ഡ്യൂപ്പില്ലാതെ മമ്മൂട്ടിയുടെ സാഹസികത; ‘ടർബോ’ മേക്കിങ് വിഡിയോ
Mail This Article
‘ടർബോ’യുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. അത്യുഗ്രന്‍ ആക്‌ഷൻ രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ സിനിമ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് നീങ്ങുന്നത്. മെഗാ സ്റ്റാറിന്റെ ഗംഭീര ആക്‌ഷൻ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
ഡ്യൂപ്പിന്റെ സഹായമില്ലാതെ അതിസാഹസികമായ ആക്‌ഷൻ രംഗങ്ങൾ ചെയ്യുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. ഫീനിക്സ് പ്രഭുവാണ് ആക്‌ഷൻ ഡയറക്ടർ.
തിയറ്ററുകളിലും ചിത്രം തകർത്താടുകയാണ്. 17.3 കോടിയാണ് ആദ്യദിനം ടർബോ സ്വന്തമാക്കിയിരിക്കുന്നത്. സമീപകാലത്ത് ആദ്യദിനം ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ മലയാള സിനിമ എന്ന ഖ്യാതിയും ടർബോയ്ക്ക് സ്വന്തം. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
കേരളത്തിലും റെക്കോർഡ് കലക്‌ഷനുമായായിരുന്നു ‘ടർബോ’യുടെ തേരോട്ടം. ആദ്യ ദിനം ചിത്രം വാരിയത് 6.2 കോടി. 2024ല്‍ ആദ്യദിനം ഏറ്റവുമധികം കലക്‌ഷന്‍ നേടുന്ന മലയാള ചിത്രമായി ഇതോടെ ടർബോ മാറി. മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) എന്നീ സിനിമകളുടെ റെക്കോർഡ് ആണ് ‘ടർബോ’ തിരുത്തി കുറിച്ചത്.
2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.