പ്രേംജി അമരൻ ഇനി സിംഗിൾ അല്ല; വധു ഇന്ദു
Mail This Article
പ്രശസ്ത സംഗീത സംവിധായകനും നടനുമായ പ്രേംജി അമരൻ വിവാഹിതനായി. സുഹൃത്തായ ഇന്ദുവാണ് വധു. ഇളയരാജയുടെ സഹോദരനും പ്രശസ്ത ഗാനരചയിതാവുമായ ഗംഗൈ അമരന്റെ മകനാണ് പ്രേംജി. നാല്പത്തിയഞ്ചാം വയസിലാണ് താരം വിവാഹിതനാകുന്നത്.
തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വെങ്കട്ട് പ്രഭുവാണ് പ്രേംജിയുടെ സഹോദരൻ. പ്രേംജി വിവാഹിതനാകാൻ പോകുന്ന വിവരം ഏതാനും ദിവസങ്ങൾക്കു മുൻപ് വെങ്കട്ട് പ്രഭു അറിയിച്ചിരുന്നു.
'ഏറെക്കാലമായി കുടുംബത്തിന് സ്നേഹവും പിന്തുണയും നൽകുന്ന ആരാധകരും മാധ്യമസുഹൃത്തുക്കളും അറിയാൻ' എന്ന ആമുഖത്തോടെയാണ് വെങ്കട്ട് പ്രഭു പ്രേംജിയുടെ വിവാഹവാർത്ത പങ്കുവച്ചത്.
''ഒരുപാടു കാലത്തിനു ശേഷം ഞങ്ങളുടെ കുടുംബത്തിൽ ഒരു നല്ല കാര്യം നടക്കാൻ പോകുന്നു. 'കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?' 'ആരാണ് ഇപ്പോൾ സൊപ്പനസുന്ദരിയെ വെറുക്കുന്നത്?' കൂടാതെ, 'പ്രേംജി എപ്പോഴാണ് വിവാഹം കഴിക്കുന്നത്?' തുടങ്ങിയ ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമായി. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ, പ്രേംജി താൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ അമ്മയുടെ ആശീർവാദത്തോടെ വിവാഹം കഴിക്കും. ഏറെ കാത്തിരുന്ന ഈ വിവാഹം അടുത്ത ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ ലളിതമായി നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു,'' വെങ്കട്ട് പ്രഭു കുറിച്ചു.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് നടൻ എന്ന നിലയിൽ പ്രേംജി അമരൻ ശ്രദ്ധിക്കപ്പെടുന്നത്. വല്ലവൻ, തോഴാ, സന്തോഷ് സുബ്രഹ്മണ്യം, ചെന്നൈ 600028, സരോജ, ഗോവ, മങ്കാത്ത, മാസ് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ പ്രേംജി അഭിനയിച്ചിട്ടഉണ്ട്. നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ താരം മലയാളത്തിലുമെത്തി. തോഴാ, മാങ്കാ, സോംബി, കസഡ തപറാ, മന്മഥ ലീലൈ, പാർട്ടി തുടങ്ങിയ ചിത്രങ്ങളിൽ സംഗീതസംവിധായകനായി. വിജയ് നായകനാവുന്ന 'ഗോട്ട്' ആണ് പ്രേംജിയുടേതായി വരാനിരിക്കുന്ന ചിത്രം.