നടൻ അർജുൻ സർജയുടെ മകൾ ഐശ്വര്യ വിവാഹിതയായി
Mail This Article
നടിയും തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയാണ് വരൻ. ചെന്നൈയിൽ അർജുൻ പണി കഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരാകുന്നത്. ജൂൺ 14ന് ചെന്നൈയിൽ വച്ചാണ് വിവാഹ വിരുന്ന്. സമുദ്രക്കനി, നടൻ വിശാലിന്റെ അച്ഛനും അഭിനേതാവുമായ ജി.കെ റെഡ്ഢി, കെ.എസ് രവികുമാർ, വിജയകുമാർ എന്നിവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പമുള്ള ബാച്ച്ലർ പാർട്ടിയുടെ ചിത്രങ്ങൾ ഐശ്വര്യയുടെ സഹോദരി അഞ്ജന പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
2013ൽ ‘പട്ടത്ത് യാനൈ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നടൻ അർജുൻ സർജ സംവിധാനം ചെയ്ത 'പ്രേമ ബരാഹ' എന്ന ചിത്രത്തിലും ഐശ്വര്യയായിരുന്നു നായിക.
നടൻ തമ്പി രാമയ്യയുടെ മകനായ ഉമാപതി ‘അടഗപ്പട്ടത് മഗജനങ്ങളെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്