സംസ്ഥാന പുരസ്കാരത്തിനു ശേഷവും നല്ല അവസരങ്ങൾ മലയാളത്തിൽ നിന്നു വന്നില്ല: കനി കുസൃതി
Mail This Article
സംസ്ഥാന പുരസ്കാരം മലയാള സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നതിന് വഴിയൊരുക്കിയിട്ടില്ലെന്ന് കനി കുസൃതി. മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയ 'ബിരിയാണി'ക്കു ശേഷം നല്ല അവസരങ്ങൾ ഒന്നും മലയാളത്തിൽ നിന്നു വന്നിട്ടില്ലെന്ന് കനി മനോരമ ഓൺലൈനോടു പ്രതികരിച്ചു. സംസ്ഥാന പുരസ്കാരം കിട്ടിയതിനു ശേഷം ആളുകളിൽ നിന്ന് കിട്ടേണ്ട പരിഗണന കിട്ടുന്നുണ്ട്. ഇതൊന്നും അവാർഡ് കിട്ടിയിട്ടല്ല ഒരാൾക്കു നൽകേണ്ടതെന്ന് കനി പറയുന്നു.
"സംസ്ഥാന പുരസ്കാരം ലഭിക്കുന്നതിനു മുൻപ് മലയാളത്തിൽ ഏതെങ്കിലും കഥാപാത്രം അഭിനയിക്കാൻ പോകുന്ന സമയത്ത്, പ്രതിഫലത്തെക്കുറിച്ചു പറയുമ്പോൾ അതിനൊരു ബഹുമാനം കിട്ടാറില്ല. പലപ്പോലും കൃത്യമായ പ്രതിഫലം പോലും ലഭിക്കാറില്ല. സംസ്ഥാന പുരസ്കാരം കിട്ടിയതിനു ശേഷം ആളുകളിൽ നിന്ന് കിട്ടേണ്ട പരിഗണന കിട്ടുന്നുണ്ട്. ഇതൊന്നും അവാർഡ് കിട്ടിയിട്ടല്ല ഒരാൾക്കു നൽകേണ്ടത്. എല്ലാ അഭിനേതാക്കൾക്കും മിനിമം വേതനം കിട്ടേണ്ടതാണ്. പക്ഷേ, ഇവിടെ അങ്ങനെ ഒരു സിസ്റ്റം ഇല്ലല്ലോ. ഇത്ര അനുഭവപരിചയമുള്ളവർക്ക് ഇത്ര വേതനം എന്നൊരു രീതിയൊന്നുമില്ല. അതൊക്കെ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു എന്നു തോന്നും. നമ്മൾ ഓരോന്നിനായി ഇങ്ങനെ വില പേശേണ്ടി വരില്ലായിരുന്നു," കനി പറഞ്ഞു.
സിനിമകൾ തിരഞ്ഞെടുക്കാൻ പറ്റുന്ന അവസ്ഥയിലേക്കൊന്നും ഇതുവരെ എത്തിയിട്ടില്ലെന്നും കനി വ്യക്തമാക്കി. "ഇപ്പോഴും അങ്ങനെ ഒരു അവസ്ഥ ഇന്ത്യയിലെയും കേരളത്തിലെയും നടിമാർക്ക് ഉണ്ടെന്നു തോന്നുന്നില്ല. കലാമൂല്യമുളള വാണിജ്യ സിനിമകളിൽ ഇതുവരെ അവസരങ്ങളൊന്നും വന്നിട്ടില്ല. ഇടയ്ക്ക് ആലോചിക്കും ഇവരെന്താണ് എന്നെ ഓഡിഷനു പോലും വിളിക്കാത്തത് എന്ന്. ഓഡിഷൻ ചെയ്തു നോക്കിയിട്ട് ഇല്ലെന്നു പറഞ്ഞാലും സന്തോഷമാകും. വരുന്ന പ്രൊജക്ടുകൾ എല്ലാം ചെയ്യുകയാണ് പതിവ്. ഫ്രീലാൻസർ ആയതുകൊണ്ട് തന്നെ ജോലി തുടർച്ചയായി ചെയ്തുകൊണ്ടിരിക്കേണ്ട ഉത്തരവാദിത്തം ഉണ്ടല്ലോ. അതുകൊണ്ട്, കഥാപാത്രങ്ങളെ വേണ്ടെന്നു വയ്ക്കാൻ പറ്റാറില്ല," കനി പറഞ്ഞു.