ഈ നടന്‍ പ്രായമാകില്ല; പ്രിയ ആരാധികയുടെ പേര് ആദ്യ കുഞ്ഞിനു നല്കിയ റഹ്മാൻ
Mail This Article
യാദൃച്ഛികതകളുടെ കൈപിടിച്ച് സിനിമയിലേക്ക് കടന്നു വന്ന നിരവധി പേരുണ്ട്. എന്നാല്‍ അവരുടെ എണ്ണം അംഗുലീപരിമിതമാണ്. മദ്രാസില്‍ പോയി പട്ടിണി കിടന്നും ചെറുകിട ലോഡ്ജില്‍ കിടന്ന് കൊതുകു കടി കൊണ്ടും ചാന്‍സ് ചോദിച്ച് അപമാനം സഹിച്ചുമൊക്കെയാണ് പലരും വിജയത്തിന്റെ പടവുകള്‍ ചവുട്ടിക്കയറി ഇന്ന് നാം കാണുന്ന നിലയിലെത്തിയത്. ഈസി വാക്ക് ഓവര്‍ വിരളമായ സിനിമയിലെ ഏറ്റവും വലിയ ഭാഗ്യവാന്‍മാരില്‍ ഒരാളാണ് റഹ്‌മാന്‍. നടനാകാന്‍ ആഗ്രഹിക്കാതെ തെന്നിന്ത്യയിലെ എണ്ണപ്പെട്ട നടന്‍മാരില്‍ ഒരാളായ മനുഷ്യന്‍. മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടും ചോക്ലേറ്റ് ഹീറോ ലുക്കിൽ തുടരുന്ന താരം.
ഊട്ടിയിലെ ക്രൈസ്റ്റസ് റെക്സ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്ന റഷീന്‍ എന്ന റഹ്‌മാന്റെ മാതാപിതാക്കള്‍ വിദേശത്തായിരുന്നു. പഠനവും ഹോസ്റ്റല്‍ ജീവിതവുമായി അത്യാവശ്യം അച്ചടക്കത്തില്‍ കഴിഞ്ഞ റഷീന്റെ മനസില്‍ സിനിമ ഒരു മോഹമോ ആവേശമോ ആയിരുന്നില്ല. കലാപാരമ്പര്യമുളള കുടുംബമായിരുന്നില്ല റഷീന്റേത്. ആ സമയത്താണ് 1983ല്‍ കൂടെവിടെ എന്ന സിനിമയുടെ ചിത്രീകരണത്തിനായി പത്മരാജനും സംഘവും ഊട്ടിയില്‍ എത്തുന്നത്. സിനിമയില്‍ ഉപനായകനായി അഭിനയിക്കേണ്ടിയിരുന്നത് റഷിന്റെ പ്രായമുളള ഒരു കൗമാരക്കാരനാണ്. കാസ്റ്റിങ് കഴിഞ്ഞ് ഷൂട്ടിങ് ഡേറ്റും നിശ്ചയിച്ച് ലൊക്കേഷനിലെത്തിയപ്പോള്‍ പയ്യന് ചില അസൗകര്യങ്ങൾ ഉണ്ടായി.
മമ്മൂട്ടിയും സുഹാസിനിയും ഉള്‍പ്പെടെയുളള വലിയ താരങ്ങളുമായുളള കോംബിനേഷന്‍ സീനുകളാണ്. മറ്റൊരാൾക്കായുള്ള തിരച്ചിലിന് ഒടുവിലാണ് റഷീന്‍ പഠിക്കുന്ന സ്കൂളിലേക്ക് സിനിമാക്കാർ എത്തുന്നത്. അപ്പോളാണ് പ്രധാന അധ്യാപകൻ എബ്രഹാം ജോസഫ്, റഷീൻ എന്ന കുട്ടി നിങ്ങളുടെ കഥാപാത്രത്തിന് ചേരുമെന്ന് പറയുന്നത്. സിനിമാക്കാർ നേരിട്ട് ചെന്ന് റഷീനെ കാണുന്നു. ശേഷം നടന്നത് പുതിയ താരോദയമായിരുന്നു. കന്നി ചിത്രത്തില്‍ ഉപനായകനായി മാറി റഷീന്‍. പത്മരാജന്‍ സിനിമയ്ക്കായി പേരിലും മാറ്റം വരുത്തി. അന്ന് മുതല്‍ റഷീന്‍ റഹ്‌മാനായി മാറി. ആദ്യ സിനിമയില്‍ തന്നെ മമ്മൂട്ടിയെ പോലുളള സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു. സിനിമ റിലീസ് ചെയ്തപ്പോള്‍ സൂപ്പര്‍ഹിറ്റ്. മലയാളി യുവതയുടെ ഒന്നടങ്കം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ചുളളന്‍ പയ്യന്‍ പെണ്‍കുട്ടികളൂടെ ആരാധനാ പാത്രമായി. കാണാമറയത്ത് ഉള്‍പ്പെടെ മറ്റ് ചില സിനിമകള്‍ കൂടി റിലീസ് ചെയ്തതോടെ റഹ്‌മാന്‍ തരംഗം തന്നെയുണ്ടായി.
ആദ്യചിത്രത്തിന് തന്നെ സംസ്ഥാന അവാര്‍ഡ്
കൂടെവിടെയിലെ അഭിനയത്തിന് മികച്ച സഹനടനുളള സംസ്ഥാന അവാര്‍ഡും ലഭിച്ചു. കന്നിചിത്രത്തില്‍ തന്നെ ഇത്തരമൊരു അംഗീകാരം ലഭിച്ചത് റഹ്‌മാനൊപ്പം മറ്റ് സഹപ്രവര്‍ത്തകരെയും വിസ്മയിപ്പിച്ചു. എല്ലാം സംഭവിക്കുകയായിരുന്നു. ക്യാംപസുകളുടെയും കുടുംബങ്ങളുടെയും ഹരമായി മാറിയ റഹ്‌മാന്‍ ഉപനായകനില്‍ നിന്ന് നായകനാകാന്‍ അധിക സമയം വേണ്ടി വന്നില്ല. റഹ്‌മാന്‍ മുഖ്യവേഷത്തിലെത്തിയ പല സിനിമകളും വന്‍ഹിറ്റുകളായി. ഭരതനും പത്മരാജനും ഐ.വി.ശശിയും പ്രിയദര്‍ശനും അടക്കം അന്നത്തെ ഹിറ്റ്‌മേക്കര്‍മാരുടെ എല്ലാം സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായി.
എന്നാല്‍ അന്ന് സിനിമാ രംഗം ഇന്നത്തെ പോലെ അത്ര ഫ്രണ്ട്‌ലിയായിരുന്നില്ല. തങ്ങളേക്കാള്‍ പേരും പ്രശസ്തിയും ആരാധനയും അവസരങ്ങളും കാഴ്ചയില്‍ ഭംഗിയും അഭിനയ ശേഷിയുമുളള ഒരു ചെറുപ്പക്കാരന് ലഭിക്കുന്നത് ചിലര്‍ക്ക് രുചിച്ചില്ല. റഹ്‌മാനെതിരെ പല തരം ചതിക്കൂഴികള്‍ ഒരുങ്ങി. പല അവസരങ്ങളും തട്ടിത്തെറിപ്പിക്കാനുളള നീക്കങ്ങള്‍ നടന്നു. സിനിമയിലെ ഇന്നര്‍ പൊളിറ്റിക്‌സിനെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത ശുദ്ധനും നിഷ്‌കളങ്കനുമായ റഹ്‌മാന്‍ ഇതൊന്നും അറിഞ്ഞില്ല. അദ്ദേഹത്തെ സംബന്ധിച്ച് ഇതൊന്നും ബാധിച്ചതുമില്ല.
കാരണം മലയാളത്തില്‍ പുതുതരംഗം ഉണര്‍ത്തിയ നടന്‍ തമിഴിലേക്കും തെലുങ്കിലേക്കും ക്ഷണിക്കപ്പെട്ടു. ഇരുഭാഷകളിലും റഹ്‌മാന് അവസരങ്ങളും ആരാധകരുമുണ്ടായി. കെ. ബാലചന്ദര്‍ അടക്കമുളള അതികായകന്‍മാരുടെ സിനിമകളില്‍ റഹ്‌മാന്‍ നായകനായി. 'പുതു പുതു അർഥങ്ങള്‍' അടക്കം പല സിനിമകളും മെഗാഹിറ്റുകളുമായി. സാവധാനം റഹ്‌മാന്‍ എന്ന നാമധേയം തെന്നിന്ത്യന്‍ സിനിമ ഒന്നാകെ ജ്വലിച്ചു. അപ്പോഴേക്കും സിനിമയുടെ പ്രകൃതം തന്നെ മാറി തുടങ്ങിയിരുന്നു. നായകനിരയില്‍ തിളങ്ങുന്ന ഒരു നടന്‍ നിലനില്‍ക്കാന്‍ പല തരം തന്ത്രങ്ങള്‍ അനിവാര്യമായി. മികച്ച പിആര്‍ വര്‍ക്കും ഗ്രൂപ്പിസവും തനിക്ക് വേണ്ടി മികച്ച കഥാപാത്രങ്ങളും പ്രൊജക്ടുകളും രൂപപ്പെടുത്താനും ഭീഷണിയായി വളര്‍ന്നു വരുന്നവരെ വെട്ടാനും മറ്റുമുളള പരിശ്രമങ്ങളില്‍ സമകാലികരില്‍ പലരും വ്യാപൃതരായപ്പോള്‍ ഉള്‍ക്കളികള്‍ അന്യമായ റഹ്‌മാന്റെ പ്രഭാവം പതിയെ മങ്ങിത്തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു അഭിമുഖത്തിന്റെ ഭാഗമായി റഹ്‌മാന്‍ സ്വന്തം ജീവിതത്തിലെ അധികം അറിയാത്ത പല ഏടുകളും തുറന്ന് പറഞ്ഞു. അവയില്‍ പലതും ഒരു റഹ്‌മാന്‍ സിനിമയേക്കാള്‍ വിസ്മയകരവും രസാവഹവുമായിരുന്നു.
സ്‌കൂളിലെ താരം സിനിമയിലും താരം
ഹയര്‍ സെക്കന്‍ഡറി പരീക്ഷ കഴിഞ്ഞ് പ്രാക്ടിക്കലിനായി ബോര്‍ഡിങില്‍ താമസിക്കുന്ന സമയത്ത് സ്‌കൂളില്‍ അറിയപ്പെടുന്ന കുട്ടിയായിരുന്നു റഷീന്‍. ശരിക്ക് പറഞ്ഞാല്‍ സ്‌കൂളിലെ താരം. ഡ്രാമ, ഡാന്‍സ്, പെയിന്റിംഗ് മത്സരങ്ങളിലൊക്കെ ഒന്നാം സ്ഥാനക്കാരന്‍. മാതാപിതാക്കള്‍ കുവൈറ്റില്‍. ഒരു വെളുപ്പാന്‍ കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് ലഭിക്കുന്നതായി റഷീന്‍ സ്വപ്നം കണ്ടു. അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പലരും പറഞ്ഞപ്പോള്‍ റഷീന്‍ ചിരിച്ചു. അന്ന് മുഖത്ത് കുറ്റിത്താടിയുണ്ട്. ഒരു ദിവസം കാലത്ത് അത് വടിക്കാനായി മുഖത്ത് ഷേവിങ് ക്രീം തേച്ച് റേസര്‍ കയ്യിലെടുത്തതും ഹോസറ്റല്‍ വാര്‍ഡന്‍ വന്ന് പറഞ്ഞു. ‘ഒരു വിസിറ്ററുണ്ട്’
താടി വടിച്ചിട്ട് വരാമെന്ന് ആവുന്നത്ര പറഞ്ഞിട്ടും ഗസ്റ്റ് കുറെ സമയമായി വെയിറ്റ് ചെയ്യുന്നുവെന്നും പറഞ്ഞ് വാര്‍ഡന്‍ സമ്മതിച്ചില്ല. ഭാഗ്യത്തിന് താടി വടിക്കാതെ മുഖത്തെ ക്രീം കഴുകിക്കളഞ്ഞ് റഷീന്‍ താഴേക്ക് ചെന്നു. ജോസ്പ്രകാശിന്റെ മകന്‍ രാജന്‍ ജോസഫാണ് അതിഥി. കൂടെവിടെ എന്ന സിനിമയുടെ നിര്‍മാതാവ്. അവരുടെ സിനിമയില്‍ അഭിനയിക്കാമോ എന്നാണ് ചോദ്യം. പ്രിന്‍സിപ്പല്‍ സമ്മതിച്ചാല്‍ ചെയ്യാമെന്നായി റഷീന്‍. അന്ന് കക്ഷിക്ക് മലയാളം തീരെ അറിയില്ല. എന്തായാലും സ്‌കൂള്‍ അധികൃതര്‍ അനൂവദിച്ചതോടെ സിനിമയില്‍ ജോയിന്‍ ചെയ്തു.
റഹ്‌മാന്‍ എന്ന് പേര് മാറ്റിയപ്പോഴും റഷീന് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. നല്ല സിനിമകളുടെ രാജശില്‍പ്പി തലയില്‍ കൈവച്ച് അനുഗ്രഹിക്കും പോലെയാണ് അനുഭവപ്പെട്ടത്. രവി പുത്തൂരാന്‍ എന്നായിരുന്നു റഹ്‌മാന്റെ കഥാപാത്രത്തിന്റെ പേര്. അധ്യാപികയായ സുഹാസിനിയെയും റഹ്‌മാനെയും ചേര്‍ത്ത് മമ്മൂട്ടിയുടെ കഥാപാത്രം അനാവശ്യം പറയൂമ്പോള്‍ റഹ്‌മാന്‍ പൊട്ടിത്തെറിക്കുന്ന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്.
‘‘ഡോണ്ട് ടോക്ക് നോണ്‍സന്‍സ്’’
ആദ്യത്തെ ഡയലോഗ് കഴിഞ്ഞപ്പോള്‍ സെറ്റിലുളള മുഴുവന്‍ പേരും കയ്യടിച്ചു. അത്രയ്ക്ക് സ്വാഭാവികമായിരുന്നു പ്രകടനം. ഒരു പുതുമുഖത്തിന്റെ ചഞ്ചലിപ്പോ പരിഭ്രാന്തിയോ ഒന്നുമില്ലാതെ പരിചയ സമ്പന്നനെ പോലെ റഹ്‌മാന്‍ അഭിനയിച്ചു. ദിവസങ്ങള്‍ പിന്നിടും തോറും ആത്മവിശ്വാസം വർധിച്ചു വന്നു. ആ സമയത്തും വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. എതിര്‍ത്താല്‍ എന്തു ചെയ്യുമെന്ന ഭയം ഒരു വശത്ത്. അഭിനയിച്ച് ശരിയായില്ലെങ്കിലോ എന്ന ആശങ്ക മറുവശത്ത്. അഭിനയം വഴങ്ങുമെന്ന് ബോധ്യപ്പെട്ടതോടെ കുവൈറ്റിലേക്ക് വിളിച്ച് ഡാഡിയോട് കാര്യം പറഞ്ഞു. ഡാഡി ശകാരിക്കുമെന്ന് ഭയന്ന് റഹ്‌മാന്‍ പെട്ടെന്ന് ഫോണ്‍ വച്ചു. അടുത്ത ദിവസം അങ്കിള്‍ ലൊക്കേഷനില്‍ വന്നു. പത്മരാജന്‍ സാറിനെയും മറ്റും കണ്ടപ്പോള്‍ ലഭിച്ച ചാന്‍സിന്റെ വ്യാപ്തി ബോധ്യപ്പെട്ടു. അദ്ദേഹം കുവൈറ്റില്‍ വിളിച്ച് നല്ല സെറ്റപ്പാണെന്ന് പറഞ്ഞു.
ജീവിതം ഉല്ലാസയാത്ര പോലെ..
പടം ഹിറ്റായതോടെ ജീവിതം ഉല്ലാസയാത്ര പോലെയായി. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കുളള യാത്ര. മികച്ച സംവിധായകരുടെ പടങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചു. എല്ലാവരും കൂടുതല്‍ പൈസയുണ്ടാക്കാനും ഫിനാന്‍ഷ്യലി സെക്യുറാകാനും ശ്രമിച്ചപ്പോള്‍ അവിചാരിതമായി നല്ല കളിപ്പാട്ടങ്ങള്‍ വീണു കിട്ടിയ കുട്ടിയുടെ കൗതുകത്തിലായിരുന്നു റഹ്‌മാന്‍. അഭിനയം ഒരു ഹോബി മാത്രമായിരുന്നു അക്കാലത്ത്. എന്നാല്‍ നല്ല വേഷങ്ങള്‍ മികച്ച രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു.
കുറേ വര്‍ഷങ്ങള്‍ തിളങ്ങി നിന്നെങ്കിലും അപ്പോഴേക്കും വിപരീതാനുഭവങ്ങള്‍ വേട്ടയാടിത്തുടങ്ങി. അന്യഭാഷകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മലയാളം പതിയെ റഹ്‌മാനെ കൈവിട്ടു. മറ്റ് ഭാഷകളില്‍ അര്‍ഹിക്കുന്ന നേട്ടമുണ്ടാക്കാനും കഴിഞ്ഞില്ല. ആ സമയത്ത് നിര്‍ഭാഗ്യവശാല്‍ ഗോഡ്ഫാദര്‍മാരായിരുന്ന ഭരതനും പത്മരാജനും അകാലത്തില്‍ അന്തരിച്ചു.
അവസരങ്ങള്‍ ചോദിച്ച് നടക്കാന്‍ അറിയില്ല. ഉപദേശിക്കാനും സഹായിക്കാനും ആരുമില്ല. ബന്ധങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തിലും അത്ര മിടുക്കുണ്ടായിരുന്നില്ല. അന്ന് ചെന്നെയിലെ ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു താമസം. കുക്ക് വച്ചു തരുന്ന ഭക്ഷണം കഴിക്കും.
വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒട്ടും തയാറല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ആയിടയ്ക്ക് ഒരു കുടുംബസൃഹൃത്തിന്റെ കല്യാണം വന്നു. അവിടെ കുടുംബസമേതം ഒരു സുന്ദരിക്കുട്ടിയെ കണ്ടു. ആദ്യത്തെ കാഴ്ചയില്‍ തന്നെ ആ കുട്ടിയെ വല്ലാതെ ഇഷ്ടപ്പെട്ടു. അവര്‍ മൂന്ന് സഹോദരിമാരാണ്. മൂന്ന് പേരും തലയില്‍ തട്ടമിട്ടാണ് വന്നത്. ചെന്നൈ പോലൊരു മെട്രോ സിറ്റിയില്‍ ഇത്രയും റിലീജ്യസായ കുട്ടികളോ എന്ന് അദ്ഭുതം തോന്നി. മൂന്നു പേരില്‍ രണ്ടാമത്തെയാളാണ് മനസിലുടക്കിയത്. ഹോംലി ഫീലുളള കുട്ടി.
സുഹൃത്ത് വഴി അമ്മയെ വിവരം അറിയിച്ചു. അമ്മ അവരുടെ അഡ്രസ് വാങ്ങി വിവാഹം ആലോചിച്ചു. അന്വേഷിച്ചപ്പോള്‍ അവര്‍ മധുരയിലെ മുസ്‍ലിം കുടുംബമാണ്. കുട്ടിയുടെ പേര് മെഹറുന്നീസ. കോടീശ്വര പുത്രികളില്‍ പലരുടെയും വിവാഹാലോചനകള്‍ തളളിക്കളഞ്ഞ ആള്‍ ഇതിന് മുന്‍കൈ എടുത്തപ്പോള്‍ വീട്ടുകാര്‍ അതിശയിച്ചു. ഇടത്തരം കുടുംബമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു കുട്ടിയായിരുന്നു മനസ്സില്‍. അത് എന്തായാലും യാഥാർഥ്യമായി.
കുടുംബജീവിത രസങ്ങള്‍...
1993 ല്‍ വിവാഹം നടന്നു. തീരുമാനം ശരിയായിരുന്നുവെന്ന് കാലം ബോധ്യപ്പെടുത്തി. ഭാര്യയ്ക്ക് വേണമെന്ന് റഹ്‌മാന്‍ ആഗ്രഹിച്ച എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ കുട്ടിയായിരുന്നു മെഹറുന്നീസ. ആ സമയത്ത് ഡാഡിയും മമ്മിയും കുവൈറ്റില്‍ നിന്നും മടങ്ങി റഹ്‌മാനൊപ്പം താമസമാക്കി. കുടുംബജീവിതത്തിന്റെ ആഹ്‌ളാദങ്ങള്‍ അനുഭവിച്ചറിയുന്നത് ആ കാലത്താണ്. അതോടെ കുടുതല്‍ മടിയനും സുഖിമാനുമായി. കാലത്ത് ഉറക്കമുണര്‍ന്നാല്‍ ചായ നല്‍കാന്‍ ഉമ്മയും ഭാര്യയും തമ്മില്‍ മത്സരമാണ്. അത്രയ്ക്കായിരുന്നു സ്‌നേഹം. വീട്ടുകാര്‍ വച്ചുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി അറിഞ്ഞതോടെ അഭിനയിക്കാന്‍ പോകണമെന്ന് തന്നെയില്ലാതായി. ആ ജീവിതം ശരിക്കും മടിയനാക്കി. സിനിമകള്‍ മുടങ്ങിയാല്‍ പോലും സന്തോഷമാണ്. അത്രയും ദിവസം വീട്ടില്‍ കഴിയാമല്ലോ? വീട്ടിലെ അന്തരീക്ഷം അത്രയ്ക്ക് രസകരമായിരുന്നു. ഏതൊരു വ്യക്തിക്കും തൊഴിലാണ് പ്രധാനമെന്ന് തിരിച്ചറിയാന്‍ വൈകി. മൂന്നു വര്‍ഷം കഴിഞ്ഞ് സംഗീത സംവിധായകന്‍ എ.ആര്‍.റഹ്‌മാന്‍ മെഹറുന്നീസയുടെ ചേച്ചിയെ വിവാഹം കഴിച്ചു.
അപൂര്‍വങ്ങളില്‍ അപൂര്‍വം ഈ ആരാധിക
സിനിമയില്‍ അത്ര സജീവമല്ലാതിരുന്നിട്ടും ആരാധകര്‍ക്ക് കുറവുണ്ടായിരുന്നില്ല. എന്നാല്‍ ആരാധന മറ്റൊരു തലത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ട അനുഭവവും റഹ്‌മാനുണ്ട്. ഏതോ പടത്തിന്റെ ഷൂട്ടിങിനായി ഹോട്ടലില്‍ താമസിക്കുമ്പോള്‍ പ്രായം ചെന്ന ഒരു അമ്മയുടെ കാള്‍ വരുന്നു. ഒന്ന് നേരില്‍ കാണണം. സമ്മതം അറിയിച്ചപ്പോള്‍ 12 പേരടങ്ങുന്ന ഒരു സംഘം കുടുംബസമേതം ഹോട്ടലില്‍ വന്നു. ആ ഉമ്മയ്ക്കും ബാപ്പയ്ക്കും ആറ് പെണ്‍കുട്ടികളാണ്. അതില്‍ റുഷ്ദ എന്ന കുട്ടിക്ക് റഹ്‌മാനോട് കടുത്ത ആരാധന. റഹ്‌മാനെ നേരില്‍ കണ്ടേ തീരൂ. അവള്‍ക്ക് വേണ്ടിയാണ് കുടുംബം ഒന്നാകെ വന്നിരിക്കുന്നത്. പുതുമയുളള അനുഭവത്തിന്റെ ത്രില്ലില്‍ ഇരിക്കുമ്പോള്‍ അവര്‍ വീട്ടിലേക്ക് ക്ഷണിച്ചു. ഭക്ഷണം നല്‍കി. വീട് മുഴുവന്‍ കൊണ്ടു നടന്ന് കാണിച്ചു. ആ കുട്ടിയുടെ മുറി നിറയെ റഹ്‌മാന്റെ ചിത്രങ്ങളായിരുന്നു. തലയിണക്കടിയില്‍, ബാത്ത്‌റൂമില്‍, മേക്കപ്പ് ടേബിളില്‍, ഭിത്തിയില്‍...എല്ലായിടത്തും റഹ്‌മാന്റെ ഫോട്ടോസും പേപ്പര്‍ കട്ടിങ്സും.
അദ്ഭുതം തോന്നിയത് ഇതിലൊന്നുമായിരുന്നില്ല. ഹോട്ടലില്‍ വന്നപ്പോഴും വീട്ടിലെത്തിയിട്ടും ആ കുട്ടി റഹ്‌മാനോട് ഒരക്ഷരം സംസാരിച്ചില്ല. സ്വപ്നത്തിലെന്നോണം അദ്ദേഹത്തെ തന്നെ നോക്കിയിരിക്കും. വീട്ടുകാര്‍ പറഞ്ഞ വിവരങ്ങള്‍ ശരിക്കും റഹ്‌മാനെ ഞെട്ടിച്ചു. അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നായിരുന്നു റുഷ്ദയുടെ ഏറ്റവും വലിയ ആഗ്രഹം. റഹ്‌മാന്‍ വിവാഹിതനാണെന്ന് അറിഞ്ഞതോടെ ആ കുട്ടി ആകെ നിരാശയായി. വീട്ടുകാര്‍ അവള്‍ക്ക് പല ആലോചനകളും നടത്തിയെങ്കിലും ഒന്നിനും അവള്‍ സമ്മതിച്ചില്ല.
വിവാഹിതനായ റഹ്‌മാന്‍ ഒരിക്കലും തന്റെ സ്വന്തമാവില്ലെന്ന് അറിയാമെങ്കിലും മറ്റൊരാളുടെ ഭാര്യയാകാന്‍ അവളുടെ മനസ് അനുവദിച്ചില്ല. അവളുടെ ഉമ്മയും ബാപ്പയും റഹ്‌മാനോട് പറഞ്ഞു.
‘‘റഹ്‌മാന്‍ ഒന്ന് പറഞ്ഞ് മനസിലാക്ക്...’’
അദ്ദേഹം വളരെ സൗമ്യമായി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. ‘‘എന്തായാലും നാം തമ്മില്‍ ഇനിയൊരു വിവാഹം നടക്കില്ല. പിന്നെന്തിനാണ് വെറുതെ നിന്റെ ജീവിതം പാഴാക്കുന്നത്? ’’ഒടുവില്‍ അവള്‍ ഉപദേശം സ്വീകരിച്ചു. ദുബായില്‍ ജോലിയുളള ഒരു പയ്യനെ വിവാഹം കഴിച്ചു. ഈ ആരാധികയെക്കുറിച്ച് ആ പയ്യനും റഹ്‌മാന്റെ ഭാര്യയ്ക്കും അറിയാം എന്നതാണ് കഥയുടെ ട്വിസ്റ്റ്. ഇപ്പോള്‍ അവര്‍ കുടുംബസുഹൃത്തുക്കളാണ്. റഹ്‌മാന് ആദ്യമായി ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ അവളൂടെ പേരിട്ടു. റുഷ്ദ. അവള്‍ ആദ്യത്തെ കുഞ്ഞിന് റഹ്‌മാന്റെ പേരുമിട്ടു. റഷീന്‍..
പ്രണയകഥയിലെ രാജകുമാരി
ഒരു കാലത്തിന്റെ മനം കവര്‍ന്ന റൊമാന്റിക്ക് ഹീറോയ്ക്ക് പ്രണയങ്ങളുണ്ടായിട്ടില്ല എന്ന് കളവ് പറയാന്‍ റഹ്‌മാന്‍ തയാറല്ല. അന്ന് കൂടുതല്‍ സിനിമകളിലും ഒന്നിച്ചഭിനയിച്ചത് രോഹിണിക്കും ശോഭനയ്ക്കും ഒപ്പമുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ട് ചില ഗോസിപ്പുകള്‍ ഉയര്‍ന്നെങ്കിലും അതിലൊന്നും സത്യത്തിന്റെ കണിക പോലും ഉണ്ടായിരുന്നില്ല. നിഷ്‌കളങ്ക സൗഹൃദം മാത്രമായിരുന്നു ആ ബന്ധങ്ങള്‍. എന്നാല്‍ അക്കാലത്ത് ഒന്നിച്ച് അഭിനയിച്ചിരുന്ന ഒരു നടിയെ റഹ്‌മാന്‍ ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. പിന്നീട് വിവാഹം കഴിക്കാന്‍ പറ്റാത്ത സാഹചര്യം വന്നു. വേദനയോടെ അവര്‍ പരസ്പരം പിരിഞ്ഞു.
പ്രണയം തനിക്ക് വിധിച്ചിട്ടില്ലാത്ത ഒരു മനോഹര വികാരമാണെങ്കിലും പലരുടെയും പ്രണയങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്ന് റഹ്‌മാന്‍ പറയും. കൊച്ചിയിലുളള സുഹൃത്തിന് ഒരു പെണ്‍കുട്ടിയോട് കലശലായ പ്രേമം. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുന്നില്ല. ചെക്കന് ആ കുട്ടിയെ വിവാഹം കഴിച്ചേ തീരു. റഹ്‌മാന്‍ സാക്ഷിയായി നിന്ന് വിവാഹം നടത്തി തരണമെന്നാണ് സുഹൃത്തിന്റെ ഡിമാന്റ്്. രഹസ്യസ്വഭാവം വേണ്ട കാര്യമാണ്. തന്നെക്കണ്ടാല്‍ അറിയപ്പെടുന്ന നടന്‍ എന്ന നിലയില്‍ ആളുകള്‍ കുടും. ഒടുവില്‍ മുഖംമൂടി വച്ച് കറുത്ത കണ്ണടയും സ്‌കാര്‍ഫും ധരിച്ച് ചെന്ന് നടത്തിക്കൊടുത്തു.
ഫാഷനബിള്‍ റഹ്‌മാന്‍
ഫാഷനോട് പണ്ടേ വലിയ പ്രതിപത്തിയായിരുന്നു. പരമാവധി അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള ലേറ്റസ്റ്റ്‌ട്രെന്റുകള്‍ പ്രയോജനപ്പെടുത്തും. അബുദാബി ട്രിപ്പുകളില്‍ ഷോപ്പിംഗ് പതിവായിരുന്നു. സെറ്റില്‍ തരുന്ന കോസ്റ്റിയൂംസ് പലതും ഉപയോഗിച്ചിരുന്നില്ല. സ്വന്തം കലക്‌ഷനിലുളള കിടിലന്‍ വേഷങ്ങള്‍ ഡയറക്ടറെ കാണിക്കും. അദ്ദേഹം പറയും. ഇതുകൊളളാം. അങ്ങനെ പല സിനിമകളിലും സ്വന്തം വസ്ത്രങ്ങള്‍ തന്നെ ഉപയോഗിച്ചു.
അക്കാലത്ത് റഹ്‌മാന്റെ ചില ഫാഷന്‍ നമ്പരുകള്‍ പലരും അന്ധമായി അനുകരിച്ചിരുന്നു. കഥ ഇതുവരെയില്‍ ബൈക്കിന് മുന്നില്‍ ഒരു ആന്റിന ഘടിപ്പിച്ചിരുന്നു. അതുകണ്ട് ഒരുപാട് യുവാക്കള്‍ അത് കോപ്പി ചെയ്തു. ഹെയര്‍സ്‌റ്റൈലും യൂത്തിനിടയില്‍ ഫാഷനായി. കൃതാവില്ലാത്ത പങ്ക് കട്ട്, ചെമ്പിച്ച മുടിയും മള്‍ട്ടി കളര്‍ തേയ്ക്കുന്നതുമെല്ലാം വലിയ ഫാഷന്‍ സിംബലായി മാറി. അന്ന് ബ്രാന്‍ഡഡ് ഐറ്റങ്ങളോടായിരുന്നു താത്പര്യം. വാച്ചാണെങ്കില്‍ പോലും ടൈഗര്‍, റോളക്‌സ്, ഒമേഗ അങ്ങനെ കമ്പനി നോക്കിയേ ഉപയോഗിക്കൂ. ജീന്‍സില്‍ ലീവൈസായിരുന്നു ഫേവറിറ്റ്. കുറെ വാങ്ങിക്കൂട്ടുന്നതിനേക്കാള്‍ ഒരു നല്ല സാധനം വാങ്ങാനായിരുന്നു ഇഷ്ടം.
മറക്കാനാവാത്ത നിമിഷം
1989 ന് മുന്‍പ് സമയദോഷം വല്ലാതെ പിടികൂടി. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. അവസരങ്ങള്‍ തീരെ കുറഞ്ഞു. ഒരു വര്‍ഷം വെറുതെ വീട്ടിലിരുന്നു. ചെന്നെയിലെ ഫ്‌ളാറ്റ് വിറ്റ് ബാം ൂരില്‍ ഡാഡിയുടെ കൂടെയായി താമസം. ഡാഡി ആശ്വസിപ്പിച്ചു. ‘‘നീ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാം നല്ലതിനാവും’’
ഒരു ദിവസം റഹ്‌മാന്റെ നമ്പര്‍ തപ്പിയെടുത്ത് കെ.ബാലചന്ദര്‍ വിളിച്ചു. അദ്ദേഹത്തിന്റെ പുതിയ പടത്തില്‍ നായകനാവണം. സിനിമയുടെ പേര് പുതു പുതു അർഥങ്ങള്‍. ഷൂട്ടിങ് കഴിഞ്ഞ് സിനിമയുടെ പ്രിവ്യൂ കണ്ട മുഴുവന്‍ പേരും പറഞ്ഞു.
‘‘ഇത് എട്ടു നിലയില്‍ പൊട്ടും. ഒന്നാമത് റഹ്‌മാന് മാര്‍ക്കറ്റില്ല. പോരാത്തതിന് ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം ഒളിച്ചു താമസിക്കുന്ന ആളാണ് നായകന്‍. ഈ കഥ തമിഴ്ജനത സ്വീകരിക്കില്ല.’’ ദീപാവലിക്ക് പടമിറങ്ങി. സൂപ്പര്‍താരസിനിമകള്‍ അടക്കം 18 ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്തു. ഏറ്റവും വലിയ ഹിറ്റ് പുതു പുതു അർഥങ്ങള്‍. 275 ദിവസം സിനിമ ഹൗസ് ഫുളളായി ഓടി.
സിനിമയില്‍ നിന്ന് ഒരു പിന്‍വാങ്ങല്‍
നിരന്തരമായി പരാജയങ്ങള്‍ തളര്‍ത്തിയപ്പോള്‍ ലണ്ടനിലുളള സുഹൃത്ത് വിളിച്ച് അവിടെ ഒരു കമ്പനിയുടെ ടീം ലീഡറായി ക്ഷണിച്ചു. അഞ്ചു വര്‍ഷം കൊണ്ട് കോടീശ്വരനാകാം. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാം. എല്ലാംകൊണ്ടും ജീവിതം സുരക്ഷിതം. പക്ഷേ ഒരു വ്യവസ്ഥ. അഞ്ചു വര്‍ഷക്കാലം ഒരു കാരണവശാലും ഇന്ത്യയില്‍ കാല് കുത്താന്‍ പാടില്ല. ഡാഡിയോ മമ്മിയോ മരിച്ചാല്‍ പോലും കാണാന്‍ പറ്റില്ല. ഒരുപാട് ആലോചിച്ചു.ഒടുവില്‍ ഒരു കാര്യം തീരുമാനിച്ചു. മാതാപിതാക്കളും നാടും പിരിഞ്ഞ് തനിക്ക് മാത്രമായി ഒരു രക്ഷ വേണ്ട.നന്നായാലും നശിച്ചാലും കൂട് ഇവിടെ തന്നെ...പക്ഷേ തക്ക സമയത്ത് ഒരിക്കല്‍ ജീവിതം തന്ന സിനിമ തന്നെ റഹ്‌മാന് വീണ്ടും വീണ്ടും റഹ്‌മാന് വഴിത്തിരിവായി. പല തവണ തിരിച്ചു വന്നു. ഇപ്പോള്‍ അബാം മൂവിസിന്റെ ബാനറില്‍ ഷീലു ഏബ്രഹാം നിര്‍മ്മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി വീണ്ടും മലയാളത്തില്‍.