ജൂൺ സുരേഷ് ഗോപിയുടെ ഭാഗ്യമാസം; പരിഹാസം കയ്യടിയായി മാറുമ്പോൾ
Mail This Article
ജൂണ്‍ സുരേഷ്‌ഗോപിയുടെ ഭാഗ്യമാസമാണ്. 1958 ജൂണ്‍ 26 നാണ് അദ്ദേഹം ജനിച്ചത്. ആ കണക്കില്‍ അദ്ദേഹത്തിന്റെ ജന്മമാസമാണിത്. അതേ മാസത്തില്‍ തന്നെ ചരിത്രപരമായ ഒരു വഴിത്തിരിവിന് കൂടി നിമിത്തമാവുകയാണ് ഈ മനുഷ്യന്‍. കേരളത്തില്‍ ഒരിക്കലും അക്കൗണ്ട് തുറക്കില്ലെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നയാള്‍ വിജയിക്കില്ലെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വാദം. ഒരു തവണ പാര്‍ലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടപ്പോള്‍ പലരും സുരേഷ്‌ഗോപിയെ പരിഹസിച്ചു. തോല്‍ക്കാനായി മത്സരിക്കുന്നയാൾ എന്ന് പരസ്യമായി പറഞ്ഞവരുണ്ട്. സുരേഷ്‌ഗോപി ബാങ്കില്‍ അക്കൗണ്ട് തുറക്കുമെന്നായിരുന്നു ഒരു നേതാവിന്റെ പരിഹാസം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം നെഞ്ചില്‍ കൈവച്ച് തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന് പറഞ്ഞപ്പോള്‍ ട്രോളുകളുടെ പെരുമഴ തന്നെയുണ്ടായി. എന്നാല്‍ ഒടുവില്‍ ആ വാക്ക് പാലിച്ചിരിക്കുന്നു അദ്ദേഹം. രണ്ട് തവണ പരാജയം ഏറ്റുവാങ്ങിയിട്ടും തളരാതെ ആ മണ്ഡലത്തില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ജനങ്ങളെ വിശ്വാസത്തിലെടുത്തു മുന്നോട്ട് പോവുകയും ചെയ്തു. അങ്ങനെ കേരള ചരിത്ത്രില്‍ ആദ്യമായി ഒരു പാര്‍ലമെന്റ് സീറ്റില്‍ താമര വിരിയുക എന്ന ചരിത്രനിയോഗത്തില്‍ അദ്ദേഹം വിജയം കണ്ടു. യഥാർഥത്തില്‍ സുരേഷ് ഗോപിയുടെ വിജയം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം നേട്ടമല്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്ക് കാര്യമായ വേരോട്ടമുളള മണ്ഡലവുമല്ല തൃശൂര്‍. സുരേഷ്‌ഗോപി എന്ന വ്യക്തിയുടെ മനസിനും നന്മയ്ക്കും ലഭിച്ച അംഗീകാരം തന്നെയാണിത്. വ്യക്തിപരമായ വോട്ടുകള്‍ കൊണ്ട് ജയിച്ചു കയറിയ അപൂര്‍വം സ്ഥാനാര്‍ഥികളില്‍ ഒരാള്‍.
സുരേഷ് ഗോപിയുടെ താരപരിവേഷവും ജനങ്ങള്‍ക്ക് അദ്ദേഹത്തോടുളള ആരാധനയും ഒരു കാരണമാണെങ്കില്‍ മറ്റൊരു കാരണം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനും എത്രയോ മുന്‍പ് കഷ്ടപ്പെടുന്നവനെ അറിഞ്ഞ് സഹായിക്കാനും അവന്റെ പ്രശ്‌നങ്ങളില്‍ ഇടപെടാനുമുളള ആ മനോഭാവമാണ്. വോട്ട് ബാങ്കുകളോ മറ്റേതെങ്കിലും തരത്തിലുളള പ്രതിച്ഛായാ നിര്‍മ്മിതിയോ മുന്‍നിര്‍ത്തി അദ്ദേഹം ആരെയും സഹായിക്കാറില്ല. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരൂതെന്നായിരുന്നു പ്രമാണം. സഹായം ലഭിച്ചവര്‍ പറഞ്ഞു കേട്ടാണ് പലതും പുറത്തറിഞ്ഞത്. മലയാളത്തിലെ ഒരു സീനിയര്‍ നടന് അവിചാരിതമായി അസുഖം പിടിപെടുന്നു. ചികിത്സയ്ക്കു വലിയ തുക ആവശ്യമുണ്ട്. അദ്ദേഹം സുരേഷ് ഗോപിയോട് സഹായം ചോദിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത് കൂടിയില്ല. ആരോ പറഞ്ഞു കേട്ട് വിവരമറിഞ്ഞ സുരേഷ്‌ഗോപി മുന്‍കൈ എടുത്ത് മറ്റൊരാള്‍ വശം പണമെത്തിച്ചു. ആ സഹായം ചെയ്തത് താനാണെന്ന് പിന്നീട് പരസ്പരം കണ്ടപ്പോള്‍ പോലും സുരേഷ് ഗോപി പറയുകയോ ഭാവിക്കുകയോ ചെയ്തില്ല. അസുഖവിവരങ്ങള്‍ മാത്രം അന്വേഷിച്ച് മടങ്ങി. ഈ മാന്യതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
പ്രതിസന്ധികള്‍ കടന്ന് വന്ന വിജയം
എന്നും വിജയിച്ചു നില്‍ക്കുന്ന ഒരാളായാണ് പൊതുസമൂഹം സുരേഷ് ഗോപിയെ കാണുന്നത് യഥാർഥത്തില്‍ അതായിരുന്നില്ല സത്യം. ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധി ഘട്ടങ്ങളും കടന്ന് വളര്‍ന്നാണ് അദ്ദേഹം ഇന്നു കാണുന്ന തലത്തിലെത്തിയത്. ഇംഗ്ലിഷ്‌സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയായ സുരേഷ് ഗോപി ഒരു ഐഎഎസ് ഓഫിസറായി കാണണമെന്നായിരുന്നു ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്ന അച്ഛന്‍ ഗോപിനാഥ പിളളയുടെ ആഗ്രഹം. എന്നാല്‍ നടനാവുക എന്നതായിരുന്നു സുരേഷിന്റെ ആഗ്രഹവും നിയോഗവും.
കേവലം ഏഴ് വയസ്സുളളപ്പോള്‍ ഒരു ബാലതാരമായി ‘ഓടയില്‍ നിന്ന്’ എന്ന സിനിമയില്‍ അഭിനയിച്ച സുരേഷ് ഗോപി 1986 ല്‍ നിറമുളള രാവുകള്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുളളത് അധികമാര്‍ക്കും അറിയില്ല. അതേ വര്‍ഷം തന്നെ സത്യന്‍ അന്തിക്കാടിന്റെ ടി.പി. ബാലഗോപാലന്‍ എംഎയിലും ഒരു ചെറുവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ഒരുപക്ഷെ സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യത്തെ മുഖ്യധാരാ സിനിമായാവും അത്. പിന്നീട് അനവധി സിനിമകളില്‍ അദ്ദേഹം ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഒന്നും വഴിത്തിരിവായില്ല. 1987ല്‍ മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ടിലെ വില്ലന്‍ വേഷമാണ് സുരേഷ് ഗോപി എന്ന നടനെ പ്രേക്ഷക ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. പിറ്റേ വര്‍ഷം ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയില്‍ നായകന്റെ സഹായിയായ ഹാരി എന്ന ഓഫിസറുടെ റോളില്‍ സുരേഷ് തിളങ്ങി.
സബ് ഇന്‍സ്‌പെക്ടര്‍ മിന്നല്‍ പ്രതാപനായി ഡെന്നീസ് ജോസഫിന്റെ മനു അങ്കിളില്‍ അഭിനയിച്ചെങ്കിലും സിനിമ പരാജയപ്പെട്ടതു കൊണ്ട് ഒരു നടന്‍ എന്ന നിലയില്‍ ഗുണം ചെയ്തില്ല. സുരേഷ് ഗോപിയുടെ ആദ്യത്തെ ഹാസ്യവേഷമായിരുന്നു അത്. 1990 ല്‍ പത്മരാജന്റെ ഇന്നലെ എന്ന സിനിമയില്‍ നായകതുല്യനായ നരേന്ദ്രന്റെ വേഷത്തില്‍ വന്ന സുരേഷ് ഗോപിയുടെ പക്വമായ അഭിനയം അദ്ദേഹത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. 89ല്‍ ഒരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവരുടെ കഥാപാത്രവും സുരേഷ് ഗോപിയുടെ താരമൂല്യം ഗണ്യമായി ഉയര്‍ത്തി.
ന്യൂഡല്‍ഹി, നായര്‍ സാബ്, ഇന്‍ ഹരിഹര്‍ നഗര്‍, തൂവല്‍സ്പര്‍ശം, ദൗത്യം, വർണം അടക്കം നിരവധി വിജയചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്‌തെങ്കിലും സുരേഷ് ഗോപിയുടെ കരിയര്‍ അതിന്റെ കൊടുമുടിയിലെത്തിയത് പിന്നെയും ഏറെ കാലത്തിന് ശേഷമാണ്. പപ്പയുടെ സ്വന്തം അപ്പൂസ്, എന്റെ സൂര്യപുത്രിക്ക് എന്നിങ്ങനെ വേറെയും വിജയചിത്രങ്ങളില്‍ മുഖ്യവേഷത്തിലെത്തിയിട്ടും അതൊന്നും സുരേഷിന്റെ കരിയര്‍ മാറ്റി മറിച്ചില്ല.
വഴിത്തിരിവായ ഏകലവ്യന്‍
1992ല്‍ രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ തലസ്ഥാനമാണ് സുരേഷ് ഗോപിക്ക് ഒരു നായക നടന്‍ എന്ന നിലയില്‍ സവിശേഷ ശ്രദ്ധ നേടിക്കൊടുത്തത്. ക്ഷുഭിതനായക വേഷങ്ങള്‍ മറ്റാരേക്കാള്‍ നന്നായി സുരേഷിന് ചെയ്യാന്‍ കഴിയുമെന്ന പ്രതീതി ജനിപ്പിച്ചു. അടുത്ത ചിത്രമായ ഏകലവ്യന്‍ പ്ലാന്‍ ചെയ്തപ്പോള്‍ നിര്‍മാതാക്കള്‍ ആദ്യം പരിഗണിച്ചത് മലയാളത്തിലെ ഒരു സൂപ്പര്‍താരത്തെയായിരുന്നു. അദ്ദേഹം നിരാകരിപ്പോള്‍ എന്തുകൊണ്ട് സുരേഷ് ഗോപിയെ പരിക്ഷിച്ചു കൂടാ എന്നായി രഞ്ജി പണിക്കരും ഷാജി കൈലാസും. അന്നേവരെ അത്രയും ഹെവി റോള്‍ ചെയ്തിട്ടില്ലാത്ത സുരേഷ് ഗോപി നായകനായി വന്നാല്‍ എങ്ങനെയിരിക്കും എന്ന ആശങ്കകള്‍ പടം തീയറ്ററില്‍ വന്നപ്പോള്‍ നിഷ്പ്രഭമായി. ഏകലവ്യന്‍ ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായെന്ന് മാത്രമല്ല സൂപ്പര്‍താര സിനിമകള്‍ക്ക് ലഭിക്കുന്ന കലക്‌ഷൻ ആ ചിത്രം നേടി. അടുത്തതായി രഞ്ജി-ഷാജി ടീം സുരേഷ് ഗോപിയെ വച്ച് തന്നെ കമ്മിഷണര്‍ പ്ലാന്‍ ചെയ്തു. ആ സിനിമയും തകര്‍പ്പന്‍ വിജയം നേടിയതോടെ സുരേഷ് ഗോപി എന്ന പേരില്‍ മൂന്നാമത് ഒരു സൂപ്പര്‍താരം കൂടി മലയാളത്തില്‍ ഉദയം കൊണ്ടു.
ഇതേ ടീമിന്റെ തന്നെ മാഫിയ എന്ന പടം കൂടി സൂപ്പര്‍ഹിറ്റായതോടെ സുരേഷ് ഗോപി അനിഷേധ്യനായ നടനും താരവുമായി. പിന്നീടങ്ങോട്ട് സുരേഷ് ഗോപിയുടെ കാലം പിറക്കുകയായിരുന്നു. കാശ്മീരം, ഹൈവേ തുടങ്ങി അനവധി സിനിമകള്‍. ആക്ഷന്‍ഹീറോ പരിവേഷത്തില്‍ തിളങ്ങി നിന്ന സുരേഷ് ഗോപി പെട്ടെന്ന് കലാമൂല്യമുളള സിനിമകളിലേക്ക് വഴിമാറി. ഫാസില്‍ സംവിധാനം ചെയ്ത കള്‍ട്ട് ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴില്‍ മോഹന്‍ലാലിനൊപ്പം തത്തുല്യമായ നായക വേഷത്തില്‍ സുരേഷ് ഗോപിയും അഭിനയിച്ചു. പടം വന്‍ഹിറ്റായെന്ന് മാത്രമല്ല രാജ്യമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു.
ജോഷിയുടെ ലേലത്തിലും പത്രത്തിലും കുറെക്കൂടി റിയലിസ്റ്റിക്കായ ആക്ഷന്‍ റോളുകളില്‍ ശോഭിച്ച സുരേഷ് ഗോപിയെ പിന്നീട് നാം കാണുന്നത് ജയരാജിന്റെ കളിയാട്ടത്തിലാണ്. മികച്ച നടനുളള ദേശീയ-സംസ്ഥാന പുരസ്‌കാരത്തോളം ആ സിനിമ അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചു. പിന്നീട് പ്രണയവര്‍ണങ്ങള്‍, ജനാധിപത്യം, ഗുരു എന്നിങ്ങനെ വിവിധ ജനുസിലുളള സിനിമകളില്‍ സുരേഷ് ഗോപി വന്നു. അതെല്ലാം തന്നെ പല തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
തിരിച്ചു വരവ്
രണ്ടായിരത്തില്‍ തെങ്കാശിപ്പട്ടണം എന്ന റാഫിമെക്കാര്‍ട്ടിന്‍ സിനിമയില്‍ ലാലിനും ദിലീപിനുമൊപ്പം നര്‍മ്മരസപ്രധാനമായ നായകവേഷത്തില്‍ മിന്നുന്ന സുരേഷ് ഗോപി പലര്‍ക്കും അത്ഭുതമായി. ക്ഷൂഭിതനായകന്‍ മാത്രമല്ല വേദനയും നിസഹായതയും പ്രണയവും നര്‍മ്മവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമയിലെ വേഷം നിരൂപക ശ്രദ്ധ പിടിച്ചു പറ്റി.
ഇടക്കാലത്ത് ചില സിനിമകള്‍ പ്രതീക്ഷിച്ചതു പോലെ വിജയമായില്ലെങ്കിലും അദ്ദേഹത്തെ സൂപ്പര്‍താരമാക്കി ഷാജി കൈലാസ് തന്നെ രക്ഷയ്‌ക്കെത്തി. 2006 ല്‍ പുറത്തു വന്ന ചിന്താമണി കൊലക്കേസ് വന്‍വിജയമായി. വീണ്ടും പഴയതു പോലെ മങ്ങിയും തെളിഞ്ഞും തിളങ്ങിയും ഇടകലര്‍ന്ന കരിയര്‍ അദ്ദേഹത്തെ തെല്ലൊന്ന് തളര്‍ത്തി.ഏതാനും നാളുകള്‍ അദ്ദേഹം തിരക്കുകള്‍ക്ക് അവധി കൊടുത്ത് ആത്മപരിശോധനയ്ക്കായി സമയം കണ്ടെത്തി. പല പടങ്ങളും പരാജയപ്പെട്ടത് നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കുറ്റം കൊണ്ടായിരുന്നില്ല. ദുര്‍ബലമായ തിരക്കഥകളും ആവിഷ്‌കാര രീതികളുമായിരുന്നു കാരണം.
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചു വരവ്. ഇക്കുറി ഒരു കുടുംബചിത്രമാണ് തുണച്ചത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് വന്‍ഹിറ്റായി. പിന്നാലെ ജോഷിയുടെ പാപ്പനും നിഥിന്‍ രഞ്ജിപണിക്കരുടെ കാവലും ഗരുഡനുമെല്ലാം വന്‍വിജയങ്ങളായി. രാഷ്ട്രീയ എതിരാളികള്‍ ശക്തമായ ഹേറ്റ് ക്യാമ്പയിന്‍ നടത്തിയിട്ട് പോലും അദ്ദേഹത്തിന്റെ താരപ്രഭാവത്തെ സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് സ്റ്റാഴ്‌സില്‍ ഒരാളായി അദ്ദേഹം തുടരുന്നു.
ഇതിനിടയിലായിരുന്നു രാജ്യസഭാംഗത്വവും പൊതുപ്രവര്‍ത്തനവുമെല്ലാം സംഭവിച്ചത്. രണ്ട് മേഖലകളെയും പരസ്പരം ബാധിക്കാത്ത വിധത്തില്‍ അതെല്ലാം അദ്ദേഹം സമര്‍ത്ഥമായി ബാലന്‍സ് ചെയ്തു കൊണ്ടു പോയി. ഭാഗ്യനിര്‍ഭാഗ്യങ്ങളാല്‍ സമ്മിശ്രമാണ് സുരേഷ് ഗോപിയുടെ കരിയറും ജീവിതവും. എങ്കിലും എന്നും ഭാഗ്യത്തിന്റെ തട്ടിന് തന്നെയായിരുന്നു മുന്‍തൂക്കം. പ്രിയ പുത്രി ലക്ഷ്മിയുടെ അപകടമരണം ഒരു ഘട്ടത്തില്‍ അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി. പക്ഷെ ഏതിനെയും അതിജീവിക്കാതെ മറ്റ് മാര്‍ഗമില്ലല്ലോ?
ഒരു ഘട്ടത്തില്‍ സിനിമയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ തന്റെ വളര്‍ച്ചയ്ക്ക് നിരന്തരം തടസങ്ങള്‍ സൃഷ്ടിക്കുന്നു എന്നു കണ്ടപ്പോള്‍ അദ്ദേഹം അസ്വസ്ഥനായെങ്കിലും എല്ലാവരോടും ക്ഷമിക്കാന്‍ ശീലിച്ചു. പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിച്ച നടന്‍ കടന്നു വന്നപ്പോള്‍ എണീറ്റു നിന്ന് ബഹുമാനിച്ചു. ആ നന്മയും ഗുരുത്വവും കൂടിയാണ് സുരേഷ് ഗോപിയെ ഇന്ന് കാണുന്ന തലത്തിലെത്തിച്ചത്.
എല്ലാവരെയും ഉള്‍ക്കൊളളുന്ന മനസ്
പലരും അദ്ദേഹത്തെ ഒരു പ്രത്യേക തരം രാഷ്ട്രീയത്തിന്റെ വക്താവായി ലേബല്‍ ചെയ്യുമ്പോഴും സുരേഷ് ഗോപി ഉളളില്‍ ചിരിക്കും. കാരണം യാത്രാമധ്യേ പളളികണ്ടാലും അമ്പലം കണ്ടാലും മോക്‌സ് കണ്ടാലും പുറത്തിറങ്ങി വന്ദിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. രാഷ്ട്രീയാഭിമുഖ്യവും അങ്ങനെ തന്നെ. കോളജ് പഠനകാലത്ത് എസ്എഫ്ഐ മെമ്പറായിരുന്ന അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തോടും ഇന്ദിരാഗാന്ധിയോടും ആഭിമുഖ്യം പുലര്‍ത്തി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി.എസ്.അച്യൂതാനന്ദന് വേണ്ടിയും പൊന്നാനിയില്‍ എം.പി.ഗംഗാധരന് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. അവിടെ കക്ഷിരാഷ്ട്രീയത്തിനപ്പുറം വ്യക്തിഗതമായ മികവുകളാണ് അദ്ദേഹം പരിഗണിച്ചത്.
ലീഡര്‍ കെ.കരുണാകരനോടും ഇ.കെ.നായനാരോടും ആത്മബന്ധം പുലര്‍ത്തിയിരുന്ന സുരേഷ് ഗോപിയോട് അവര്‍ക്കും കറകളഞ്ഞ വാത്സല്യമായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുളള ഓഫര്‍ മുന്‍പും പല സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ തേടിയെത്തിയതാണ്. പല കാരണങ്ങളാല്‍ അതൊന്നും യാഥാര്‍ഥ്യമായില്ല. പകരം നിലവിലുളള ബാനറില്‍ മത്സരിക്കാനായിരുന്നു നിയോഗം. അതാവട്ടെ ഒരു ചരിത്ര മുഹൂര്‍ത്തത്തിലേക്ക് അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിച്ചു. കേരളത്തില്‍ സാധിക്കില്ലെന്ന് പലരും എഴുതി തളളിയ ദൗത്യം 75,000 ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അദ്ദേഹം യാഥാര്‍ഥ്യമാക്കി. വാസ്തവത്തില്‍ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും മിന്നുന്ന വിജയം സുരേഷ് ഗോപിയുടേതാണ്.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ചേര്‍ന്ന പത്രസമ്മേളനത്തില്‍ തൃശൂര്‍ ഇങ്ങെടുത്തില്ലേ എന്ന മാധ്യമപ്രവര്‍ത്തകരൂടെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.
‘‘തൃശൂര്‍ ഞാനെടുത്തതല്ല. തൃശൂര്‍കാര്‍ എനിക്ക് സ്‌നേഹപൂര്‍വം തന്നതാണ്. ഞാനത് എന്റെ ഹൃദയത്തിലേക്ക് ചേര്‍ക്കുന്നു. ഇനി ഞാനത് എന്റെ തലയില്‍ വച്ച് കൊണ്ട് നടക്കും. പൊന്നു പോലെ സംരക്ഷിക്കും’’.
ഒരു നടന്‍, പൊതു പ്രവര്‍ത്തകന്‍ എന്നതിലുപരി സുരേഷ് ഗോപിയെ വ്യത്യസ്തനാക്കുന്നത് മറ്റൊരു ഘടകമാണ്. ഹൃദയാലുവാണ് ഈ മനുഷ്യന്‍. അന്യന്റെ ദുഖങ്ങള്‍ സ്വന്തം ദുഖമായി ഏറ്റെടുത്ത് അതിന് പരിഹാരം കണ്ടെത്താന്‍ ആരും പറയാതെ ഇറങ്ങി പുറപ്പെട്ട മനുഷ്യത്വത്തിന്റെ മുഖം. സുരേഷ് ഗോപി വിജയകിരീടം ചൂടുമ്പോള്‍ അത് ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയുടെ മാത്രം നേട്ടമല്ല. മലയാള സിനിമയ്ക്കും ഒപ്പം മനുഷ്യനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ലഭിക്കുന്ന അംഗീകാരമാണ്.