ADVERTISEMENT

ജിസ് ജോയ്‍യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘തലവന്‍’ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ അതീവ സന്തോഷത്തിലാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലി. വാപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പമായിരുന്നു സിനിമയുടെ ആദ്യ ഷോ ആസിഫ് കണ്ടത്. ആദ്യമായാണ്‌ വാപ്പയും ഉമ്മയും തന്റെ ഒരു ചിത്രം കാണാന്‍ ആദ്യ ദിനം ആദ്യ ഷോയ്ക്കു തന്നെ വരുന്നതെന്ന് ആസിഫ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 

‘‘തിരിച്ചുവരവ് ആഘോഷിക്കുമ്പോള്‍ വാപ്പയും ഉമ്മയും കൂടെവേണം എന്നത് എന്റെ വാശിയായിരുന്നു. ഞാനിപ്പോൾ സിനിമയിൽ വന്നിട്ട് പതിനഞ്ച് വർഷമായി. ഇതുവരെയും അവർ എനിക്കൊപ്പം റിലീസിനന്ന് തിയറ്ററിൽ വന്നിട്ടില്ല. പിന്നെ സ്കൂളിലോ കോളജിലോ പഠിക്കുമ്പോൾ റിസൽട്ട് വരുമ്പോൾ കെട്ടിപ്പിടിക്കാനുള്ള സൗകര്യം ഞാൻ കൊടുത്തിട്ടില്ല.

asif-ali-father3

അപ്പോൾ അതിന്റെ സുഖമെന്താണെന്ന് അവരൊന്ന് അറിയട്ടെ. വ്യക്തിപരമായി ഒരുപാട് പ്രതീക്ഷയുള്ള സിനിമയായിരുന്നു ‘തലവൻ’. വാപ്പയും ഉമ്മയും തൊടുപുഴയിൽ നിന്നാണ് സിനിമ കാണാൻ വന്നത്. തിയറ്ററിലെ ആളുകളുടെ റിയാക്‌ഷൻ കഴിഞ്ഞ് മാധ്യമങ്ങൾ എന്റെ ചുറ്റും നിന്നു സംസാരിക്കുമ്പോൾ ദൂരെ നിന്ന് അഭിമാനത്തോടെ നോക്കുന്ന വാപ്പയെ ഒളികണ്ണിട്ടു നോക്കി ഞാൻ സന്തോഷിക്കുന്നുണ്ടായിരുന്നു.’’–ആസിഫ് അലിയുടെ വാക്കുകൾ.

asif-ali-mother

ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫിസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്‌ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം–പശ്ചാത്തലസംഗീതം ദീപക് ദേവ്, ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിങ് സൂരജ് ഇ.എസ്., കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോ. ഡയറക്ടർ സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ.എസ്., പ്രൊഡക്‌ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ.

English Summary:

Asif Ali About Thalavan Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com