‘ലാ സിനിമാ റിനയസൻസ്’ തിയറ്ററിൽ '2018 എവരിവൺ ഈസ് എ ഹീറോ' പ്രദർശിപ്പിച്ചു; സന്തോഷം അറിയിച്ച് ജൂഡ്
Mail This Article
ഫ്രാൻസിലെ സെന്റ് ട്രോപ്പെ ഐലൻഡിൽ നടന്ന നിർവാണ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത സന്തോഷം പങ്കുവച്ച് സംവിധായകൻ ജൂഡ് ആന്റണി. ഏറെ പ്രശസ്തമായ ‘ലാ സിനിമാ റിനയസൻസ്’ തിയറ്ററിൽ നടക്കുന്ന ചലച്ചിത്രമേളയിൽ '2018 എവരിവൺ ഈസ് എ ഹീറോ' പ്രദർശിപ്പിച്ചു. ഫ്രാൻസിലെ സിനിമാസ്വാദകർക്ക് മുന്നിൽ സിനിമ പ്രദർശിപ്പിക്കാനും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാനും കഴിഞ്ഞതിൽ ഒരു ഇന്ത്യാക്കരനെന്ന നിലയിൽ അഭിമാനമുണ്ടെന്ന് ജൂഡ് ആന്റണി മനോരമ ഓൺലൈനോടു പറഞ്ഞു. സെന്റ് ട്രോപ്പെ ഐലൻഡിലെ മേയറും ഡെപ്യൂട്ടി മേയറുമാണ് നിർവാണ ഫിലിം ഫെസ്റ്റിവലിന് നേതൃത്വം നൽകുന്നത്.
‘‘അശുതോഷ് ഗോവാരിക്കർ, ലീന യാദവ്, അസീം ബജാജ് തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം നിർവാണ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഫ്രാൻസിലെ സെന്റ് ട്രോപ്പെ ഐലൻഡിൽ എത്തിയതിൽ അഭിമാനം തോന്നുന്നു. സെന്റ് ട്രോപ്പസിലെ ഡെപ്യൂട്ടി മേയർ ഭുവൻലാൽ ഫ്രെഡറിക്ക് നന്ദി. '2018-എവെരിവൺ ഈസ് എ ഹീറോ' ഫ്രാൻസിലെ ഏറ്റവും പഴയ തിയറ്ററുകളിലൊന്നായ ലാ സിനിമാ റിനയസെൻസിൽ പ്രദർശിപ്പിച്ചു. ഫ്രാൻസിലെ മനോഹരമായ ജനതയിൽ നിന്ന് ഒരു മലയാള സിനിമയ്ക്കു കിട്ടിയ കയ്യടികൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് രോമാഞ്ചം തന്ന നിമിഷമാണ്. സിനിമ ഒരു മാജിക്കാണ്," ജൂഡ് പറയുന്നു.
‘‘നിർവാണ ഫിലിം ഫെസ്റ്റിവൽ സെന്റ് ട്രോപ്പെ ഐലൻഡിൽ കഴിഞ്ഞ വർഷമാണ് തുടങ്ങിയത്. 1912ൽ തുടങ്ങിയ ‘ലാ സിനിമാ റിനയസൻസ്’ എന്ന തിയറ്ററിലാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്. ഐലൻഡിലെ മേയറും ഡെപ്യൂട്ടി മേയറും ചേർന്നാണ് ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ഭുവൻലാൽ ഫ്രെഡറിക്ക് എന്ന ഡെപ്യൂട്ടി മേയറിന് ഇന്ത്യയുമായി ബന്ധമുള്ള ആളാണ്. പണ്ട് ജനറൽ അലാർഡ് എന്ന ഒരു ഫ്രഞ്ച് ജനറൽ ഉണ്ടായിരുന്നു. അദ്ദേഹം ഇന്ത്യയിലെ ഒരു രാജാവിന്റെ അടുത്ത ആളായിരുന്നു. ആ സമയത്ത് അദ്ദേഹം ഒരു ഇന്ത്യക്കാരിയെ പ്രണയിച്ചു വിവാഹം കഴിച്ച് അവിടെ കൊണ്ടുപോയി ഒരു വീടൊക്കെ പണിതു കൊടുത്തിട്ടുണ്ട്. പിന്നീട്, അദ്ദേഹം യുദ്ധത്തിന് പോയി അവിടെ മരിച്ചു. അതിനു ശേഷം നാൽപ്പതു വർഷത്തോളം ഈ സ്ത്രീ അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നു എന്നാണ് കഥ.
ആ സ്ത്രീയുടെ പിൻതലമുറക്കാരനാണ് ഇപ്പോഴത്തെ ഡെപ്യൂട്ടി മേയർ. അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ പോയിരുന്നു. നമ്മുടെ കേരളത്തിലെ പോലെ തന്നെ വലിയ സ്നേഹവും കുടുംബ ബന്ധങ്ങൾക്ക് വിലകൽപിക്കുന്ന ആളുകളുമാണ് ഇവിടെയുള്ളത്. ഒരു ഫ്രഞ്ച് ഐലൻഡിൽ ഇന്ത്യൻ രാജാവിന്റെ പ്രതിമ ഉണ്ട് എന്നതാണ് ഇവിടുത്തെ ഒരു പ്രത്യേകത. അവർക്ക് ഇന്ത്യയോട് വലിയ താല്പര്യമാണ്. ഇന്ത്യയിൽ വരണമെന്നും ഇന്ത്യൻ സിനിമാപ്രവർത്തകരുമായി ഒത്തുചേർന്ന് വർക്ക് ചെയ്യണമെന്നും താല്പര്യമുണ്ട്. കാൻ ചലച്ചിത്രമേള നടക്കുന്നിടത്ത് നിന്ന് രണ്ടുമണിക്കൂർ യാത്ര ചെയ്യണം ഇവിടേക്ക്,’’. ജൂഡ് ആന്റണി പറഞ്ഞു.