ഇവർക്കെന്തിനാണ് പത്ത് ലക്ഷം: വിഷമദ്യ ദുരന്തത്തിൽ സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി
Mail This Article
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി ശങ്കർ. സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ച ആളുകൾക്ക് എന്തിനാണ് ധന സഹായം നൽകുന്നതെന്ന് നടി ചോദിക്കുന്നു.
‘‘10 ലക്ഷം രൂപ. ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ ആണോ ഈ തുക നല്‍കുന്നത്, അല്ല. തന്‍റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്കാണ്. ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍. ദയവായി കുടിക്കരുത്. ആസക്തി ജീവിതത്തിൽ മാത്രമല്ല, മരണത്തിലും മാന്യത കവർന്നെടുക്കുന്നു.’’ എന്നാണ് കള്ളക്കുറിച്ചി എന്ന ഹാഷ് ടാഗിനൊപ്പം കസ്തൂരി ചോദിക്കുന്നത്.
അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. 90ൽ അധികം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റ് മന്ത്രിമാരും സന്ദര്‍ശിച്ചിരുന്നു. മരിച്ചവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
ദുരന്തത്തിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ വിഷമദ്യ ദുരന്തത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.