എല്ലാ സിനിമകളിലും അച്ഛനും അമ്മാവനും വേണമെന്നുണ്ടോ?: സിദ്ദീഖ് പറയുന്നു
Mail This Article
ന്യൂ ജനറേഷൻ സിനിമകളിൽ നിന്ന് പഴയ താരങ്ങളെ മാറ്റി നിർത്തുന്നു എന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് നടൻ സിദ്ദീഖ്. പുതിയ കാലത്തെ നായികാനായകന്മാർക്ക് അച്ഛനും അമ്മയും ഇല്ല, മാതാപിതാക്കൾക്ക് വംശനാശം വന്നോ, സിനിമയിൽ കുറച്ചു ചെറുപ്പക്കാർ മാത്രം മതിയോ എന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സിദ്ദീഖ്. ന്യൂ ജനറേഷൻ സംവിധായകർ പറയുന്നത് ഇക്കയെ ഒക്കെ കാസ്റ്റ് ചെയ്യുന്നതാണ് നമ്മുടെ സ്വപ്നം എന്നാണ്. എല്ലാ സിനിമകളിലും അച്ഛനും അമ്മാവനും വേണമെന്നില്ല എന്നും വില്ലനായും മറ്റ് കഥാപാത്രങ്ങളെയും അനുയോജ്യമായ വേഷങ്ങൾ വന്നാൽ പുതിയ കുട്ടികളും തന്നെ സമീപിക്കാറുണ്ടെന്നും മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിൽ സിദ്ദീഖ് പറഞ്ഞു.
‘‘ഇപ്പോഴത്തെ കഥാപാത്രങ്ങൾക്ക് തന്തയും തള്ളയും ഇല്ല എന്ന് ചിലർ പറയാറുണ്ട്. അതൊക്കെ ചുമ്മാതെ പറയുന്നതാണ്. അതവരുടെ എസ്‌കേപിസം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മാറ്റിനിർത്തുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ എത്രയോ സിനിമകളിൽ പിതാവിന്റെ റോള് ഇപ്പോഴും ചെയ്യുന്നുണ്ട്. പല ന്യൂ ജനറേഷൻ സിനിമകളിലും അച്ഛന്റെയോ അല്ലെങ്കിൽ അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും റോളുകളോ ചെയ്യാറുണ്ട്.
എല്ലാറ്റിലും അച്ഛനും അമ്മാവനും വേണമെന്നില്ലല്ലോ, ചിലപ്പോൾ വില്ലനായിരിക്കും. ഒരു കഥാപാത്രത്തിന് നമ്മൾ അനുയോജ്യനാണെങ്കിൽ അവർ നമ്മളെ കാസ്റ്റ് ചെയ്യും. പുതിയ തലമുറയിലെ ഞാൻ അഭിനയിച്ചിട്ടില്ലാത്ത സിനിമയിലെ സംവിധായകർ പോലും എന്നോട് പറയാറുള്ളത് നമ്മൾ ഇപ്പോൾ ചെറിയ തട്ടിക്കൂട്ടൽ ഒക്കെ ചെയ്‌തെങ്കിലും ഇക്കയൊക്കെ നമ്മുടെ പടത്തിൽ അഭിനയിക്കുന്നതാണ് നമ്മുടെ സ്വപ്നം എന്നാണ്. ഒരിക്കലും അവർ നമ്മൾ ഔട്ട്ഡേറ്റഡ് ആയി എന്ന് പറഞ്ഞു കണ്ടിട്ടില്ല.
ചെറുപ്പക്കാർ മാത്രം ഉള്ളതല്ലല്ലോ, എല്ലാവരും കൂടി ഉള്ളതല്ലേ സിനിമ. സിനിമക്ക് എപ്പോഴും പുതുമ ആവശ്യമാണ്. കണ്ടുകൊണ്ടു മടുത്ത ആളുകളും വിഷയങ്ങളും സിനിമക്ക് പറ്റില്ല. കണ്ടുകൊണ്ടു മടുക്കാത്ത ആളുകൾ വേണം മടുപ്പിക്കാതെ നോക്കുക എന്നത് നമ്മുടെ ബാധ്യതയാണ്.’’–സിദ്ദീഖിന്റെ വാക്കുകൾ.