രാജുവേട്ടൻ പറഞ്ഞതിന്റെ അർഥം അതല്ല, എന്നെ മാറ്റണമെന്ന് പറഞ്ഞിട്ടില്ല: ആസിഫ് അലി
Mail This Article
‘അമർ അക്ബർ അന്തോണി’ സിനിമയിൽ താൻ ചെയ്യാനിരുന്ന കഥാപാത്രം നടൻ പൃഥ്വിരാജിന്റെ നിർദേശപ്രകാരം സംവിധാകനായ നാദിർഷ മറ്റൊരാൾക്ക് കൊടുത്തെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ആസിഫ് അലി. ആ കഥാപാത്രം കുറച്ചുകൂടി പ്രായമുള്ള ആൾ ചെയ്യേണ്ടതാണെന്ന് മാത്രമാണ് പൃഥ്വിരാജ് പറഞ്ഞതെന്നും മനഃപൂർവം തന്നെ മാറ്റുകയായിരുന്നില്ലെന്നും ആസിഫ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വരുന്ന ചർച്ചകളോട് താൻ പ്രതികരിക്കാറില്ലെന്നും തങ്ങൾക്കിടയിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് തെറ്റിദ്ധാരണ പരത്തുന്നതിനോട് പ്രതികരിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇപ്പോൾ ഇതൊക്കെ പറയുന്നതെന്നും ആസിഫ് അലി പറയുന്നു.
‘അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും രാജുവേട്ടൻ എന്നെ മാറ്റി എന്നുള്ള തെറ്റിദ്ധാരണ സോഷ്യൽ മീഡിയയിൽ ഒരുപാടു പേർ പറയുന്നത് ശ്രദ്ധയിൽ പെട്ടു. അതൊക്കെ തെറ്റാണ്. ഒരിക്കലും രാജുവേട്ടൻ അങ്ങനെ പറഞ്ഞിട്ടില്ല. രാജുവേട്ടൻ പറഞ്ഞതിന്റെ അർഥം അതല്ല. അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിൽ ആ മൂന്ന് പേർ തന്നെയാണ് കറക്റ്റ് ആവുക. അവരുടെ ഇടയിൽ ഞാൻ പോയി നിന്നാൽ ഒരു അനിയനെ പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് രാജുവേട്ടൻ അങ്ങനെ പറഞ്ഞത്. അല്ലാതെ എന്നെ ആ സിനിമയിൽ നിന്നും മാറ്റണം എന്നല്ല രാജുവേട്ടൻ പറഞ്ഞത്.
ഒരാൾ പറയുന്നത് ആളുകൾ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലുള്ള വ്യത്യാസമാണ് പ്രശ്നം. ഞാനായിരുന്നെങ്കിൽ ഈ ഒരു സ്വീകാര്യത ഒരിക്കലും ചിലപ്പോൾ ആ സിനിമയ്ക്ക് കിട്ടിയെന്നു വരില്ല. ആ മൂന്നു പേരെ കണ്ടുകൊണ്ട് തന്നെയാണ്, ആ സിനിമ ആദ്യദിനം ആദ്യ ഷോ കാണാൻ എല്ലാവരും തയാറായത്. അല്ലെങ്കിൽ ഞാൻ ഉള്ള സീനുകൾ ആളുകളെ കൂടുതൽ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ ഒരു ടീമാണ് അത്. സ്ക്രീൻ ഏജ് വച്ചു നോക്കിയാൽ ഞാൻ അവരെക്കാൾ വളരെ ചെറുതായി തോന്നിയേക്കാം.
എന്റെ വ്യക്തിപരമായ വിഷമം എന്താണെന്നു വച്ചാൽ എനിക്ക് ഒരിക്കൽ ഷൂട്ടിങ്ങിനിടെ അപകടം പറ്റിയിരുന്നു. ആ അപകടം ഉണ്ടായ അന്ന് തൊട്ട് എല്ലാദിവസവും എന്നെ വിളിച്ച് ക്ഷേമം അന്വേഷിച്ചുകൊണ്ടിരിക്കുന്നവരാണ് രാജുവേട്ടനും സുപ്രിയചേച്ചിയും. രാജുവേട്ടൻ വിളിച്ചിട്ട് കിട്ടാതെ ഒടുവിൽ സുപ്രിയ ചേച്ചി സമയുടെ ഫോണിൽ വിളിച്ചു. രാജുവേട്ടനെ ചികിത്സിച്ച അതേ ഹോസ്പിറ്റലിൽ അതേ ഡോക്ടറുടെ അടുത്ത് തന്നെ പോകണം എന്ന് പറഞ്ഞ് അതിന്റെ എല്ലാ കാര്യങ്ങളും ഫോളോ അപ്പ് ചെയ്തു. സർജറി കഴിഞ്ഞപ്പോൾ ഇനി ഇതുകൊണ്ട് എല്ലാം തീർന്നു എന്ന് കരുതരുത്, മൂന്നുമാസം വീട്ടിൽ കിടന്ന് ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് എന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നവരാണ് അവർ. ഞങ്ങൾക്കിടയിൽ ഒരു വലിയ പ്രശ്നമുണ്ട് എന്ന് പറഞ്ഞുണ്ടാക്കുന്നത് വലിയ വിഷമമാണ്. സോഷ്യൽ മീഡിയയിൽ വരുന്ന ഒന്നിനോടും ഞാൻ പ്രതികരിക്കാത്തതാണ്. പക്ഷേ ഇതിൽ ഒരു ക്ലാരിറ്റി കൊടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.’ ആസിഫ് അലി പറഞ്ഞു.
നാദിർഷാ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ സിനിമയാണ് അമർ അക്ബർ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ ,ഇന്ദ്രജിത്ത് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. ആസിഫ് അലി ഗസ്റ്റ് റോളിലാണ് ഇൗ സിനിമയിൽ അഭിനയിച്ചത്. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ ആസിഫിനെ കാസ്റ്റ് ചെയ്യാനിരുന്നതായിരുന്നുവെന്നും പൃഥ്വിരാജിന്റെ പ്രേരണയാൽ ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും സംവിധായകനായ നാദിർഷ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നാദിർഷയുടെ വാക്കുകൾ പിന്നീട് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും വാർത്തകൾ പൃഥ്വിരാജിനെതിരെ തിരിയുകയും ചെയ്തു.