ADVERTISEMENT

കോസ്റ്റ്യൂം ഡിസൈനറുടെ പരാതിയിന്മേൽ വിവാദത്തിലകപ്പെട്ട സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കലാസംവിധായകനായ അനൂപ് ചാലിശ്ശേരിയാണ് രതീഷ് ബാലകൃഷ്ണൻ മറ്റൊരു കലാസംവിധായകനോട് നടത്തിയെന്നാരോപിക്കുന്ന അനീതിയെക്കുറിച്ച് തുറന്നു പറഞ്ഞത്. രതീഷിന്റെ മുൻ സിനിമയിലെ സെറ്റ് വർക്കുകൾ ഭൂരിഭാഗവും ചെയ്ത അജയ് മങ്ങാടിന്റെ പേര് ആ ചിത്രത്തിന്റെ ടൈറ്റിലിൽ കൊടുക്കാതിരുന്നെന്നും അതു മൂലം അദ്ദേഹത്തിന് അവാർഡ് നഷ്ടമായെന്നും അനൂപ് ആരോപിക്കുന്നു. മനോരമ ഓൺലൈനിൽ വന്ന ലിജിയുടെ അഭിമുഖം പങ്കുവച്ച് അനൂപ് സമൂഹമാധ്യമത്തിൽ കുറിച്ചത് ഇപ്രകാരമാണ്. 

‘‘പ്രിയ ലിജീ...

'ന്നാ താൻ കേസ് കൊടു'ത്തത് നന്നായി... നിങ്ങൾക്ക് നീതി ലഭിക്കട്ടെ... സത്യം എന്നായാലും പുറത്തുവരും. അവഗണിക്കപ്പെടുന്നവരുടെ കരച്ചിലുകൾ കാലഹരണപ്പെടുകയില്ല. അത് നിരന്തരം മുഴങ്ങിക്കൊണ്ടേയിരിക്കും. ഈ  ഉയിർത്തെഴുന്നേൽപ്പിൽ ഞാൻ താങ്കൾക്കൊപ്പമാണ്. പ്രിയ സംവിധായകർ....ശ്രദ്ധിക്കുമല്ലോ. ജെ.സി. ഡാനിയേൽ സാർ മുതൽ വളരെ പ്രഗൽഭരും പ്രശസ്തരുമായ നമ്മൾ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരുപാട് പേര് ഇരുന്നുവാണ ‘സംവിധായക കസേര’യിൽ ഒരു കടുകുമണിയോളം ചെറിയ ഭാഗമായാലും ചീഞ്ഞു നാറുന്നുവെങ്കിൽ ഒരു സംവിധായകൻ നാറ്റിക്കുന്നുവെങ്കിൽ  ആ ഭാഗം അവിടെയങ്ങു കൊത്തിക്കളഞ്ഞു ശുദ്ധീകരിക്കണം. അല്ലെങ്കിൽ  സിനിമ കാണുന്ന മൊത്തം  പ്രേക്ഷകർക്കും ഞങ്ങൾ ടെക്‌നീഷ്യൻമാർക്കുമൊക്കെ ടി കസേരയോട് തോന്നുന്ന വലിയ ആദരവും സ്നേഹവും കുറയും.

മലയാള സിനിമയെയും  ടെക്‌നീഷ്യൻസിനെയുമൊക്കെ മുൻപില്ലാത്തവിധം ലോകം മുഴുവൻ വാഴ്ത്തുന്ന കാലമാണ്. അപ്പൊ പിന്നെ ഇമ്മാതിരി പരിപാടികൾ കാണിച്ചാൽ...സോഷ്യൽ മീഡിയ മൊത്തം പരന്നാൽ. മ്മ്‌ടെ സിനിമാക്കാരുടെ പേരിന്  മൊത്തം ഇടിവല്ലേ സംവിധായകൻ സാർ...? ഒരു സിനിമയുടെ ഭാഗമായി നിന്ന് തന്റെ ചോരയും നീരും  ചിന്തകളും നൽകിയ ഒരു കോസ്റ്റ്യൂം ഡിസൈനറെ അങ്ങേയറ്റം മാനസികമായി പീഡിപ്പിക്കുക. വേലക്കാരിയെപ്പോലെ പെരുമാറുക. പേര് ക്രെഡിറ്റ് ലിസ്റ്റിൽ കൊടുക്കാതിരിക്കുക. അതേ സിനിമയുടെ നിർമാതാക്കൾ. സംവിധായകൻ ഒട്ടും സൗഹാർദ്ദപരമായി പെരുമാറിയില്ലെന്നു സമ്മതിക്കുക. ഇതെല്ലാം കൂടി എവിടേക്കാണ് പോകുന്നത് ? ഇത്തരം സംവിധായകരെ ഒരു തരത്തിലും. ഒരു ഭാഷയിലും അനുവദിക്കരുത്. ഇതേ സംവിധായകന്റെ കഴിഞ്ഞ സിനിമയിലെ കോടതിയടക്കമുള്ള  വലിയ  സെറ്റുകളടക്കം 95 ശതമാനവും സെറ്റ് വർക്ക് ചെയ്ത കലാസംവിധായകൻ അജയ് മാങ്ങാടിന്റെ പേര് ആ ചിത്രത്തിന്റെ ക്രെഡിറ്റ് കാർഡിൽ കൊടുത്തില്ല. ബാക്കിയുള്ള 5 ശതമാനം മാത്രം സെറ്റ് വർക്ക്  ചെയ്‍ത വേറൊരു കലാസംവിധായകന് അതേ വർഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാനഅവാർഡും  കിട്ടി.‍

അങ്ങനെ അജയ് മാങ്ങാട് എന്ന  കലാസംവിധായകൻ പരിഹസിക്കപ്പെട്ടു. ആരോപണങ്ങളാൽ തളയ്ക്കപ്പെട്ടു. അയാൾ പ്രതിഷേധിച്ചില്ല...കോടതിയിൽ പോയില്ല...സോഷ്യൽ മീഡിയയിൽ നിരന്തരം തള്ളി മറിച്ചില്ല. പൊള്ളുന്ന അവഗണന ഇത്രയും കാലം നെഞ്ചിലേറ്റി. കാലം മാറി. അവഗണന  മാറിയില്ല  ഇതാ  മറ്റൊരാൾ കൂടി ഇരയായിരിക്കുന്നു. ജനത്തിന് ഇത് വല്ലതുമറിയാവോ..? സംവിധായകാ....നിങ്ങൾ  ഒന്ന് ചുണ്ടനക്കിയിരുന്നെകിൽ... ഇത്തിരി മനുഷ്യത്വം കാണിച്ചിരുന്നെങ്കിൽ ആ കലാകാരന്റെ അർഹതക്കുള്ള അംഗീകാരം നഷ്ടമാകുമായിരുന്നില്ല. പേരോ പെരുമയോ വേണ്ട... ഒരിത്തിരി മര്യാദ... സഹജീവികളോട് കരുണ  അൽപ്പം സൗഹാർദ്ദം...അതല്ലേ വേണ്ടത്. 

ഒരു സിനിമ എന്നത്  കൂട്ടായ പ്രവർത്തനങ്ങളാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരാളും ആരുടേയും അടിമയല്ല.  പ്രിയ ലോഹിതദാസ് സാറിന്റെ വാക്കുകളാണ്. ഓർമ്മ വരുന്നത്...."കലയും സഹൃദയത്വവുമുണ്ടെങ്കിലേ മനുഷ്യത്വണ്ടാവൂ... തീവ്രമായ മനുഷ്യത്വണ്ടെങ്കിലോ കലാകാരനായി...ആ മനസ്സ് നഷ്ടമാവരുത്.’’

English Summary:

New Allegations Emerge: Art Director Expose Director Ratheesh Balakrishna's Injustices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com