ADVERTISEMENT

‘ബിരിയാണി’ സിനിമയുമായി ബന്ധപ്പെട്ട് നടി കനി കുസൃതിയുടെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബു. അന്നത്തെ ബജറ്റിനനുസരിച്ചുള്ള പ്രതിഫലമാണ് അന്ന് കനി കുസൃതിക്കു നൽകിയിരുന്നതെന്നും പിന്നീടുള്ള സിനിമയുടെ എല്ലാ കാര്യങ്ങളിലും കനി സഹകരിച്ചിട്ടുണ്ടെന്നും സജിൻ പറയുന്നു. ‘ബിരിയാണി’ സിനിമ ചെയ്തത് ഒട്ടും താൽപര്യത്തോടെയല്ലെന്നും പൈസയുടെ കാര്യം ഓർത്ത് ചെയ്തതായിരുന്നുവെന്നും കനി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എഴുപതിനായിരം രൂപയാണ് അന്ന് അതിൽ അഭിനയിച്ചതിന് തനിക്കു ലഭിച്ച പ്രതിഫലമെന്നും കനി തുറന്നു പറഞ്ഞിരുന്നു.

സജിൻ ബാബുവിന്റെ വാക്കുകൾ: ‘‘കുറെ കാലം മുന്നേ ‘ബിരിയാണി’ എന്ന സിനിമ ഞാൻ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് ആദ്യമായി പ്രദർശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് ഉൾപ്പെടെ ദേശീയ അവാർഡും സംസ്ഥാന പുരസ്കാരവും നിരവധി രാജ്യാന്തര പുരസ്കാരങ്ങളും അംഗീകാരങ്ങളും അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു. സിനിമയുടെ രാഷ്ട്രീയം  എന്തെന്ന് മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുകയും അല്ലാത്തവർ എന്നോട് ചോദിക്കുമ്പോൾ എനിക്കുള്ള മറുപടിയും ഞാൻ അന്നേ കൊടുത്തിരുന്നു. ഇപ്പോഴും അതിന് വ്യക്തമായതും ഞാൻ നേരിട്ടതും ജീവിച്ചതും അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മറുപടി എനിക്ക് ഉണ്ട് താനും. ഞാനും എന്റെ കൂടെ വർക്ക് ചെയത സുഹൃത്തുക്കൾ അടങ്ങിയ ക്രൂവും വളരെ ചെറിയ പൈസയിൽ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്. 

ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി, നമ്മുടെ അന്നത്തെ ബജറ്റിനനുസരിച്ച് ഞങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവർ അത് വാങ്ങിയതുമാണ്. ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവർ സഹകരിച്ചിട്ടുമുണ്ട്. ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്നങ്ങളും ഞാനും കനിയും തമ്മിൽ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്നവും ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

ഇതിനേക്കാളൊക്കെ വലുത് ഒരു ഇന്ത്യൻ സിനിമ മുപ്പത് കൊല്ലത്തിന് ശേഷം മെയിൻ കോംബറ്റീഷനിൽ മത്സരിച്ച് ആദ്യമായി ഗ്രാൻഡ് പ്രി അവാർഡ് നേടി എന്നതാണ്. ഇത്രയും കാലത്തിനിടയ്ക്ക് ‘ബിരിയാണി’യെ കുറിച്ച് അധികം ചർച്ച ചെയ്യാത്തവർ കാനിൽ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി ‘ബിരിയാണി’യുടെ രാഷ്ട്രീയം വലിച്ചിഴയ്ക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ‘ബിരിയാണി’ക്ക് മുമ്പും, ഞാൻ ചെയ്ത സിനിമകളിൽ രാഷ്ട്രീയം ഉണ്ട്. അതിനു ശേഷം ചെയ്ത ‘തിയറ്റർ’എന്ന റിലീസ് ആകാൻ പോകുന്ന സിനിമയിലും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു. ഇത് ഇന്ന് രാവിലെ മുതൽ എന്നെ വിളിക്കുന്നവരോടുള്ള മറുപടിയാണ്.’’

English Summary:

Sajin Babu Addresses Controversy: Kani Kushi's Role in Award-Winning Film Biriyani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com