ADVERTISEMENT

‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ നടക്കുന്നത് കടുത്ത മത്സരം. സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ മത്സരരംഗത്തുണ്ടെങ്കിലും പൊതുസമ്മതനായ വ്യക്തിയെന്ന നിലയിൽ സിദ്ദീഖിന് തന്നെയാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. സൂപ്പർതാരങ്ങൾക്കും, യുവാക്കൾക്കും, സ്ത്രീകൾക്കുമൊക്കെ സിദ്ദീഖ് സ്വീകാര്യനാണെന്നത് അദ്ദേഹത്തിന് അനായാസ മുന്നേറ്റം നേടിക്കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്. 

‘അമ്മ’യുടെ ആദ്യ കാലം മുതലുള്ള അംഗങ്ങളിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന അപൂർവം ആളുകളിലൊരാളാണ് സിദ്ദീഖ്. സിനിമയിൽ സജീവമാണെന്നു മാത്രമല്ല എല്ലാ പ്രായത്തിലും തലമുറയിലും പെട്ട ആളുകൾക്കൊപ്പവും ജോലി ചെയ്യുന്ന അദ്ദേഹം അവരുമായൊക്കെ ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്നു. സംഘടനയിലും പുറത്തും പല പ്രതിസന്ധിഘട്ടങ്ങളിലും കാര്യങ്ങൾ പറഞ്ഞ് ഒത്തുതീർപ്പാക്കാൻ സിദ്ദീഖിനെയാണ് അവസാനം ആശ്രയിക്കുന്നത്. നയതന്ത്രപരമായ സമീപനത്തോടെ പല പ്രശ്നങ്ങളും അദ്ദേഹം ഇരുചെവിയറിയാതെ പരിഹരിക്കാറുമുണ്ട്. ഇതൊക്കെ മത്സരരംഗത്തും അദ്ദേഹത്തിന് മുൻതൂക്കം നേടിക്കൊടുക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ ഭരണസമിതിയിൽ ട്രഷറർ പദവിയിൽ ഇരുന്ന ആളാണ് സിദ്ദീഖ്. കഴിഞ്ഞ മൂന്ന് ടേമിലും ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് ‘അമ്മ’യിൽ മത്സരത്തിന് കളമൊരുങ്ങിയത്.

അതേസമയം പ്രസിഡന്റ് പദവിയിൽ മോഹൻലാൽ തുടരും. പ്രസിഡന്റ് പദവിയിൽ മോഹൻലാലിന്റെ മൂന്നാമൂഴമാണ് ഇത്. ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ നടൻ ഉണ്ണി മുകുന്ദൻ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു താരം. ജഗദീഷ്, ജയൻ ആർ (ജയൻ ചേർത്തല), മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയിൻ സെക്രട്ടറി സ്ഥാനത്തേക്കുമാണ് മത്സരിക്കുന്നത്. 

പതിനൊന്ന് അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരും നാമനിർദേശപത്രിക നൽകി. പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ നാമനിർദേശപത്രിക നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. മറ്റ് അംഗങ്ങളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു തീരുമാനം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. തുടർന്നാണ് മോഹൻലാലിന് പ്രസിഡന്റ് പദവിയിൽ മൂന്നാമൂഴം ലഭിച്ചത്.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ‘അമ്മ’യുടെ നിയമാവലി പ്രകാരം 17 അംഗ ഭരണസമിതിയിൽ നാലു വനിതകൾ വേണമെന്നുണ്ട്.  ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ രണ്ടു വനിതകൾ മത്സരിക്കുന്നതിനാൽ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യത്തിന്റെ എണ്ണം നിശ്ചയിക്കുന്നത് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അതിനാൽ, ഭാരവാഹികളുടെ വോട്ടെണ്ണലാണ് ആദ്യം നടത്തുക.

കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോൻ, മണിയൻ പിള്ള രാജു, ലെന, ലാൽ, വിജയ് ബാബു, സുധീർ, ജയസൂര്യ എന്നിവർ ഇത്തവണ മത്സരരംഗത്തില്ല. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്.

English Summary:

Amma General Secretary Race Heats Up: Siddique Leads Amid Tough Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com