കാനിൽ അഭിമാന നേട്ടം; കനി കുസൃതിക്ക് സെറ്റിൽ ഗംഭീര വരവേൽപ്പ്
Mail This Article
കാൻ ചലച്ചിത്രമേളയിൽ അഭിമാനനേട്ടം കൈവരിച്ച കനി കുസൃതിക്ക് പുതിയ ചിത്രത്തിന്റെ സെറ്റിൽ ഹർഷാരവങ്ങളോടെ വരവേൽപ്പ്. മനു അശോകൻ സംവിധാനം ചെയ്യുന്ന 'ഐസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് സഹപ്രവർത്തകർ കനിയ്ക്ക് ഗംഭീര സ്വീകരണം ഒരുക്കിയത്.
ഓൾ വി ഇമാജിൻ ആസ് ലൈറ്റിലൂടെ കനി കൈവരിച്ച നേട്ടം ഇന്ത്യൻ സിനിമയ്ക്കു മാത്രമല്ല, മലയാള സിനിമയ്ക്കും അഭിമാനം പകരുന്ന ഒന്നാണെന്ന് സഹപ്രവർത്തകർ പ്രതികരിച്ചു. കാനിൽ ഗ്രാൻ പ്രി പുരസ്കാരമേറ്റു വാങ്ങി നിൽക്കുന്ന കനിയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചാണ് സഹപ്രവർത്തകർ ആഹ്ലാദം പങ്കിട്ടത്. ഐസ് സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് കനി കാൻ ചലച്ചിത്രമേളയിലേക്കു പോയത്. തിരികെ വന്നതും അതേ ലൊക്കേഷനിലേക്ക് ആയത് അതീവ സന്തോഷകരമായ അനുഭവമാണെന്ന് സഹപ്രവർത്തകർ പറഞ്ഞു.
സംവിധായകൻ മനു അശോകൻ, നിഖില നിമൽ, ശ്രുതി രാമചന്ദ്രൻ അടക്കമുള്ളവർ കനിയെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ബോബി–സഞ്ജയ്‌യുടെ തിരക്കഥയിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഐസ്. ഇതിന്റെ ചിത്രീകരണത്തിൽ നിന്ന് ഇടവേള എടുത്താണ് കനി കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ പോയത്.
പായൽ കപാഡിയ സംവിധാനം ചെയ്ത മലയാളം–ഹിന്ദി ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിലെത്തിയത്. ചിത്രം ഗ്രാൻ പ്രി പുരസ്കാരം നേടുകയും ചെയ്തു. 30 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.