സർപ്രൈസ്; അമൽ നീരദ് ചിത്രത്തിൽ ചാക്കോച്ചനൊപ്പം ഫഹദും; ക്യാരക്ടർ ലുക്ക് പുറത്ത്
Mail This Article
കുഞ്ചാക്കോ ബോബനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസിലും. കുഞ്ചാക്കോ ബോബന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നതിനുപിന്നാലെയാണ് സർപ്രൈസ് ആയി ഫഹദിന്റെ ലുക്ക് പുറത്തുവിട്ടത്.
തോക്കുമായി രൂക്ഷഭാവത്തിൽ നിൽക്കുന്ന ഫഹദിനെ പോസ്റ്ററിൽ കാണാം. സമാനമായ ലുക്കിലുള്ള ചാക്കോച്ചന്റെ ലുക്കും നേരത്തെ റിലീസ് ചെയ്തിരുന്നു. തികഞ്ഞ സ്റ്റൈലിഷ് ആക്ഷൻചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് വിവരം. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്ന ചിത്രങ്ങൾക്കുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്.
ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്.
ഭീഷ്‍മ പര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.