ഈ വെള്ളത്താടി പത്മനാഭസ്വാമി സിനിമയ്ക്കു വേണ്ടി: വെളിപ്പെടുത്തി സുരേഷ് ഗോപി
Mail This Article
വെള്ളത്താടിയുടെ രഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപി. കണ്ണൂരിൽ എഴുത്തുകാരൻ ടി.പത്മനാഭനെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു വെള്ളത്താടിക്കു പിന്നിലെ സിനിമാക്കഥ താരം പങ്കുവച്ചത്. ‘ഈ വെള്ളത്താടിയുടെ എന്താണെന്ന്’ കഥാകൃത്ത് ടി.പത്മനാഭൻ ചോദിച്ചപ്പോൾ ചെറുപുഞ്ചിരിയോടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആ സിനിമാക്കഥ വെളിപ്പെടുത്തി.
‘പത്മനാഭസ്വാമിക്കു വേണ്ടിയുള്ള താടിയാണ്. ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയിൽ പത്മനാഭസ്വാമിയുടെ വേഷമാണ്’, സുരേഷ് ഗോപി പറഞ്ഞു. ‘സിനിമയ്ക്കാണെങ്കിൽ താടി ഫിക്സ് ചെയ്താൽ പോരേ’ എന്നായി പത്മനാഭൻ. ‘അതു ശരിയാവില്ല. പത്മനാഭസ്വാമിയുടെ വേഷമാണ്. ഒറിജിനൽ തന്നെ വേണം’ എന്നു സുരേഷ് ഗോപി.
കേന്ദ്രമന്ത്രിയായ ശേഷം കണ്ണൂരിൽ സന്ദർശനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. ഉച്ചയോടെയാണ് പത്മനാഭന്റെ വീട്ടിലെത്തിയത്. മഹാകവി വള്ളത്തോളിന്റെ കവിത ചൊല്ലി പത്മനാഭൻ സുരേഷ് ഗോപിയെ സ്വീകരിച്ചു. തുടർന്ന്, സിനിമയും രാഷ്ട്രീയവും മന്ത്രിപദവുമെല്ലാം കടന്നു ചർച്ച. കൂടെ പത്മനാഭന്റെ സന്തത സഹചാരി രാമചന്ദ്രനുമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് സമയം മുതൽ പ്രത്യേകരീതിയിൽ സെറ്റ് ചെയ്ത വെള്ളത്താടിയിലായിരുന്നു സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്. തൃശൂരിൽ നിന്ന് ഗംഭീര വിജയം നേടി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ഈ ലുക്കിലായിരുന്നു. പ്രേക്ഷകർ ആവേശപൂർവം കാത്തിരിക്കുന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഈ ലുക്ക് എന്ന് അധികമാരും അറിഞ്ഞിരുന്നില്ല. സഹമന്ത്രിയായി ചുമതലയേറ്റെങ്കിലും മുൻപു തീരുമാനിച്ചിരുന്ന സിനിമകൾ പൂർത്തിയാക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. അടുത്ത മാസം ആദ്യവാരം സുരേഷ് ഗോപി ഷൂട്ടിങ്ങിനെത്തുമെന്നാണ് വിവരം.