ADVERTISEMENT

‘വര്‍ഷങ്ങൾക്കു ശേഷം’ പോലുള്ള ഇമോഷനൽ ഡ്രാമ സിനിമകൾ ഒടിടിയിൽ കണ്ടാൽ തീർച്ചയായും ബോറടിക്കുമെന്ന് ധ്യാൻ ശ്രീനിവാസൻ. ‘‘ഇമോഷനൽ ഡ്രാമ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാൻ പറ്റില്ല. അത്തരം സിനിമകൾക്കു ലാഗ് സംഭവിക്കും. പ്രേക്ഷകന് ബോറടിക്കും. ഈ സിനിമയ്ക്കും ലാഗ് ഉണ്ട്,’’ ധ്യാൻ പറയുന്നു. സിനിമയിലെ പ്രണവ് മോഹൻലാലിന്റെ മേക്കപ്പിന്റെ കാര്യത്തിലും തനിക്ക് ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നുവെന്ന് താരം തുറന്നു പറഞ്ഞു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘‘ഷൂട്ട് ചെയ്യുന്ന സമയം മുതലെ ചില ഭാഗങ്ങൾ കാണുമ്പോൾ ഇത് ക്രിഞ്ച് അല്ലേ, ക്ലീഷേ അല്ലെ എന്നു പറഞ്ഞു പോയിട്ടുണ്ട്. ഒടിടിയിൽ സിനിമ കണ്ട് പ്രേക്ഷകർ പറയുന്നത് കൃത്യമായ കാര്യങ്ങളാണ്. ഇതൊക്കെ നമുക്ക് മുൻപെ തോന്നിയ കാര്യങ്ങളാണെന്നതാണ് വാസ്തവം. ചേട്ടൻ ഇതിലൂടെ ഉപയോഗിക്കുന്നത് എന്തു സ്ട്രാറ്റജി ആണെന്നോ തിരക്കഥാ വൈദഗ്ധ്യമാണോ എന്നറിയില്ല, അദ്ദേഹം അത് മനഃപൂർവം ഉൾപ്പെടുത്തുന്നതാണ്.

ഉദാഹരണത്തിന് സിനിമയുടെ അവസാന ഭാഗത്ത് ചേട്ടൻ ഡ്രൈവറായി വരുന്നുണ്ട്. ഇതിൽ വേറൊരാളെ ഡ്രൈവറുടെ വേഷത്തിൽ വയ്ക്കണമെന്ന് തുടക്കം മുതൽ ഞാൻ ചേട്ടനോടു പറഞ്ഞിരുന്നു. പുള്ളി എഴുതിയ കഥ, ഞാനും ചേട്ടനും അഭിനയിക്കുന്നു. ചിലപ്പോൾ വേറൊരാളെ വച്ചിരുന്നെങ്കിൽ അവിടെയും ആ ക്ലീഷേ വരില്ലായിരുന്നു. എന്നാൽ ഞങ്ങളൊരുമിച്ചൊരു കോംബോ വേണമെന്നത് വിശാഖിന് (വിശാഖ് സുബ്രഹ്മണ്യം) നിർബന്ധമായിരുന്നു. ചേട്ടന് ആ റോൾ ചെയ്യാൻ ഒരു താൽപര്യവുമില്ലായിരുന്നു.

പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തിൽ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു ചോദിച്ചിരുന്നു. എന്നാൽ ചേട്ടന് അത് ഓക്കെ ആയിരുന്നു. എനിക്കും അജുവിനും ഈ ലുക്കിൽ ആ കഥാപാത്രം ഓക്കെ ആണോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ആത്യന്തികമായി അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്.

എന്റെ ലുക്ക് ചെയ്തു വന്നപ്പോഴും പല സംശയങ്ങളും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ അച്ഛനും ലാൽ അങ്കിളുമാണ് സെക്കൻഡ് ഹാഫിലെ ഈ കഥാപാത്രങ്ങൾ ചെയ്യാനിരുന്നത്. അങ്ങനെ ലാൽ അങ്കിൾ ഡേറ്റും കൊടുത്തതാണ്. ആ സമയത്ത് അച്ഛന് വയ്യാതായതോടെ ഈ പ്ലാൻ മാറ്റി. അന്ന് കഥയിൽ ഉൾപ്പടെ മാറ്റങ്ങൾ വന്നു. എന്നിരുന്നാലും ഫസ്റ്റ് ഹാഫിൽ ചെറിയ ലാഗും ക്രിഞ്ചും ഒക്കെ ഉണ്ട്. സ്ഥിരം വിനീത് ശ്രീനിവാസൻ സിനിമകളിൽ കാണുന്ന എല്ലാ ക്രിഞ്ചും ക്ലീഷേയും ഉള്ള ഫോർമുല സിനിമയാണിത്.

ചില സിറ്റുവേഷനൊക്കെ കാണുമ്പോൾ ഇത് ക്ലീഷേ അല്ലേ എന്നു തോന്നും. തിയറ്ററിലും ചെറിയ രീതിയിൽ എനിക്കു ബോറടിച്ചിരുന്നു. ഇതൊരു വലിയ സിനിമയാണെന്ന അവകാശവാദമൊന്നുമില്ലായിരുന്നു. പക്ഷേ പ്രേക്ഷകരുടെ കണ്ണിൽ പൊടിയിട്ടും, മ്യൂസിക്കും പരിപാടിയുമൊക്കെയായി അദ്ദേഹം അത് വിജയിപ്പിച്ചെടുക്കും. സിനിമയുടെ കാര്യത്തിൽ ഓരോ ആളുകളുടെയും കാഴ്ചപ്പാട് വ്യത്യാസപ്പെട്ടിരിക്കും. തിയറ്ററിൽ വന്നപ്പോൾ ഇത്രയേറെ വിമർശനങ്ങൾ സിനിമയ്ക്കു ലഭിച്ചില്ല.

ഇമോഷനൽ ഡ്രാമ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാൻ പറ്റില്ല. അത്തരം സിനിമകൾക്ക് ലാഗ് സംഭവിക്കും, പ്രേക്ഷകന് ബോറടിക്കും. ഈ സിനിമയ്ക്കും ലാഗ് ഉണ്ട്. ഇതെന്താ തീരാത്തത് എന്നു തോന്നും. ഈ സിനിമ തിയറ്ററിൽ റിലീസ് ചെയ്ത് രണ്ടാം വാരം കഴിഞ്ഞപ്പോഴെ സിനിമയുടെ രണ്ടാം ഭാഗത്ത് പാളിച്ചകൾ ഉണ്ടായിരുന്നുവെന്ന് ഞാൻ തന്നെ തുറന്നു പറഞ്ഞിരുന്നു.

ആ സമയത്ത് ഫെസ്റ്റിവൽ ആണ്. 'ആവേശം' അടിക്കുമെന്ന് ഉറപ്പാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞു പിടിച്ചു നിൽക്കണ്ടേ. നിന്റെ തള്ളു കേട്ടിട്ടല്ലെ ഞങ്ങൾ തിയറ്ററിൽ പോയതെന്നു പറഞ്ഞ് കുറേ തെറി ഞാൻ കേട്ടു. സിനിമയെ ഞാൻ ഒരു തരത്തിലും തള്ളിയിട്ടില്ല. സിനിമ നല്ലതാണെന്നോ ഗംഭീരമാണെന്നോ ഞാൻ പറഞ്ഞിട്ടില്ല. എല്ലാ ക്രിഞ്ചും ക്ലീഷേയും അടങ്ങുന്ന വിനീത് ശ്രീനിവാസൻ സിനിമയെന്നാണ് എല്ലാ അഭിമുഖങ്ങളിലും ഞാൻ പറഞ്ഞത്. വിമർശനങ്ങളെ സ്വീകരിച്ചെ പറ്റൂ. നമ്മൾ എല്ലാവർക്കും വേണ്ടിയാണ് സിനിമ ചെയ്യുന്നത്. അടുത്ത സിനിമകളിൽ ഇതൊക്കെ മാറ്റാൻ സാധിച്ചെങ്കിൽ നല്ലത്. അടുത്തത് ചേട്ടൻ ചെയ്യാൻ പോകുന്നത് ആക്‌ഷൻ സിനിമയാണ്. അതില്‍ ഈ ക്രിഞ്ചും ക്ലീഷേയും കാണില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഡ്രാമ, ഇമോഷൻ, റൊമാൻസ് പരിപാടികളിൽ സ്വാഭാവികമായി കയറിവരുന്നൊരു ക്രിഞ്ചും ക്ലീഷേയും ഉണ്ട്. പക്ഷേ അത് പുള്ളിയുടെ സിനിമകളിൽ കുറച്ച് കൂട്ടും. 'ന്യാപകം' എന്ന പാട്ട് ഈ സിനിമയിൽ റിപ്പീറ്റടിച്ച് ചേട്ടൻ ഉപയോഗിച്ചിട്ടുണ്ട്. അത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. ആ പാട്ടിനെ കളിയാക്കുന്നവരുണ്ട്. സത്യത്തിൽ എനിക്ക് ആ പാട്ട് ഇഷ്ടമായിരുന്നു. പക്ഷേ അത് റിപീറ്റ് അടിച്ച് കേൾപ്പിച്ചാൽ വെറുത്തുപോകും. അതുപോലെയുള്ള എല്ലാ വിമർശങ്ങളെയും നമ്മൾ സ്വീകരിക്കുക,’’ ധ്യാൻ ശ്രീനിവാസൻ പറയുന്നു.

English Summary:

Dhyan Sreenivasan About Varshangalkku Shesham Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com