ബന്ധുവിന് വിവാഹ സമ്മാനമായി ആഡംബര ഭവനം നല്‍കി കങ്കണ
Mail This Article
ബന്ധുവിന് വിവാഹ സമ്മാനമായി ആഡംബര ഭവനം നല്‍കി നടിയും ബിജെപി എംപിയുമായി കങ്കണ റണൗട്ട്. കഴിഞ്ഞ ദിവസമാണ് കങ്കണയുടെ അടുത്ത ബന്ധുവായ വരുണ്‍ റണൗട്ടിന്‍റെ വിവാഹം കഴിഞ്ഞത്. ഛണ്ഡിഗഡിലാണ് സഹോദരന് സ്വന്തമായൊരു ഭവനം നടി സമ്മാനിച്ചത്. കങ്കണയ്ക്കു നന്ദി പറഞ്ഞ് വീടിന്റെ ചിത്രങ്ങൾ വരുണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. കങ്കണ സമ്മാനിച്ച വീട്ടില്‍ വധുവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് വരുണ്‍ പങ്കുവച്ചത്.
‘നമ്മുടെ കയ്യിലുള്ളത് എത്ര ചെറുതാണെങ്കിലും അത് പങ്കുവയ്ക്കണം എന്നാണ് ഗുരുനാനാക്ക് ദേവ്ജി പറഞ്ഞിട്ടുള്ളത്. നമ്മുടെ പക്കലുള്ളത് പര്യാപ്തമല്ലെന്ന് എപ്പോഴും തോന്നാം, എങ്കിലും അത് പങ്കുവക്കണം എന്നാണ് അദ്ദേഹം പറയാറുള്ളത്. അതിലും വലിയ സന്തോഷം മറ്റൊന്നിലും ഇല്ലെന്ന് തോന്നുന്നു. നിങ്ങള്‍ക്കുള്ളത് എല്ലായ്പ്പോഴും എനിക്കും പകുത്തുനല്‍കിയതിന് നന്ദി’’.–വരുണിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് കങ്കണ പ്രതികരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ കങ്കണ റണൗട്ട് വിജയിച്ചിരുന്നു. 74,755 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കോൺഗ്രസിലെ വിക്രമാദിത്യ സിങിനെ തോൽപിച്ചായിരുന്നു കങ്കണയുടെ ലോക്‌സഭാ പ്രവേശം. ഇന്ദിര ഗാന്ധിയുടെ കഥ പറയുന്ന എമര്‍ജെന്‍സി ആണ് കങ്കണയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ.