തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് കാവ്യാ മാരന്, വിജയം ആഘോഷമാക്കി ഷാറുഖ്
Mail This Article
ഐപിഎൽ ഫൈനൽ മത്സരം പൂർത്തിയായ ശേഷം സൺ റൈസേഴ്സിന്റെ പതനത്തിൽ കരയുന്ന കാവ്യ മാരന്റെയും കെകെആറിന്റെ വിജയത്തിൽ ആഹ്ലാദിക്കുന്ന ഷാറുഖ് ഖാന്റെയും വിഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറല്‍. സൺ റൈസേഴ്സ് മത്സരങ്ങളിൽ ഗാലറിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ടീമിന്റെ ഉടമയായ കാവ്യ മാരൻ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാറുഖ് ഖാന്‍ കൊല്‍ക്കത്തയുടെ മൂന്നാം കിരീട നേട്ടം ആഘോഷമാക്കിയപ്പോള്‍ ഹൈദരാബാദ് ഉടമ കാവ്യമാരന്‍ കണ്ണീരണിഞ്ഞാണ് ഗാലറിയിൽ നിന്നുംമടങ്ങിയത്. ഹൈദരാബാദിന്റെ വിജയങ്ങള്‍ക്കൊപ്പം തുള്ളിച്ചാടുന്ന കാവ്യയെയും തോല്‍വിയില്‍ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയെയും ആരാധകര്‍ നിരവധി തവണ കണ്ടിട്ടുണ്ട്.
ഫൈനലിൽ തുടക്കം മുതല്‍ കാവ്യ സങ്കടത്തിലായിരുന്നു. അവസാനം ടീം പരാജയപ്പെട്ടപ്പോൾ ദുഃഖം നിയന്ത്രിക്കാനാകാതെ കാവ്യ പൊട്ടിക്കരയുകയായിരുന്നു. മകളെ പിന്തുണയ്ക്കാൻ നിർമാതാവും സൺടിവി ഗ്രൂപ്പ് ഉടമയുമായ കലാനിധി മാരനും ഗാലറിയിൽ ഉണ്ടായിരുന്നു.
അതേസയം, ഷാറുഖ് കുടുംബസമേതമായിരുന്നു ഫൈനൽ കാണാനെത്തിയത്. സ്വന്തം താരങ്ങളെ കെട്ടിപ്പിടിച്ചും എടുത്തുയര്‍ത്തിയും കിരീടനേട്ടം ആഘോഷമാക്കി. കൊല്‍ക്കത്തയ്ക്കു വേണ്ടി കയ്യടിച്ചും ആർപ്പുവിളിച്ചും ആവേശം വിതറുന്ന ഷാറൂഖ് ഖാന് പകരം നല്‍കുന്ന സമ്മാനം കൂടിയായി 10 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഐപിഎല്‍ കിരീടം.