കാനിൽ നേട്ടം കൊയ്ത് ദിവ്യപ്രഭ; ആഹ്ലാദം അലതല്ലി കോയമ്പത്തൂരിലെ വീട്
Mail This Article
‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിലൂടെ’ കാൻ ചലച്ചിത്രമേളയിലെ നടി ദിവ്യപ്രഭയുടെ നേട്ടത്തെ ആഹ്ലാദത്തോടെ വരവേറ്റ് കുടുംബം. വാർത്ത അറിയാനായി കോയമ്പത്തൂരിലെ വീട്ടിൽ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു അമ്മ ലീലാമണിയും സഹോദരി വിദ്യ പ്രഭയും. കൊഗ്നിസെന്റിൽ എൻജിനീയർ ആയ വിദ്യ പ്രഭയുടെ കൂടെയാണ് ലീലാമണി ഇപ്പോൾ താമസിക്കുന്നത്. പിതാവ് പി.എസ്.ഗണപതി അയ്യരുടെ വിയോഗത്തിന്റെ വേദനയിൽ മകളുടെ നേട്ടം അവർക്ക് ആശ്വാസവാർത്തയായി. കേക്ക് മുറിച്ച് ആഹ്ലാദം പ്രകടിപ്പിച്ച ലീലാമണി, ദിവ്യയെയും അബുദാബിയിൽ ജോലിചെയ്യുന്ന മകൾ സന്ധ്യപ്രഭയെയും വിളിച്ച് സന്തോഷം പങ്കുവച്ചു.
സ്കൂൾ പഠനകാലത്തു തന്നെ മോണോ ആക്ടിലും നാടകാഭിനയത്തിലുമൊക്കെ സജീവമായിരുന്നു ദിവ്യപ്രഭ. സിനിമ പശ്ചാത്തലം ഇല്ലാത്ത കുടുംബം. എന്നിട്ടും, സിനിമയോടുള്ള തീവ്രമായ താൽപര്യം ദിവ്യയെ വെള്ളിത്തിരയിലെത്തിച്ചു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ അഭിനയത്തിൽ സ്വന്തം പ്രഭയും തെളിയിച്ചു, അവർ.
ചുരുക്കം സിനിമകളും ടെലിസീരിയലുകളും ദിവ്യപ്രഭയുടെ മികവിനു സാക്ഷ്യങ്ങളായി. ‘ഈശ്വരൻ സാക്ഷിയായി’ എന്ന ടെലിസീരിയലിലെ അഭിനയത്തിന് 2015 ൽ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം അവർ നേടി. തൃശൂർ അയ്യന്തോൾ ആണ് സ്വദേശം. തൃശൂരിൽ ലീഗൽ കൺസൽറ്റന്റായിരുന്നു പിതാവ് പി.എസ്.ഗണപതി അയ്യർ.
കൊല്ലം സെന്റ് മാർഗരറ്റ് സ്കൂളിൽ ആണ് ദിവ്യപ്രഭ പഠിച്ചത്. തുടർന്ന് കൊല്ലം ടികെഎം കോളജിൽ നിന്ന് ബിരുദമെടുത്തു. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ ബിരുദവും നേടി. കൊച്ചിയിലാണ് ദിവ്യപ്രഭ താമസിക്കുന്നത്.