ഇംഗ്ലിഷിൽ ചോദിച്ചാൽ ബബ്ബബ്ബ അടിക്കണ്ടല്ലോ: കാനിൽ പോകാത്തതിന്റെ കാരണം പറഞ്ഞ് അസീസ് നെടുമങ്ങാട്
Mail This Article
ഫോൺ എടുത്തപ്പോൾ ഹിന്ദിയിൽ സംസാരിക്കുന്നതു കേട്ട് കസ്റ്റമർ കെയറിൽ നിന്നുള്ള കോൾ ആണെന്നു കരുതി കട്ട് ചെയ്തതാണ് അസീസ് നെടുമങ്ങാട്. അന്ന് അസീസ് അറിഞ്ഞില്ല കാൻ ചലച്ചിത്ര മേളയിൽ തിളങ്ങുന്ന സിനിമയിലേക്കുള്ള കാസ്റ്റിങ് കോൾ ആണ് കട്ട് ചെയ്തതെന്ന്. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും സിനിമ കാൻ ഫെസ്റ്റിവലിൽ എത്തിയപ്പോൾ ഒപ്പം പോകാനുള്ള സിനിമാ സംഘത്തിന്റെ ക്ഷണം നിരസിക്കാനും അസീസിന് ഒരു കാരണമുണ്ടായിരുന്നു– ‘സായിപ്പന്മാർ വന്ന് ഇംഗ്ലിഷിൽ വല്ലതും ചോദിച്ചാൽ ബബ്ബബ്ബ അടിക്കണ്ടല്ലോ’.
ചിത്രത്തിൽ ഡോ.മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് അവതരിപ്പിച്ചത്. കനി കുസൃതി അവതരിപ്പിച്ച നഴ്സ് പ്രഭ എന്ന കഥാപാത്രത്തെ പ്രണയിക്കുന്ന ഡോക്ടറുടെ വേഷമാണിത്.
ഹിന്ദിയും ഇംഗ്ലിഷും അറിയാതെ എങ്ങനെ സിനിമയിൽ അഭിനയിച്ചു എന്ന ചോദ്യത്തിന് അസീസിന്റെ മറുപടി: ‘പുതിയതായി മുംബൈയിലെത്തിയ മലയാളി ഡോക്ടർ ആണ് എന്റെ കഥാപാത്രം. അതുകൊണ്ട്, എന്നെക്കൊണ്ടു പറയാൻ പറ്റുന്ന ഹിന്ദി മാത്രം മതിയായിരുന്നു അവർക്ക്’.
‘കണ്ണൂർ സ്‌ക്വാഡ്’ സിനിമയിൽ കൂടെയഭിനയിച്ച അർജുൻ രാധാകൃഷ്ണൻ അഭിനന്ദിക്കാൻ വിളിക്കുമ്പോഴാണ് അസീസിനു നേട്ടത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ബേസിൽ, നിർമാതാവ് ആന്റോ ജോസഫ് തുടങ്ങിയവരൊക്കെ വിളിച്ചിരുന്നു.
‘‘മമ്മൂക്ക ഇങ്ങോട്ട് മെസേജ് അയച്ചു, നീ എന്താടാ പോകാഞ്ഞത് എന്ന് ചോദിച്ചു. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ആളുകള്‍ പേര് മെന്‍ഷന്‍ ചെയ്ത് സ്‌റ്റോറി ഒക്കെ ഇട്ടു. കാണുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്.’’–അസീസ് പറയുന്നു.