ടുള്ളൂ. ആർഡിഎക്സിനു ശേഷം നല്ല ഓഫറുകൾ വരുന്നുണ്ട്. മലയാളത്തിൽ തന്നെ നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണം.’’–മഹിമയുടെ വാക്കുകൾ.